ജൈവകൃഷി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജൈവകൃഷി

കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ലോകമെന്പാടും സ്വീകരിച്ച നടപടികളില്‍ പ്രധാനപ്പെട്ടവ അത്യുല്പാദനശേഷിയുള്ള വിള ഇനങ്ങളുടെ ഉപയോഗവും ഉയര്‍ന്ന തോതിലുള്ള രാസവള പ്രയോഗവും ആണ്. സുസ്ഥിരമായ ഉത്പാദനത്തിന് ഉതകും വിധം മണ്ണിന്‍റെ ഫലപുഷ്ടി നിലനിര്‍ത്തുന്നതിന് രാസവളങ്ങളുടെ ഉപയോഗം അനിവാര്യമായിരുന്നു. തെറ്റായ കൃഷി രീതികളും കര്‍ഷകര്‍ വ്യാപകമായി രാസവളങ്ങളും രാസസസ്യസംരക്ഷണ വസ്തുക്കളും ഉപയോഗിച്ചു തുടങ്ങിതോടെ മണ്ണിന്‍റെ ആരോഗ്യം ക്ഷയിക്കുകയും വിവിധ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ഇതിന് പ്രതിവിധിയായി രാസവളങ്ങളുടെയും സസ്യസംരക്ഷണ വസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കി വീണ്ടും ഉപയോഗിക്കാവുന്ന ജൈവവസ്തുക്കളിലൂടെ പ്രകൃതിയോടിണങ്ങി ചേര്‍ന്ന സുസ്ഥിരകൃഷി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍ദ്ദേശിക്കപ്പെട്ട ഒരു കൃഷിരീതിയാണ് ജൈവകൃഷി.

ചകിരിയില്‍നിന്ന് ചകിരി നാര് ഉണ്ടാക്കുമ്പോള്‍ ലഭിക്കുന്ന അവശിഷ്ടമായ ചകിരിച്ചോര്‍ നല്ല കമ്പോസ്റ്റ് വളമാക്കാമെന്ന് അധികമാരും ഓര്‍ക്കാറില്ല. അഥവാ അതിന് മെനക്കെടാറില്ല. ഒരു കി.ഗ്രാം ചികിരിനാര് ഉണ്ടാവുമ്പോള്‍ രണ്ടു കി.ഗ്രാം ചികിരിച്ചോറ് ഉണ്ടാവുന്നു. ഭാരംകുറഞ്ഞ, കാറ്റില്‍ പറക്കുന്ന ഈ അവശിഷ്ടം ധാരാളം ഈര്‍പ്പം വലിച്ചെടുക്കുന്നതും നിക്ഷേപിക്കാന്‍ ധാരാളം സ്ഥലം ആവശ്യമുള്ളതുമാണ്. കേരളത്തിലെ ചകിരിവ്യവസായ കേന്ദ്രങ്ങളില്‍ അടിഞ്ഞുകൂടുന്ന ചികിരിച്ചോര്‍ പരിസ്ഥിതിക്കുതന്നെ പ്രയാസങ്ങള്‍ ഉളവാക്കുന്നു.

അടുക്കള നമുക്കിന്ന് പാചകപ്പുര മാത്രമാണ്. ഭക്ഷണം പാകംചെയ്യാനും ഒരുക്കാനും സൂക്ഷിക്കാനുമെല്ലാമുള്ള ഒരിടം. ഇതിനപ്പുറം ചില വലിയ ധര്‍മ്മങ്ങള്‍കൂടി അടുക്കളയ്ക്ക് നിര്‍വഹിക്കാനുണ്ടെന്ന് നമ്മില്‍ പലരും തിരിച്ചറിയുന്നില്ല. ജൈവകൃഷിക്ക് പ്രചാരമേറുന്ന ഈ കാലത്താണ് അടുക്കളയുടെ മറ്റൊരു മുഖംകൂടി നാം തിരിച്ചറിയേണ്ടത്. ആവശ്യംകഴിഞ്ഞ് പുറന്തള്ളുന്ന അടുക്കളവസ്തുക്കളെ എങ്ങനെ കാര്‍ഷികവിളകള്‍ക്കായി ഉപയോഗിക്കാമെന്നതാണത്. ഏതുവീട്ടിലും ഇന്ന് പച്ചക്കറികള്‍, കിഴങ്ങുകള്‍, ഇലക്കറികള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ഒരടുക്കളത്തോട്ടം ആവശ്യമാണ്-മുമ്പുകാലങ്ങളില്‍ അടുക്കളയ്ക്കു പുറത്ത് ധാരാളം ഒഴിഞ്ഞതും വളക്കൂറുള്ളതുമായ മണ്ണുള്ള ഇടങ്ങള്‍ ഉണ്ടായിരുന്നു. ഇന്നും ധാരാളമുണ്ട്. ഇവിടെ വളര്‍ത്തുന്ന പച്ചക്കറികളെയും കിഴങ്ങ്, ഇലക്കറികളെയും ഉദ്ദേശിച്ചാണ് അടുക്കളത്തോട്ടം എന്ന പേരുവന്നത്. അടുക്കളയിലെ ഭക്ഷ്യവസ്തുവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങള്‍ ഇവിടെ വലിച്ചെറിഞ്ഞും ഒഴിച്ചുകൊടുത്തും കൃഷിക്ക് ഉപയുക്തമാക്കിയിരുന്നു. ഇന്ന് ഇതെല്ലാം നാം കൈവിടുകയും അടുക്കള പാചകപ്പുരയായി മാറുകയുമാണ്. എന്നാല്‍, ഇത്തരം ധാരാളം ഭക്ഷ്യ 'പാഴ് വസ്തുക്കള്‍' നമ്മുടെ അടുക്കളയില്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ നമുക്ക് പച്ചക്കറിക്ക് ഉപയോഗിച്ച് അടുക്കളത്തോട്ടം വീണ്ടെടുക്കേണ്ടതുണ്ട്.