കർക്കടകത്തിലെ ആരോഗ്യ സംരക്ഷണവും സുഖചികത്സയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കർക്കടകത്തിലെ ആരോഗ്യ സംരക്ഷണവും സുഖചികത്സയും

  ഇതെന്താ ആരോഗ്യത്തിന് ഇടവം, കർക്കടകം എന്നൊക്കെയുണ്ടോ? സ്വാഭാവികമായും തോന്നിയേക്കാം. ആരോഗ്യത്തിന് എല്ലാ മാസങ്ങളും ഒരേപോലെ തന്നെ; എന്നാൽ കർക്കടകമാസത്തിനു ചില പ്രത്യേകതകളുണ്ടെന്നുമാത്രം. ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച മാസമായി കര്കിടകത്തെ പ്രാചിന കാലം തൊട്ടു കണ്ട് വരുന്നു.

         ഋതുക്കളിലെ വ്യത്യാസം പ്രകൃതിയിൽവരുത്തുന്ന മാറ്റംപോലെതന്നെ മനുഷ്യനിലും മാറ്റങ്ങൾ സംഭവിക്കുന്നു. ഗ്രീഷ്മവർഷഋതുക്കളിൽ ശരീരബലം കുറഞ്ഞ് വേഗം രോഗം ബാധിക്കുന്നു. വർഷകാലത്തു രോഗം പെട്ടെന്നു പകരാൻ ഇതാണു കാരണം. കർക്കടകത്തിൽ സുഖചികിത്സയ്ക്ക് പ്രാധാന്യം ഉണ്ടാകുവാൻ കാരണവും ഇതാണ്. കർക്കടകമാസത്തിൽ ആഹാരരീതികൾക്കും ചില പ്രത്യേകതകളുണ്ട്. ദഹനപ്രക്രിയയെ സഹായിക്കുന്നവിധം അവ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മഴക്കാലത്തു പൊതുവെ ദഹനം കുറവാകും. വിശപ്പ് കൂടുകയും ചെയ്യും. അതിനായി ആഹാരം കുറയ്ക്കുന്നത് ഉത്തമമാർഗമാണ്. 

 കർക്കടക മാസത്തിൽ ചെയ്യുന്ന പഞ്ചകർമചികിത്സയാണു കർക്കടക ചികിത്സ. കൃത്യമായ മാർഗങ്ങളിലൂടെ ശരീരത്തിൽ വർധിച്ചിരിക്കുന്ന ദോഷങ്ങളെ പുറത്തേക്കു തള്ളി ആരോഗ്യം നിലനിർത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കിൽക്കൂടി ശരീരത്തിന്റെ സ്വാസ്ഥ്യം സംരക്ഷിക്കുന്നതിനായി ഈ ചികിത്സ ചെയ്യാവുന്നതാണ്. അതുകൊണ്ട് ഈ ചികിത്സയെ സുഖചികിത്സ എന്നും പറയാറുണ്ട്. 

 രോഗകാരണങ്ങളായ വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങൾക്കു വർധന ഉണ്ടാകുന്ന സമയമാണു കർക്കടകം. അതിശക്തമായ മഴക്കാലമായതിനാൽ, കാർഷിക വൃത്തികളിൽ വ്യാപൃതരായിരുന്ന കേരളീയർക്ക് ആയുർവേദ ചികിത്സയ്ക്കും പഥ്യത്തിനും കൂടുതൽ സമയം കണ്ടെത്താൻ സാധിക്കുന്നതും കർക്കടകമാസത്തിലെ ആയുർവേദ ചികിത്സയ്ക്കു പ്രാധാന്യം കൂട്ടി. 

         ജൂലൈ മധ്യത്തിൽ തുടങ്ങി ഓഗസ്റ്റ് പകുതി വരെയാണു കർക്കടക ചികിത്സാകാലം. യൗവനാവസ്ഥയിൽ തുടങ്ങി വാർധക്യം വരെയുള്ള ഏതൊരു പ്രായക്കാർക്കും കർക്കടക ചികിത്സ ചെയ്യാം. കഷായചികിത്സ, പിഴിച്ചിൽ, ഉഴിച്ചിൽ, ഞവരക്കിഴി, ധാര, വസ്തി പിന്നെ വിശ്രമിക്കുന്നതും നല്ല ഇരിപ്പുമാണു പ്രധാന ചികിത്സാഘട്ടങ്ങൾ. 
  


LATEST NEWS