ഹൃദയത്തെ പിണക്കുന്ന  ഭക്ഷണങ്ങൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹൃദയത്തെ പിണക്കുന്ന  ഭക്ഷണങ്ങൾ

ഭക്ഷണശീലം അനാരോഗ്യകരമായാൽ നമ്മുടെ ഹൃദയതാളം തെറ്റും. ആരോഗ്യകരമായ ഒരു ജീവിതത്തിന് ഹൃദയാരോഗ്യം ഏറെ പ്രധാനമാണ്. ഇന്ത്യയിൽ ഹൃദ്രോഗം മൂലം മരണമടയുന്നവരുടെ എണ്ണം  കൂടുതലാണ്.ഹൃദയത്തിനു വേണ്ടാത്ത ചില ഭക്ഷണങ്ങളുണ്ട്.  ആരോഗ്യമുള്ള ഹൃദയത്തിന് ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാകും നല്ലത്.

ഹൃദയത്തെ പിണക്കുന്ന ആ ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.

വറുത്ത ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് വറുത്തതും ചോളത്തിന്റെ ചിപ്സും സോഡിയം, ട്രാൻസ്ഫാറ്റുകൾ, കാർബോ ഹൈഡ്രേറ്റ് ഇവ ധാരാളം അടങ്ങിയതാണ്. ഇത് അധികമാകുന്നത് ഹൃദയാരോഗ്യം നശിപ്പിക്കും. ദിവസം 2000 മില്ലി ഗ്രാമിലധികം സോഡിയം കഴിക്കുന്നത് 10 ൽ ഒന്നു വീതം ഹൃദ്രോഗ മരണങ്ങൾക്കു കാരണമാകുന്നു. ഉരുളക്കിഴങ്ങ് വറുത്തതിലെ കൊഴുപ്പുകൾ  കുടവയറുണ്ടാക്കും. കൂടാതെ ഇവ അമിതമായി കഴിക്കുന്നത് ഹൃദ്രോഗ കാരണമാകും.

ഊർജ്ജ പാനീയങ്ങൾ

 ഊർജ്ജ പാനീയങ്ങളില്‍ ഗുവരാന, ടൗറീൻ മുതലായവ അടങ്ങിയിട്ടുണ്ട്. ഇത് കഫീനുമായി ചേരുമ്പോൾ ഹൃദയമിടിപ്പ് വർധിക്കാൻ കാരണമാകുന്നു. ഊർജ്ജ പാനീയങ്ങളിൽ വർധിച്ച തോതിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുന്നു.

 സോഡ
ദാഹം മാറ്റാൻ സോഡ ദിവസവും കഴിക്കുന്നവരുണ്ട് എന്നാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും ഇൻഫ്ലമേഷനും കാരണമാകുന്നു. ഇത് ഹൃദയ ധമനികളിൽ സമ്മർദം ഏൽപ്പിക്കുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും. പതിവായി സോഡ കഴിക്കരുത് .

ബ്ലെൻഡഡ് കോഫി
കാലറിയും കൊഴുപ്പും ബ്ലെൻഡഡ് കോഫിയില്‍ ധാരാളമുണ്ട്.  ഈ കാപ്പിയിൽ അടങ്ങിയ കഫീൻ രക്തസമ്മർദവും കൂട്ടും. പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും ഇത് ഒരേപോലെ ദോഷകരമാണ്.

ഫ്രൈഡ് ചിക്കൻ
വറുത്തതും പൊരിച്ചതുമെല്ലാം അനാരോഗ്യകരമാണ്. വറുത്ത ഭക്ഷ്യവസ്തുക്കളിൽ ട്രാൻസ്ഫാറ്റുകൾ ധാരാളമുണ്ട്. ഹൃദയത്തിനു മാത്രമല്ല അരവണ്ണം കൂട്ടാനും ഇത് കാരണമാകും. ഡീപ്പ് ഫ്രൈ ചെയ്യുമ്പോൾ എണ്ണ കൂടുതൽ ചൂടാകുന്നു. ഇതുമൂലം ജീവകങ്ങൾക്കും നിരോക്സീകാരികൾക്കും ഘടനാപരമായ മാറ്റം വരുകയും കോശങ്ങൾക്ക് നാശം വരുത്തുന്ന ഓക്സീകാരികൾ ഉണ്ടാകുകയും ചെയ്യും.

പിസ
  പിസയില്‍ കൊഴുപ്പും സോഡിയവും  ധാരാളമുണ്ട്. പിസയിലുള്ള ചീസ് സോഡിയത്തിന്റെ അളവ് കൂട്ടാനും കൂടുതൽ കൊഴുപ്പുള്ളതാക്കാനും സഹായിക്കും. പിസയുണ്ടാക്കുന്ന സോസും സോഡിയം ധാരാളം അടങ്ങിയതാണ്. ഹൃദയ ധമനികൾക്ക് ഇത് ദോഷകരമാണ്.

ചൈനീസ് ഭക്ഷണം
കാലറി, കൊഴുപ്പ്, സോഡിയം, കാർബോ ഹൈഡ്രേറ്റ് ഇവയെല്ലാം നിറഞ്ഞതാണ് ചൈനീസ് ഫുഡ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.

ചുവന്ന ഇറച്ചി അഥവാ റെഡ്മീറ്റ് പൂരിത കൊഴുപ്പുകൾ, കൊളസ്ട്രോൾ ഉപ്പ് ഇവ ധാരാളം അടങ്ങിയ ഭക്ഷണമാണ്. മാസത്തിൽ ഒരിക്കൽ മാത്രമേ ഇവ കഴിക്കാവൂ എന്നതും ശ്രദ്ധിക്കുക.ഈ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കണം എന്നു മാത്രമല്ല കുട്ടികൾക്കു കൊടുക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.


LATEST NEWS