ശരീരത്തിലെത്തുന്ന കാലറി അമിതവണ്ണത്തിന് കാരണമാകുന്നത് ഇങ്ങനെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശരീരത്തിലെത്തുന്ന കാലറി അമിതവണ്ണത്തിന് കാരണമാകുന്നത് ഇങ്ങനെ

നാം ഒരോ പ്രാവശ്യവും ഭക്ഷണം കഴിക്കുമ്പോള്‍ അല്ലെങ്കില്‍ വിവിധ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ അവയില്‍ എത്ര കാലറികള്‍ ഏകദേശം അടങ്ങിയിട്ടുണ്ട് എന്നറിയുന്നത് ആരോഗ്യ സംരക്ഷണത്തിനും ജീവിത ശൈലിരോഗങ്ങളെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമാണ്. അടുത്ത കാലത്താണ് ദുബായ് സര്‍ക്കാര്‍ അവിടെ റസ്റ്ററന്‍റുകളിലും ഹോട്ടലുകളിലും മറ്റും നല്‍കുന്ന ഭക്ഷണത്തില്‍ എത്ര കാലറിയുണ്ടെന്ന് അറിയിപ്പ് നല്‍കണമെന്ന നിയമം കൊണ്ടു വന്നിട്ടുള്ളത്.

വാഹനം ഓടണമെങ്കില്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ വേണമെന്നു പറയുന്നതുപോലെ നമ്മുടെ ശരീരം പ്രവര്‍ത്തിക്കണമെങ്കില്‍ കാലറിയെന്ന ഇന്ധനം വേണം. ശരീരം അതിന്‍റെ ഊര്‍ജ്ജാവശ്യത്തിന് ഉപയോഗിക്കുന്നത് കാലറിയാണ്. ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, ശരീരത്തിലെ മറ്റ് രാസപ്രവര്‍ത്തനങ്ങൾ എന്നിവയ്ക്ക് കുറഞ്ഞ അളവില്‍ കാലറി വേണം. ശരീരത്തിലെ വലിയപേശികളുടെ ആവര്‍ത്തിച്ചുള്ള പ്രവര്‍ത്തനം ആവശ്യമായ നടക്കുക, ഓടുക, ചാടുക നീന്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാലറി വേണം. കേരളത്തിലെ ഒരു ശരാശരി പുരുഷന്  1800 - 2000 കാലറിയും സ്ത്രീകള്‍ക്ക് 1800 കാലറിയും ദിവസേന ആവശ്യമായിട്ടുണ്ട്. അദ്ധ്വാനം വരുന്ന പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്ക് ഇതിലും അൽപം കൂടുതല്‍ വേണം. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ കാലറി ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നു. നടപ്പ്, ഓട്ടം, ചാട്ടം, അദ്ധ്വാനം തരുന്ന ജോലികള്‍ എന്നിവ കുറവായതിനാല്‍ മിച്ചം വരുന്ന കാലറി ശരീരത്തില്‍ കൊഴുപ്പായി ശേഖരിക്കപ്പെടുന്നു. ക്രമേണ ഇത് അമിതവണ്ണത്തിനും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാവുന്നു. അന്നന്ന് ഭക്ഷണത്തിലൂടെ  ലഭിക്കുന്ന കാലറി അന്നന്ന്തന്നെ ഉപയോഗിച്ചു തീര്‍ക്കണമെന്നതാണ് നിയമം. Caloric intake = Caloric Output

എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളിലും കാലറി ഒരേ അളവിലല്ല ഉള്ളത്. ജങ്ക് ഫുഡുകള്‍, പഫ്സ്, സമോസ, ഡെസര്‍ട്ടുകള്‍, ശീതളപാനീയങ്ങള്‍, റെഡ്മീറ്റ് എന്നിവ കാലറി കൂടുതല്‍ ഉള്ളവയും പച്ചക്കറികള്‍, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ കാലറി കുറഞ്ഞവയുമാണ്. അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന കാലറിക്കും വ്യത്യാസമുണ്ട്. ഒരുഗ്രാം അന്നജം 4 കാലറി നല്‍കുമ്പോള്‍ അത്രയും പ്രോട്ടീന്‍ 8 കാലറിയും കൊഴുപ്പ് 10 കാലറിയും നല്‍കുന്നു. അതായത് ഒരു ഗ്രാം അന്നജം കഴിക്കുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന കാലറിയുടെ മൂന്നിരട്ടിയോളം കാലറിയാണ് ഒരു ഗ്രാം കൊഴുപ്പില്‍ നിന്നും ലഭിക്കുക. അതുകൊണ്ടാണ് ഭക്ഷണത്തില്‍ കൊഴുപ്പിന്‍റെ തോത് കുറയ്ക്കണമെന്ന് പറയുന്നത്.

മറ്റൊന്ന് ശൂന്യ കാലറി ഫുഡ്സ് (Empty Caloric Foods) എന്നു വിശേഷിപ്പിക്കുന്നവയാണ് ഉദാ : പഞ്ചസാര, ആല്‍ക്കഹോള്‍ എന്നിവ. അവ ധാരാളം കാലറി ശരീരത്തിന് നല്‍കുന്നു, പോഷകങ്ങള്‍ ഒന്നും നല്‍കുന്നില്ല. ആല്‍ക്കഹോള്‍ അന്നജം നല്‍കുന്നതിന്‍റെ ഏതാണ്ട് ഇരട്ടിയോളം കാലറി നല്‍കുന്നു (7 കാലറി).


LATEST NEWS