ദിവസം ഇനി ഒരു കപ്പ് കാപ്പിയില്‍ തുടങ്ങാം...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദിവസം ഇനി ഒരു കപ്പ് കാപ്പിയില്‍ തുടങ്ങാം...

ദിവസം ഇനി ഒരു കപ്പ് കാപ്പിയില്‍ തുടങ്ങാം..ഇതാ ഒരു കാരണം കൂടി. കാപ്പി കുടിക്കുന്നവർ ദീർഘായുസ്സോടെയിരിക്കും. കാപ്പി കുടിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, അർബുദം, പ്രമേഹം, ശ്വാസസംബന്ധവും വൃക്കസംബന്ധവുമായ രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കും.

കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നവർക്ക് മരണസാധ്യത 12 ശതമാനം കുറവാണെന്നു കണ്ടു. രണ്ടോ മൂന്നോ കപ്പ് കാപ്പി ദിവസവും കുടിക്കുന്നവരിൽ ഈ ബന്ധം കുറെക്കൂടി ശക്തമാണെന്നും പഠനത്തിൽ കണ്ടു. അതായത് മരണസാധ്യത 18 ശതമാനം കുറവ്.

കഫീൻ അടങ്ങിയതോ അടങ്ങാത്തതോ ആയ കാപ്പി കുടിയുമായി കുറഞ്ഞ മരണനിരക്കിന് ബന്ധം ഉള്ളതായി കണ്ടു. കെക്ക് സ്കൂൾ ഓഫ് മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസറായ വെറോണിക്ക ഡബ്ല്യൂസെറ്റിയാവാന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

യൂണിവേഴ്സിറ്റി ഓഫ് ഹവായ് കാൻസർ സെന്ററിന്റെയും കെക്ക് സ്കൂൾ ഓഫ് മെഡിസിനിന്റെയും സംയുക്ത സംരംഭമായ മൾട്ടി എത്ത്നിക് കൊഹോർട്ട് പഠനത്തിന്റെ വിവരങ്ങളാണ് പഠനത്തിനുപയോഗിച്ചത്.

അർബുദത്തിലേക്കു നയിക്കാവുന്ന ജീവിതശൈലീ ഘടകങ്ങൾ പരിശോധിക്കുന്ന വിവിധ വംശങ്ങളിൽപെട്ട 2,1500 പേർ പങ്കെടുക്കുന്ന പഠനമാണിത്. നാല് വ്യത്യസ്ത വംശങ്ങളിൽപെട്ടവരിലാണ് കാപ്പികുടിയും മരണസാധ്യതയും തമ്മിലുള്ള ബന്ധം കണ്ടത്. എങ്കിലും മറ്റ് ഗ്രൂപ്പുകൾക്കും ഈ ഫലം ബാധകമാണ്.

വിവിധയിനം, അർബുദം, പ്രമേഹം, കരൾരോഗം, പാർക്കിൻസൺസ്, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കും മറ്റ് ഗുരുതര രോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കാൻ കാപ്പി കുടിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കാപ്പിയിൽ നിരവധി ആന്റി ഓക്സിഡന്റുകളും ഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് അർബുദം തടയുന്നു. കാപ്പിയിലെ ഏത് രാസപദാർത്ഥങ്ങളാണ് ഈ ഗുണഫലങ്ങൾ പ്രദാനം ചെയ്യുന്നത് എന്ന് പഠനം വ്യക്തമാക്കുന്നില്ല. എങ്കിലും ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിതശൈലിയും പിന്തുടരുന്നവർ കാപ്പികുടിയും ശീലമാക്കാവുന്നതാണ്. കാപ്പി കുടിക്കുന്നത് കരളിലെയും ഗർഭാശയത്തിലെയും അർബുദസാധ്യത കുറയ്ക്കും എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

കാപ്പി കുടിക്കുന്നത് ഹൃദ്രോഗസാധ്യതയും നെഞ്ചെരിച്ചിലും കുടൽ വ്രണവും ഉണ്ടാക്കും എന്നാണ് ചിലർ കരുതുന്നത്. എന്നാൽ കാപ്പിയിൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് കാപ്പികുടി ആരോഗ്യത്തിന് ഒരു ദൂഷ്യവും ചെയ്യില്ല എന്നാണ്.

45 നും 75 നും ഇടയിൽ പ്രായമുള്ള വിവിധ വംശങ്ങളിൽപ്പെട്ട 185855 പേരിലാണ് പഠനം നടത്തിയത്. ഇവരിൽ 17 ശതമാനം പേർ ആഫ്രിക്കൻ അമേരിക്കൻസും 29 ശതമാനം പേർ ലാറ്റിനോസും 25 ശതമാനം പേർ വെള്ളക്കാരും ആയിരുന്നു. ഭക്ഷണം, ജീവിതരീതി, കുടുംബവൈദ്യ ചരിത്രം ഇവയെക്കുറിച്ചുള്ള ചോദ്യാവലി നൽകി. പഠനം തുടങ്ങിയപ്പോൾ മുതൽ കാപ്പികുടി ശീലം രേഖപ്പെടുത്തി. തുടർന്ന് ഓരോ അഞ്ചു വർഷവും ഇത് അപ്ഡേറ്റ് ചെയ്തു. ശരാശരി 16 വർഷമായിരുന്നു ഫോളാ അപ്പ്.

പഠനത്തിൽ പങ്കെടുത്തവരിൽ 16 ശതമാനം പേർ കാപ്പി കുടിക്കാത്തവരും 31 ശതമാനം പേർ ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നവരും 25 ശതമാനം പേർ ദിവസവും നാലോ അതിലധികമോ കപ്പ് കാപ്പി കുടിക്കുന്നവരും ആയിരുന്നു. ബാക്കിയുള്ള 21 ശതമാനം പേർ വല്ലപ്പോഴും മാത്രം കാപ്പി കുടിക്കുന്ന ശീലം ഉള്ളവരായിരുന്നു.

പഠനകാലയളവിൽ 31 ശതമാനം പേർ (58397 പേർ) മരണമടഞ്ഞു. ഹൃദയസംബന്ധമായ രോഗങ്ങളും (36%) അർബുദവും (31%) ആയിരുന്നു പ്രധാന മരണകാരണങ്ങൾ. പ്രായം, വർഗം, ലിംഗം, പുകവലി ശീലം, വിദ്യാഭ്യാസം, നിലവിലുള്ള രോഗങ്ങൾ, കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ, മദ്യോപയോഗം എന്നിവയും കണക്കിലെടുത്തു. അനൽസ് ഓഫ് ഇന്റേർണൽ മെഡിസിന്റെ ജൂലൈ 11 ലക്കത്തിൽ ഈ പഠനം പ്രസിദ്ധീകരിക്കും.
 


LATEST NEWS