സ്ത്രീ പുരുഷന്മാരിൽ വിഷാദം; ബാധിക്കുന്നത് വ്യത്യസ്ത തരത്തിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്ത്രീ പുരുഷന്മാരിൽ വിഷാദം; ബാധിക്കുന്നത് വ്യത്യസ്ത തരത്തിൽ

 
സ്ത്രീ പുരുഷന്മാരിൽ വിഷാദം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത് വ്യത്യസ്ത തരത്തിൽ ആയിരിക്കുമെന്നു പഠനം. കൗമാരക്കാരായ ആൺകുട്ടികളെയും പെൺകുട്ടികളെയും വ്യത്യസ്ത തരത്തിലായിരിക്കും വിഷാദം ബാധിക്കുക. ഇവരിൽ പ്രത്യേകം ചികിത്സ തന്നെ വേണ്ടി വരും.

വിഷാദം ബാധിച്ച കൗമാരക്കാരെ സന്തോഷവും സങ്കടവും ഉണ്ടാക്കുന്ന വാക്കുകൾ കാണിച്ചു. തുടർന്ന് എം ആർ ഐ സ്കാൻ ഉപയോഗിച്ച്. തലച്ചോറിന്റെ പ്രവർത്തനം മനസിലാക്കി. ഓരോ ചിത്രങ്ങളോടും വാക്കുകളോടും എങ്ങനെ പ്രതികരിക്കുന്നുവെന്നു നോക്കി. തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളിൽ സ്ത്രീക്കും പുരുഷനും വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാകുന്നതെന്നു കണ്ടു.

സ്ത്രീക്കും പുരുഷനും വിഷാദം ബാധിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. പ്രത്യേകിച്ചും കൗമാരക്കാരിൽ. 15 വയസ്സ് ആകുമ്പോഴേക്കും വിഷാദം ബാധിക്കാനുള്ള സാധ്യത ആൺകുട്ടികളെക്കാൾ പെൺകുട്ടികളിൽ ഇരട്ടിയാണ്. ഇതിനു നിരവധി കാരണങ്ങളുണ്ട്. ശരീരത്തെപ്പറ്റിയുള്ള ബോധം, ഹോർമോൺ വ്യതിയാനങ്ങൾ, ജനിതക ഘടകങ്ങൾ മുതലായവ വിഷാദത്തിനു കാരണമാകും. പാരമ്പര്യമായും വിഷാദം പെൺകുട്ടികൾക്ക് പകർന്നു കിട്ടും.

‘‘പുരുഷന്മാരിൽ വിഷാദം നീണ്ടു നില്ക്കുന്നതാണങ്കിൽ സ്ത്രീകളിൽ ഇടവേളകളിൽ ആവും അത് പ്രത്യക്ഷപ്പെടുക. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരെയാകും വിഷാദം ഗുരുതരമായി ബാധിക്കുന്നത്. പുരുഷന്മാരെ ആത്മഹത്യയിലേക്കു പോലും നയിക്കാൻ വിഷാദം കാരണമാകും.’’ പഠനത്തിനു നേതൃത്വം നൽകിയ കേംബ്രിഡ്ജ് സർവകലാശാല ഗവേഷകനായ ജി യു ച്യാങ് പറഞ്ഞു.

വിഷാദം ബാധിച്ച 11 നും 18 നും ഇടയിൽ പ്രായമുള്ള 82 പെൺകുട്ടികളിലും 24 ആൺകുട്ടികളിലും ആണ് പഠനം നടത്തിയത്. 24 പെൺകുട്ടികളും 10 ആൺകുട്ടികളും ആരോഗ്യവാന്മാരായ സന്നദ്ധ പ്രവർത്തകരായിരുന്നു. ‘ഫ്രണ്ടിയേഴ്സ് ഇൻ സൈക്യാട്രി’ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.