സൗന്ദര്യവും വര്‍ധിപ്പിക്കാനും നിലനിര്‍ത്താനും വെള്ളംകുടി സഹായിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൗന്ദര്യവും വര്‍ധിപ്പിക്കാനും നിലനിര്‍ത്താനും വെള്ളംകുടി സഹായിക്കും

ജലം ജീവദായനിയാണെന്ന് ഏവര്‍ക്കും അറിയുമായിരിക്കും. ജീവനും ആരോഗ്യവും മാത്രമല്ല സൗന്ദര്യവും വര്‍ധിപ്പിക്കാനും നിലനിര്‍ത്താനും വെള്ളംകുടി സഹായിക്കും. അതിന് എത്ര വെള്ളമാണ് കുടിക്കേണ്ടത്? എപ്പോഴെല്ലാം കുടിക്കണം? ആരെല്ലാം കൂടുതല്‍ വെള്ളം കുടിക്കണം? തുടങ്ങിയ കാര്യങ്ങള്‍ അറിയാം.

ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് എല്ലാവരും കേട്ടിരിക്കും. ഈ അളവ് പാലിച്ചാല്‍ തന്നെ വെള്ളത്തിന്റെ കുറവ് പരിധി വരെ പരിഹരിക്കാനാകും. വെള്ളത്തിന്റെ അളവ് കുറയാതെ നോക്കുന്നത് ശരീരത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. മുടിയിഴകളുടെ തിളക്കം കൂട്ടാനും ചര്‍മ്മകാന്തി വര്‍ധിപ്പിക്കാനും ഈ വെള്ളംകുടി സഹായിക്കും.

രാവിലെ എഴുന്നേറ്റ ഉടന്‍ ഒന്നു മുതല്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും. ഊണിന് അര മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറച്ച് ശരീര കുറയ്ക്കാന്‍ സഹായിക്കും. ആഹാരം കഴിച്ച ഉടനുള്ള വെള്ളംകുടി ദോഷമാണ്. ഇത് ദഹനപ്രക്രിയയെയാണ് ദോഷമായി ബാധിക്കുക. ഊണിനൊപ്പമുള്ള വെള്ളംകുടിയും ഒഴിവാക്കണം. വെള്ളത്തിനു പകരമായി തൈര്, റെയ്ത്ത, ബട്ടര്‍മില്‍ക്ക് എന്നിവ ഉപയോഗിക്കാം.

ശരീരം മെലിയാന്‍ ശ്രമിക്കുന്നവര്‍ വിശപ്പു തോന്നുമ്പോള്‍ ആദ്യം കുറച്ച് വെള്ളം കുടിക്കുക. പത്ത് മിനുട്ടിനു ശേഷവും വിശപ്പിന് ശമനമില്ലെങ്കില്‍ മാത്രം മറ്റു ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതിയാകും.

വെള്ളമെത്തിയില്ലെങ്കില്‍ പ്രവര്‍ത്തനം വെള്ളത്തിലാവുന്ന മറ്റൊരു പ്രധാന അവയവമാണ് മനുഷ്യന്റെ തലച്ചോറ്. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിന്റെ 75 ശതമാനത്തിനും വെള്ളം വേണം. ജോലിക്കിടയിലോ യാത്രാവേളയിലോ മറ്റോ ക്ഷീണം തോന്നുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിച്ചാല്‍ ഉന്മേഷം തിരിച്ചുകിട്ടും.

രാത്രിയില്‍ സംതൃപ്തമായ ഉറക്കം ലഭ്യമായില്ലെങ്കില്‍ പകല്‍ ധാരാളം വെള്ളം കുടിക്കണം. എന്നാല്‍, ഉച്ചക്ക് ശേഷം കുടിക്കുന്നതിനെക്കാളും വെള്ളം ദിവസത്തിന്റെ ആദ്യ പകുതിയില്‍ കുടിക്കുന്നതാണ് നല്ലത്. ഇത് രാത്രിയില്‍ മൂത്രശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കും. ഗര്‍ഭിണികളും പാലൂട്ടുന്ന അമ്മമാരും എട്ട് ഗ്ലാസ് വെള്ളം കുടിച്ചാല്‍ മതിയാകില്ല. ഇവര്‍ കുറഞ്ഞത് 10 ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം.