മയക്കുമരുന്നുകളുടെ  ലഭ്യത മാത്രമല്ല ഒരാൾ മയക്കുമരുന്നുകൾക്ക് അടിമപ്പെടാൻ കാരണം;ശീലമായിത്തുടങ്ങി മാനസികരോഗമായി മാറുന്ന ഡ്രഗ് അഡിക്ഷനെക്കുറിച്ച്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മയക്കുമരുന്നുകളുടെ  ലഭ്യത മാത്രമല്ല ഒരാൾ മയക്കുമരുന്നുകൾക്ക് അടിമപ്പെടാൻ കാരണം;ശീലമായിത്തുടങ്ങി മാനസികരോഗമായി മാറുന്ന ഡ്രഗ് അഡിക്ഷനെക്കുറിച്ച്

ഡ്രഗ് അഡിക്ഷന്‍ എന്ന ക്രോണിക്ക് ഡിസീസ്

ഒരാൾ എങ്ങിനെയാണ് മയക്കുമരുന്നുകൾക്ക് അടിമപ്പെടുന്നത്? മയക്കുമരുന്നുകളുടെ  ലഭ്യത മാത്രമാണോ ഈ അഡിക്ഷന്‍റെ  കാരണം?     ഒരു ശീലമായിത്തുടങ്ങി ഒരു മാനസികരോഗമായി മാറുന്ന ഡ്രഗ് അഡിക്ഷനെക്കുറിച്ച് ഇന്ന്  കേരളം വളരെ ആശങ്കയിലാണ്.

വിട്ടുമാറാത്ത ഒരു ക്രോണിക്ക് ഡീസീസ് ആണ് ഡ്രഗ് അഡിക്ഷൻ. ഡ്രഗ് ഉപയോഗം ഒരു നിർബന്ധ ശീലമായി വന്ന നമ്മെ കീഴ്പ്പെടുത്തുന്നു. ശീലമായിക്കഴിഞ്ഞാല്‍ വിട്ടുമാറാന്‍ മടിക്കുന്ന ഒരു  മനോവൈകല്യമായി  അത്  വ്യക്തിയുടെ സുഗമജീവിതത്തെ തകര്‍ത്തുകളയുന്നു. അപകടകരമായ ശാരീരിക, മാനസിക പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നറിഞ്ഞിട്ടും ഒരു അഡിക്റ്റ് അതിൽ നിന്നും പിന്മാറുന്നില്ല.

മയക്കുമരുന്നുകളുടെ  ഉപയോഗം തുടങ്ങുന്നത് വളരെ ലളിതമായിട്ടാണ്. ഒരു മയക്കുമരുന്നടിമ ആകണമെന്ന് ബോധപൂർവമായുള്ള  ഒരാലോചന  ഒരാളില്‍ സംഭവിക്കുന്നില്ല. എന്നാൽ ആദ്യം നിസ്സാരമായി ഒരു രസത്തിനായി  തുടരുന്ന ഹാബിറ്റ്  പിന്നീട് ഒരു നിത്യശീലമായി മാറുന്നു. അത് വ്യക്തിയുടെ തലച്ചോറിന്‍റെ ഘടനയിൽ  ഒട്ടേറെ  മാറ്റങ്ങളുണ്ടാക്കുകയും തന്‍റെ  ഹാബിറ്റിനെ പ്രതിരോധിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട് നിയന്ത്രണാതീതമായി മയക്കുമരുന്നിനടിമയാവുകയും ചെയ്യുന്നു. ഒരു തവണ  അഡിക്ഷനിൽ നിന്ന് മോചനം പ്രാപിച്ചാലും  വീണ്ടും ആ ശീലം തിരിച്ചുവരുന്നതിനുള്ള സാധ്യതകൾ ഏറെയുള്ള ഒരു   ദുസ്വഭാവമാണ് ഡ്രഗ് അഡിക്ഷൻ. അതുകൊണ്ടുതന്നെ അതിനെ ഒരു ‘relapsing disease’  ആയാണ് ചികിത്സാലോകം കണക്കാക്കുന്നത്.  എന്നാൽ ഈ പ്രവണത നിലനിൽക്കുന്നുണ്ടെങ്കിലും പൂർണമായി മുക്തിപ്രാപിക്കാനുള്ള സാധ്യത ഇല്ലെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. തുടർച്ചയായ നിഷ്ഠയോടെയുള്ള ട്രീറ്റ്മെന്‍റ്, രോഗികളുടെ പ്രതികരണങ്ങൾ കൃത്യമായി നിരീക്ഷിച്ചുകൊണ്ടുള്ള സമീപനം എന്നിവ വഴി ഡ്രഗ് അഡിക്ഷൻ പൂർണമായും ഇല്ലാതാക്കാൻ കഴിയും. രോഗിയുടെ സ്വഭാവമനുസരിച്ച് ചികിത്സാശൈലികൾ മാറ്റാൻ തയ്യാറാവുക.രോഗിക്ക് വിശ്വാസമുള്ള ഒരു പ്രൊഫഷണലിനേയോ, സ്ഥാപനത്തെയോ ചികിത്സക്കായി കണ്ടെത്തുക.

തലച്ചോറിലെ വിവിധ ഭാഗങ്ങൾ ചേർന്ന ‘റിവാർഡ് സർക്യൂട്ടി’ നെയാണ്( reward circuit) ഡ്രഗ്ഗുകൾ തകരാറിലാക്കുന്നത്. സന്തോഷം അനുഭവിക്കാൻ പ്രാപ്തമാക്കുന്ന ഈ സർക്യൂട്ടിനെ ആവർത്തിച്ചുള്ള മയക്കുമരുന്നുപയോഗം കൂടുതൽ പ്രചോദിതമാക്കുകവഴി അഡിക്ഷന് നാന്ദി കുറിക്കുന്നു. ‘ഓവർ സ്റ്റിമുലേഷൻ‘ എന്ന അപകടമാണ് ഈ കെണിയിൽ വീഴാൻ രോഗികളെ പ്രേരിപ്പിക്കുന്നത്. തലച്ചോറിലെ വിവിധ പ്രവർത്തന മേഖലകളിലും  രാസഘടനയിലും കോശഘടനയിലും വലിയ ക്രമക്കേടുകൾ ഉണ്ടാക്കുകയാണ് ദീർഘകാലത്തെ ഉപയോഗം വഴി സംഭവിക്കുന്നത്. സാധാരണഗതിയിൽ ഒരു വ്യക്തിയിൽ ഡ്രഗ് അഡിക്ഷൻ ഉണ്ടാക്കുന്ന മാറ്റങ്ങൾ താഴെപ്പറയുന്ന മേഖലകളിലാണ്.

  • ധാരണാശക്തി
  • തീരുമാനമെടുക്കൽ
  • കാര്യങ്ങൾ വിവേചിച്ച് അറിയാനുള്ള പ്രായോഗിക വിവേകം
  • മനസ്സംഘർഷം, സ്ട്രെസ്സ്
  • ഓർമ്മശക്തി
  • വ്യക്തിപരമായുള്ള പെരുമാറ്റങ്ങളും, സാമൂഹ്യജീവി എന്ന നിലയിലുള്ള പെരുമാറ്റങ്ങളും
  • അപകടം തിരിച്ചറിയാനുള്ള  കഴിവ് ഉണ്ടാകുമെങ്കിലും അഡിക്റ്റ് ഈ ശീലത്തിൽ നിന്ന് വിട്ടുപോരാൻ തയ്യാറാകുന്നില്ല എന്നതാണ് ഏത് മയക്കുമരുന്ന് അഡിക്ഷന്‍റേയും  സ്വഭാവം.  ദിവസം ചെല്ലുന്തോറും റിസ്കുകള്‍ കൂടിക്കൊണ്ടിരിക്കുന്നു.

 

ഘടകങ്ങള്‍

ഒരാൾ മയക്കുമരുന്നിനടിമയാകുമോ എന്ന് നിർണയിക്കുന്നത് ഒരൊറ്റ  ഘടകത്തെ മാത്രം കണക്കിലെടുത്തില്ല. ഒന്നിലധികം ഘടകങ്ങൾ അഡിക്ഷനിലേക്ക് നയിച്ചേക്കാം. ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളും പ്രതികരണങ്ങളുടെ പാറ്റേണുമെല്ലാം കണക്കിലെടുത്തേ പറ്റൂ. ഒരാൾ ജനിക്കുമ്പോൾ അയാളിലുള്ള ജീനുകളുടെ പ്രത്യേകതയാണ് ഭൂരിഭാഗം അഡിക്റ്റുകളുടേയും നിർണായക ശക്തി.

 

സാഹചര്യങ്ങൾ ഒരാളെ അഡിക്റ്റാക്കാം. വീട്ടിലെ അന്തരീക്ഷം, കൂട്ടുകാർ, ചെയ്യുന്ന ജോലികളുടെ സ്വഭാവം ഇങ്ങനെ നിരവധി ഘടകങ്ങൾ ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ഡ്രഗ്ഗുകളുമായി കൂടുതൽ പരിചിതമാകാനുള്ള സാഹചര്യങ്ങൾ, വളരെ ചെറുപ്പത്തിലേ അവ ഉപയോഗിക്കാനുള്ള സന്ദർഭങ്ങൾ, മാതാപിതാക്കളുടെ ശീലങ്ങൾ,  അവരുടെ നിയന്ത്രണത്തില്‍ നിന്നും  വിട്ടുള്ളജീവിതം ഇവയെല്ലാം കണക്കിലെടുക്കണം. ഏതുപ്രായത്തിലുള്ള ഡ്രഗ് ഉപയോഗവും ഇതൊരു ശീലമാക്കാൻ പ്രേരിപ്പിക്കുമെങ്കിലും ചെറുപ്രായത്തിലുള്ള ഉപയോഗം കൂടുതൽ അഡിക്ഷൻ സാധ്യത ഉണ്ടാക്കുന്നു.  ചെറുപ്രായത്തിലുള്ളവർക്ക് ഡ്രഗ്ഗിൽ നിന്നുണ്ടാകുന്ന സ്റ്റിമുലേഷൻ അവരെ പെട്ടെന്ന് വൈകാരികമായി അടിമപ്പെടുത്തുകയും പിന്നീടുള്ള  സ്വഭാവമാറ്റത്തില്‍ കൂടുതൽ  പ്രേരകശക്തിയായി പ്രവർത്തിക്കുന്നു.

പെട്ടെന്ന് ഫലം കാണില്ലെങ്കിലും ചികിത്സിച്ച് മാറ്റാവുന്ന ഒരു രോഗമാണ് ഡ്രഗ് അഡിക്ഷൻ. ചികിത്സയെ എത്ര ശാസ്ത്രീയമായി രോഗിയും  ബന്ധുക്കളും ‘മാനേജ്’ ചെയ്യുന്നു എന്നതാണ് പ്രധാനം. കൺസൾറ്റിന്‍റേയും ഡി അഡിക്ഷൻ സ്ഥാപനത്തിന്‍റേയും വിശ്വസ്തതയും സുപ്രധാനമാണ്. അഡിക്ഷൻ മാറിയ വ്യക്തി വീണ്ടും ആ ശീലത്തിലേക്ക് വീഴാനുള്ള സാധ്യതകൾ നിലനിൽക്കുന്നുവെന്നതാണ് ഈ  ദുശ്ശീലത്തിന്‍റെ ‘ റിസ്ക് ഫാക്റ്റർ‘ എന്നറിയുക. അഡിക്ഷൻ ട്രീറ്റ്മെന്‍റ്  മെഡിസിനുകളും ബിഹേവിയർ തെറാപ്പിയും ഒന്നിച്ചു കൊണ്ടുപോകുന്നത് കൂടുതൽ ഫലപ്രദമാണ്. ഓരോ രോഗിയുടേയും സ്വഭാവത്തിനും അവൻ ഉപയോഗിക്കുന്ന ഡ്രഗ്ഗുകളുടെ പ്രത്യേകതകൾക്കുമനുസരിച്ച്  ചികിത്സ പ്ലാൻ ചെയ്യുക എന്നതാണ് പ്രധാനം.  മെഡിക്കലും മാനസികവും സാമൂഹ്യവുമായ മൂന്ന് സമീപനങ്ങളും ഒന്നിച്ച് കൊണ്ടുപോവുക.

 

മോചനമില്ലാത്ത ഒരു വൈകല്യമാണ് ഡ്രഗ് അഡിക്ഷൻ എന്ന് ധരിക്കേണ്ടതില്ല. കുടുംബങ്ങളിലും സ്കൂളുകളിലും മറ്റ് സാമൂഹ്യവേദികളും പരീക്ഷിക്കുന്ന പ്രതിരോധ മാർഗങ്ങളെല്ലാം തന്നെ ഡ്രഗ് അഡിക്ഷനിൽ നിന്ന് വ്യക്തികളെ പിന്തിരിപ്പിക്കുന്നുണ്ട്.  ഇതൊരു മാരക ശീലമാണെന്ന് ചെറുപ്പക്കാർ മനസ്സിലാക്കിവരുന്നുമുണ്ട്. മാതാപിതാക്കളും, അദ്ധ്യാപകരും, സാമൂഹ്യപ്രവർത്തകരും ചേർന്ന  ബോധവത്കരണം ഡ്രഗ് അഡിക്ഷനെ   ഒരു പരിധിവരെ നിയന്ത്രിക്കും.

ഡ്രഗ് അഡിക്ഷനെപ്പറ്റി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇതൊരു ക്രോണിക്ക് ഡിസീസ് ആണ്

ക്രമമായ ചികിത്സ നിർബന്ധം

തലച്ചോറിൽ മാരകമായ തകരാറുകൾ ഉണ്ടാക്കും

വീണ്ടും പഴയ സാഹചര്യങ്ങളിലേക്ക് രോഗി വഴുതിവീഴാതിരിക്കുക

ഒരു ട്രീറ്റ്മെന്‍റ് രീതി പരാജയപ്പെടുകയാണെങ്കിൽ കൂടുതൽ അഡ്വാൻസ്ഡ് ആയ ചികിത്സയിലേക്ക് മാറുക.

നിരാശരാകാതിരിക്കുക എന്നതാണ് പ്രധാനം.

ഒരൊറ്റക്കാരണം കൊണ്ടുണ്ടാകുന്ന ക്രമക്കേടല്ല ഡ്രഗ് അഡിക്ഷന്‍ എന്ന് മനസ്സിലാക്കുക

 

കൂടുതൽ ശാസ്ത്രീയമായ ചികിത്സാരീതികൾ പ്രതിദിനം കണ്ടുപിടിക്കപ്പെടുന്നു.

അറിവുള്ള ഉപദേഷ്ടാക്കളുടെ അഭിപ്രായം അനുസരിക്കുക.

തെരഞ്ഞെടുക്കുന്ന ഡോക്റ്ററുടെയും, സ്ഥാപനത്തിന്‍റെയും ആധികാരികത പരിശോധിക്കുക.


LATEST NEWS