എന്റമ്മോ എങ്ങനെ ഇത്രമാത്രം കഴിക്കാന്‍ പറ്റുന്നു? തീറ്റി ഭ്രാന്തന്മാരുടെ ആമാശയത്തിന്റെ കഴിവ് വേറ ലെവലാണ്!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എന്റമ്മോ എങ്ങനെ ഇത്രമാത്രം കഴിക്കാന്‍ പറ്റുന്നു? തീറ്റി ഭ്രാന്തന്മാരുടെ ആമാശയത്തിന്റെ കഴിവ് വേറ ലെവലാണ്!

 കല്യാണങ്ങൾക്കും വിശേഷ അവസരങ്ങളിലും ചിലർ കഴിക്കുന്നത് കണ്ടാൽ നമ്മൾ അത്ഭുതപ്പടും. മൂന്ന് പന്തി കഴിഞ്ഞാലും ഇലയിൽ നിന്നും കൈയ്യെടുക്കാതെ ഭക്ഷണം കഴിക്കുന്നവരെ കാണുമ്പോൾ നല്ല കപ്പാസിറ്റിയാണല്ലേ എന്ന് വിചാരിക്കുകയും ചെയ്യും. ശപ്പാട്ട് രാമന്മാർ എന്ന് കളിയാക്കി വിളിക്കുന്നവർ ഒറ്റയിരിപ്പിൽ എത്ര ആഹാരം വേണമെങ്കിലും മടികൂടാതെ അകത്താക്കും. വയറു നിറയുന്നത് അറിയില്ലേയെന്നും വയറു പൊട്ടിപ്പോകില്ലേ എന്നും എങ്ങനെ ഇങ്ങനെ കഴിക്കാൻ കഴിയുന്നുവെന്നുമൊക്കെയുള്ള പല ചോദ്യങ്ങൾ ഇവർ അഭിമുഖീകരിച്ചിട്ടുണ്ടാകാം.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് അറിയാമോ? പലപ്പോഴും ചിന്തിച്ച് ഉത്തരം കിട്ടാത്ത ചോദ്യമായിരിക്കും അല്ലേ! ആമാശയത്തിന്റെ ചില സവിശേഷതകൾകൊണ്ടാണ് ഇത് സാധ്യമാകുന്നത്. സാധാരണ ഉൾക്കൊള്ളാവുന്നതിനേക്കാൾ നാല് മടങ്ങുവരെ കൂടുതൽ ഭക്ഷണം ഉള്ളിലാക്കാവുന്ന രീതിയിൽ വികസിക്കുവാൻ ആമാശയത്തിന് കഴിയും. വേണമെന്നു വിചാരിച്ചാൽ ഒരു നാലു സദ്യവരെയൊക്കെ ഉണ്ണാമെന്ന് ചുരുക്കം. എന്നാൽ ഭക്ഷണം ഫ്രീയാണെങ്കിലും വയർ നമ്മുടേതാണെന്ന് ഓർമ വേണം. നാം ഒരു വർഷം അകത്താക്കുന്നത് എത്ര കിലോഗ്രാം ഭക്ഷണമാണെന്ന് അറിയാമോ? ഒന്നും രണ്ടുമല്ല അഞ്ഞൂറു കിലോഗ്രാം ഭക്ഷണമാണ് വേവിച്ചും വറുത്തും പൊരിച്ചുമൊക്കെ അകത്താക്കുന്നത്. ഇനിയൊരു ജീവിതകാലം മുഴുവൻ നാം വെള്ളമായും ഭക്ഷണമായും അകത്താക്കുന്നത് എത്രയാണ്. 50ടൺ!

ഭക്ഷണത്തിന്റെ ദഹനം പ്രധാനമായും നടക്കുന്നത് ആമാശയത്തിലാണ്. ശക്തിയേറിയ ദഹനരസങ്ങൾ ഉൽപാദിപ്പിക്കുന്ന 35 ദശലക്ഷം ദഹന ഗ്രന്ഥികളാണ് ആമാശയത്തിലുള്ളത്. പ്രതിദിനം ഏകദേശം 2 ലീറ്ററോളം ഹൈഡ്രോക്ലോറിക് ആസിഡ് ആമാശയത്തിലെ സവിശേഷ കോശങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. ശക്തിയേറിയ ഈ ദഹനരസങ്ങൾക്ക് ലോഹങ്ങളെപ്പോലും ദഹിപ്പിക്കുവാൻ ശേഷിയുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ദഹനാഗ്നിയിൽ ആമാശയഭിത്തികൾ ദഹിച്ചുപോകാത്തത്. ഓരോ രണ്ടാഴ്ച കൂടുംന്തോറും ആമാശയത്തിന്റെ ഉൾഭാഗത്തുള്ള ശ്ലേഷ്മസ്തരം മാറിക്കൊണ്ടിരിക്കുന്നുണ്ട്. അനുസ്യൂതം തുടരുന്ന ഈ പുതിക്കിപ്പണിയൽ പ്രക്രിയ മൂലമാണ് ശക്തിയേറിയ ദഹനരസങ്ങളും ഹൈഡ്രോക്ലോറിക് ആസിഡുമൊക്കെ ആമാശയഭിത്തിയെ ദഹിപ്പിക്കാത്തത്.

പ്രായം കൂടുംതോറും ഹൈഡ്രോക്ലോറിക് ആസിഡന്റെയും ദഹന രസങ്ങളുടെയും ഉൽപാദനവും കുറയുന്നുണ്ട്. 25 കാരൻ 30 കാരനാകുമ്പോഴേക്കും ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉൽപാദനം 15 ശതമാനം വരെ കുറയും. പ്രായം വർധിക്കുമ്പോൾ അനുഭവപ്പെടുന്ന ദഹനക്കേടിനും വയറ്റിലെ അസ്വസ്ഥതകൾക്കും ഇതും ഒരു കാരണമാണ്.

ആമാശയത്തിന്റെ നിലവിളി

ആമാശയത്തിനും കുടലിലും ഒക്കെ ഉണ്ടാകുന്ന താളാനുസൃതമായ സങ്കോച വികാസ ചലനങ്ങളാണ് പെരിസ്റ്റാൽസിസ്. കഴിക്കുന്ന ഭക്ഷണത്തെ ദഹനരസങ്ങളുമായി നന്നായി  കലർത്താനും ആഹാരാവശിഷ്ടങ്ങൾ വിസർജിക്കുന്നതിനായി വൻകുടലിലെത്തിക്കുന്നതിനും ഒക്കെ പെരിസ്റ്റാൽസിസ് സഹായിക്കുന്നു. വിശന്നിരിക്കുമ്പോൾ വയറ്റിൽ നിന്നുണ്ടാകുന്ന മൂളലും ഞരങ്ങലുമൊക്കെ അടുത്തിരിക്കുന്നവർ പോലും കേട്ടെന്നുവരും.

ആമാശയത്തിന്റെ സങ്കോചവികാസങ്ങൾ ശക്തമാകുമ്പോഴാണ് വിശപ്പിന്റെ രോദനം ഉയരുന്നത്. ചെറുകുടലിൽ ഉണ്ടാകുന്ന പെരിസ്റ്റാൽസിസ് ഒരു സെക്കൻഡിൽ ഒന്നു മുതൽ രണ്ടു സെ മി എന്ന നിരക്കിലാണ് സഞ്ചരിക്കുന്നത്. ചെറുകുടലിൽ നിന്ന് വൻകുടലിലേക്കുള്ള ചലനങ്ങളുടെ സഞ്ചാരവേഗം വർധിക്കുമ്പോൾ വയറിളക്കം ഉണ്ടായെന്നുവരാം. എന്നാൽ കുടൽ ചലനരഹിതമാകുമ്പോൾ മലബന്ധം ആയിരിക്കും അനുഭവപ്പെടുന്നത്.

ചിലർ ഭക്ഷണം കഴിക്കുമ്പോൾ ഉരുള കയ്യിലെടുത്ത് വായിലേക്ക് എറിയുന്നത് കണ്ടിട്ടില്ലേ. പന്ത് കൃത്യമായി ഗോൾവലയത്തിൽ എത്തുന്നതുപോലെ ഉരുള വായ്ക്കുള്ളിൽ എത്തിയിരിക്കും. ഇനിയും തല കുത്തിനിന്ന് ഭക്ഷണം കഴിച്ചാലും ഭക്ഷണം കൃത്യമായി ആമാശയത്തിൽ തന്നെ എത്തിച്ചേരും. ഇത് സാധ്യമാകുന്നത് കുടലിന്റെ താളാനുസൃതമായ പെരിസ്റ്റാൽസിസ് ചലനങ്ങൾ മൂലമാണ്

ഇനി കൗതുകകരമായ ചില ആമാശയ വിശേഷങ്ങൾ

മനുഷ്യരുടെ ആമാശയത്തിന് ഒരു അറ മാത്രമാണുള്ളതെങ്കിൽ അയവിറക്കുന്ന മൃഗങ്ങളായ പശു, കാള, ജിറാഫ്, മാൻ എന്നിവയുടെ ആമാശയത്തിൽ നാല് അറകളുണ്ട്. ഇനി ആമാശയമേ ഇല്ലാത്ത ചില ജന്തുക്കളുണ്ട്. കടൽക്കുതിര, പ്ലാറ്റിപ്പസ്, ലങ്ഫിഷ് തുടങ്ങിയവ. ഇവരിൽ ഭക്ഷണം അന്നനാളത്തിൽ നിന്നും നേരിട്ട് ചെറുകുടലിൽ എത്തുകയാണ് ചെയ്യുന്നത്.


LATEST NEWS