ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍

ഭക്ഷണത്തിനിടയില്‍ വര്‍ത്തമാനം പറയുന്നവര്‍  ഒന്നോര്‍ക്കുക, ചെറിയൊരു അശ്രദ്ധ മതിയാവും  ജീവനെടുക്കുന്ന ദുരന്തത്തില്‍ വരെയെത്തിക്കാന്‍. ഭക്ഷണം കഴിക്കുന്നതില്‍ വര്‍ത്തമാനം വലിയ അപകട സാധ്യത വരുത്തിവെയ്ക്കും .  തൊണ്ടയില്‍ കുടുങ്ങുന്ന ഭക്ഷണം കൃത്യമായി നീക്കം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ശ്വാസതടസം ഉണ്ടാക്കും. എന്നാല്‍  എന്ത് ചെയ്യണമെന്നറിയാതെ ആശങ്കപ്പെട്ടു നിന്നാല്‍ അപകടത്തിന്റെ  സാധ്യത വര്‍ധിക്കുകയെയുള്ളൂ.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് പ്രാഥമികമായി ഈ കാര്യങ്ങള്‍ ചെയ്യുക. 

ശക്തിയായ സമ്മര്‍ദ്ദം കൊടുത്ത് ചുമക്കുക. ഭക്ഷണം പുറത്തുവരുന്ന രീതിയില്‍ ശക്തിയായി ചുമയ്ക്കുക. ചെറിയ ആഹാര സാധനങ്ങളാണ് തൊണ്ടയില്‍ കുടുങ്ങിയതെങ്കില്‍ ഇങ്ങനെ ചുമയ്ക്കുന്നതിലൂടെ ഭക്ഷണം പുറത്തുവരും.

കുടുങ്ങിയ സാധനം കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ മാത്രം കയ്യിട്ട് എടുക്കാന്‍ ശ്രമിക്കുക. കൈ കൊണ്ട് പുറത്ത് പലതവണ തട്ടുക. തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം അതോടെ മിക്കവാറും പുറത്തുവരും. ഇത്തരത്തില്‍ തട്ടിയിട്ടും ഭക്ഷണം പുറത്തുവന്നില്ലെങ്കില്‍ കൂടെയുള്ളവര്‍ക്കാണ് ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്യാനാവുക.

ഭക്ഷണം പുറത്തുവന്നില്ലെങ്കില്‍ ആളിനെ തലകുനിച്ചു നിര്‍ത്തി പുറകില്‍ നിന്നും വയറ്റില്‍ ഒരു കൈപ്പത്തി ചുരുട്ടി വെച്ച് മറ്റേ കൈ അതിനു മേലെ പൊതിഞ്ഞുപിടിച്ച് വയര്‍ ശക്തിയായി അഞ്ച് പ്രാവശ്യം മുകളിലേക്കും അകത്തേക്കും അമര്‍ത്തുക. 

ഗര്‍ഭിണികളിലും അമിത വണ്ണമുള്ളവരിലും വയറില്‍ അമര്‍ത്തുന്നതിന് പകരം നെഞ്ചില്‍ അമര്‍ത്തുക.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ബോധം നഷ്ടപ്പെട്ടെങ്കില്‍ സിപിആര്‍ നല്‍കി എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുക.


LATEST NEWS