ജിഎസ്ടി വന്നതോടെ അവശ്യമരുന്നുകള്‍ക്കു ക്ഷാമം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ജിഎസ്ടി വന്നതോടെ അവശ്യമരുന്നുകള്‍ക്കു ക്ഷാമം

അവശ്യമരുന്നുകള്‍ക്കു ജിഎസ്ടി വന്നതോടെ സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ ക്ഷാമം. പ്രമേഹവും രക്തസമ്മർദവും അടക്കം ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്ന് പലയിടത്തും കിട്ടാനില്ല. ജിഎസ്ടി നടപ്പിലാക്കിയശേഷം പുതിയ നികുതി നിരക്കില്‍ മരുന്നുകൾ മൊത്തവിതരണക്കാർ മെഡിക്കൽ ഷോപ്പുകൾക്കു വിതരണം ചെയ്യാൻ മടിക്കുന്നതാണ് പ്രതിസന്ധിക്കു കാരണം.

ജിഎസ്ടി പ്രകാരം മരുന്നുകളെ അഞ്ചു വിഭാഗമാക്കി തിരിച്ചിട്ടുണ്ട്. നികുതി ഇല്ലാത്തവ, 5, 12, 18, 28 ശതമാനം നികുതിയുള്ളവ എന്നിങ്ങനെയായിരുന്നു വിഭജനം. 6000 മുതൽ 7000 വരെ ബ്രാൻഡുകൾ സ്റ്റോക്ക് ചെയ്തിരിക്കുന്ന മെഡിക്കൽ ഷോപ്പുകാർക്കും ഓരോ മരുന്നും ഏതു വിഭാഗത്തിൽപ്പെടുന്നു എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ഇതിൽ 12% നികുതി ഏർപ്പെടുത്തിയ വിഭാഗത്തിലാണ് ജീവിതശൈലീ രോഗ മരുന്നുകളുടെ സ്ഥാനം. നിലവിൽ 5 ശതമാനം മൂല്യവർധിത നികുതിയാണ് മരുന്നുകൾക്കുള്ള നികുതി.

രക്തസമ്മർദം, പ്രമേഹം തുടങ്ങി വ്യാപകമായി കണ്ടുവരുന്ന രോഗങ്ങൾക്കുള്ള മരുന്നുകൾ ജിഎസ്ടി വന്നതോടെ പല മൊത്ത വിതരണക്കാരും വിതരണം ചെയ്യാതായി. 5% നികുതി ഏർപ്പെടുത്തിയ ഇൻസുലിൻ, ഡയാലിസിസ് ഇൻജക്ഷൻ എന്നിവയും കിട്ടാതായി. പഴയ നികുതി നിരക്കനുസരിച്ച് എംആർപി രേഖപ്പെടുത്തിയ സ്റ്റോക്കിൽപ്പെട്ട മരുന്നുകൾ പുതിയ ഘടനയനുസരിച്ചു വിറ്റാൽ 10 ശതമാനം വില നഷ്ടമാവുമെന്നാണ് മെഡിക്കൽ ഷോപ്പ് ഉടമകളുടെ പ്രതികരണം.

പഴയ സ്റ്റോക്കിൽപ്പെട്ട മരുന്നുകൾ ബില്ലില്ലാതെ വിൽക്കാമെന്നു വച്ചാൽ നിയമക്കുരുക്കും വരും. മൊത്തവിതരണക്കാർ മരുന്നുവിതരണം പഴയപടിയാക്കാതെ മരുന്നുലഭ്യത ഉറപ്പാക്കാൻ കഴിയില്ലെന്നാണ് ചെറുകിടക്കാരുടെ പക്ഷം.