ചിട്ടയായ ഭക്ഷണക്രമത്തിലൂടെ ആരോഗ്യം സംരക്ഷിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചിട്ടയായ ഭക്ഷണക്രമത്തിലൂടെ ആരോഗ്യം സംരക്ഷിക്കാം

ചിട്ടയായ ഭക്ഷണക്രമത്തിലൂടെ ആരോഗ്യം സംരക്ഷിക്കാം
ജീവിതത്തില്‍ ഏറ്റവും അവശ്യം വേണ്ടതാണ് ആരോഗ്യം. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്തെന്നും പണ്ട് മുതലേ പറഞ്ഞ് കേള്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ നല്ല ആരോഗ്യം വീണ്ടെടുക്കാന്‍ ചിട്ടയായ ഭക്ഷണക്രമം ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഒരു വ്യക്തിയുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിലും ഉണര്‍വും ഓജസും നല്‍കുന്നതിലും ഭക്ഷണത്തിനു വലിയ പ്രാധാന്യം ത്‌ന്നെയുണ്ട്. ഒരാളുടെ ഭക്ഷണരീതി, മാനസികാവസ്ഥ, ശാരീരികാവസ്ഥ എന്നിവയെല്ലാം ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മനസു ശരിയല്ലെങ്കില്‍ എന്തു കഴിച്ചിട്ടും കാര്യമില്ലെന്നു പഴയതലമുറക്കാര്‍ പറയുന്നതും ഇതുകൊണ്ടു തന്നെയാണ്. മാനസിക സംഘര്‍ഷം കുറച്ചു ചിട്ടയായ ഭക്ഷണക്രമത്തിലൂടെ നല്ല ആരോഗ്യസ്ഥിതി വീണ്ടെടുക്കാനാവും.

ഭക്ഷണത്തില്‍ ദിനവും പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. എന്നാല്‍ ഇന്ന് വിശ്വസിച്ച് മാര്‍ക്കറ്റുളില്‍ നിന്നും മറ്റും വാങ്ങുന്ന പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുവാന്‍ സാധിക്കുന്നതല്ല. ഇവയെല്ലാം പൂര്‍ണ്ണമായും വിഷം നിറഞ്ഞവയുമാണ്. വിഷ രഹിതമായ ഇവ കഴിക്കുവാനായി സ്വന്തം വീടുകളില്‍ ഉളള സ്ഥലങ്ങളിലും മറ്റും കൃഷി ചെയ്ത് പരിപാലിക്കേണ്ടതാണ്.വീടുകളില്‍ നമ്മള്‍ പരിപാലനം ചെയ്ത് നട്ടു വളര്‍ത്തുന്ന പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴിച്ച് നമ്മുടെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്. മാത്രമല്ല,കൊഴുപ്പ് കുറഞ്ഞ ആഹാര സാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അര്‍ബുദം പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്തും. 

നാരിന്റെ അംശം കൂടുതല്‍ അടങ്ങുന്ന ഭക്ഷണം, തവിട് മാറ്റാത്ത ധാന്യങ്ങള്‍(റാഗി, ഓട്സ്, ഗോതമ്പ്, കുത്തരി ചോറ്), മുളപ്പിച്ചതോ തൊലിയോടുകൂടിയതോ ആയ പയറുവര്‍ഗങ്ങള്‍ (ചെറുപയര്‍, കടല, ഗ്രീന്‍പീസ്), ഇലക്കറികള്‍, സാലഡുകള്‍, പഴവര്‍ഗങ്ങള്‍, പാതി വേവിച്ച പച്ചക്കറികള്‍ ഇവ കൂടുതലായി കഴിക്കുക. ഇവയോടൊപ്പം ചെറുമീനുകള്‍ കഴിക്കുന്നതും അത്യുത്തമം തന്നെ. ഇവയില്‍ നല്ല കൊഴുപ്പായ ഒമേഗ-3 ഫാറ്റി ആസിഡ് കൂടുതലടങ്ങിയ ഭക്ഷണങ്ങളായ ചെറുമീനുകള്‍ (അയല, മത്തി, കൊഴുവ) ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ഇതിനെല്ലാം പുറമെ ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ഭക്ഷണം ശീലിക്കുന്നതും നല്ലതാണ്.ശരീരത്തെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്ന ഗ്രീന്‍ ടീ, ഡാര്‍ക്ക് ചോക്ലേറ്റ്(ഇതില്‍ കൊക്കോയുടെ അളവ് കൂടുതലാണ്) എന്നിവ കഴിക്കണം. ഗ്രീന്‍ടീ പലതവണ തിളപ്പിച്ച് ഗുണനിലവാരം നഷ്ടപ്പെടുത്തരുത്. കൂടാതെ പച്ചമുളക്, നെല്ലിക്ക, നാരങ്ങ, കാന്താരിമുളക്, ഉലുവ, സവാള, ഉള്ളി, ഇരുമ്പന്‍പുളി ഇവയെല്ലാം ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താനും ശ്രദ്ധിക്കുക. ഇവ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ വേവിച്ചു ഗുണനിലവാരം നഷ്ടപ്പെടാതെ നോക്കേണ്ടതാണ്.

ആരോഗ്യ സംരക്ഷണത്തിനായി ഊര്‍ജം കൂടുതല്‍ അടങ്ങിയ കിഴങ്ങുവര്‍ഗങ്ങളായ ചേന, ചേമ്പ്്, കപ്പ, കാച്ചില്‍, ഉരുളക്കിഴങ്ങ് എന്നിവ കൂടുതലായി കഴിക്കരുത്. ഇവ ചോറിനൊപ്പം കഴിക്കുകയാണെങ്കില്‍ ചോറിന്റെ അളവിലും കിഴങ്ങുവര്‍ഗത്തിന്റെ അളവിലും നിയന്ത്രണം വേണം. മാത്രമല്ല ലഘുഭക്ഷണങ്ങളായ ചിപ്സ്, വിവിധതരം ഉപ്പേരികള്‍, എണ്ണയില്‍ വറുത്ത ഇറച്ചി, മീന്‍, മുട്ട എന്നിവ മിതപ്പെടുത്തണം. ബേക്കറി ഉല്‍പന്നങ്ങളായ പഫ്സ്, കട്ലറ്റ്, സമോസ, ബര്‍ഗര്‍, കേക്ക്, പേസ്ട്രി, പ്രിസര്‍വേറ്റീവുകള്‍ ഉളള ജാം, സ്‌ക്വാഷ്, മധുരപലഹാരങ്ങളായ പായസം, ഐസ്‌ക്രീം, മില്‍ക്ഷേയ്ക് എന്നിവയുടെ ഉപയോഗവും മിതപ്പെടുത്തണം. കൂടാതെ,ചുവന്ന മാംസങ്ങളായ പോത്തിറച്ചി, ആട്ടിറച്ചി, കോഴിയിറച്ചി, പന്നിയിറച്ചി, കക്കയിറച്ചി, മുട്ടയുടെ മഞ്ഞക്കരു എന്നിവയില്‍ ഊര്‍ജവും കൊഴുപ്പും കൂടുതലാണ്. ഇവയുടെ ഉപയോഗത്തിലും നിയന്ത്രണം വേണം. പ്രധാന ഭക്ഷണനേരങ്ങളായ രാവിലെ, ഉച്ച, രാത്രി എന്നീ സമയങ്ങളിലെ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. സസ്യഭുക്കുകളാണെങ്കില്‍ പയറുവര്‍ഗങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുക. മാംസാഹാരങ്ങള്‍ കഴിക്കുന്നവര്‍ മീന്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. അന്നജം കഴിക്കുമ്പോള്‍ മാംസ്യം ഉള്‍പ്പെടുത്തിയ ഭക്ഷണം കഴിക്കേണ്ടത് അവശ്യമാണ്.

അമിതവണ്ണം പലരുടെയും പ്രശ്‌നമാണ്. ശരീരഭാരം കൂടിയാലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അമിതവണ്ണമുള്ളവരില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.അതുകൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇവയ്‌ക്കെല്ലാം പരിഹാരമായി വ്യായാമം നിത്യ ശീലമാക്കുക. അലസമായ ജീവിതം ആണ് മിക്ക രോഗങ്ങള്‍ക്കും ഹേതുവാകുന്നത്. വ്യായാമമില്ലാത്ത അവസ്ഥ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ഉണര്‍വ്വും ഊര്‍ജ്ജവുമുളള നല്ല ആരോഗ്യവും നേടിയെടുക്കാവുന്നതാണ്.
നല്ല ജീവിതശൈലി പാലിക്കുക: രോഗത്തിന്റെ അഭാവമല്ല അരോഗ്യം എന്നറിയുക.ആരോഗ്യകരമായ ജീവിത ശൈലി ആരോഗ്യപരിപാലനത്തിന് ആവശ്യമാണ്.
 


LATEST NEWS