നവജാത ശിശുക്കളെ പരിചരിക്കുന്നതെങ്ങനെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നവജാത ശിശുക്കളെ പരിചരിക്കുന്നതെങ്ങനെ

നവജാത ശിശുക്കളുടെ പരിചരണത്തിൽ അതീവ ശ്രദ്ധ നൽകണം. കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ മുതൽ ഫാനിന്റെ കാറ്റു കൊള്ളിക്കൽ വരെ.

കുളിപ്പിക്കല്‍

ഉച്ചയോടു കൂടി ചെറുചൂടുവെള്ളത്തിൽ വേണം നവജാത ശിശുക്കളെ കുളിപ്പിക്കാൻ. മാസം തികഞ്ഞ കുഞ്ഞുങ്ങളെ എണ്ണതേച്ച് മസാജ് ചെയ്ത് 10–15 മിനിറ്റ് കിടത്തുന്നതു കൊണ്ടു കുഴപ്പമില്ല. കുഞ്ഞിനെ തണുപ്പടിപ്പിക്കരുത്. വേഗം കുളിപ്പിച്ചു തോർത്തി ഉടുപ്പുകൾ ധരിപ്പിക്കുക. തലയും കൂടി മൂടിവച്ചാൽ നല്ലത്. തണുപ്പുകാലത്ത് മൃദുവായ തുണി ചെറു ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് തുടച്ചു വൃത്തിയാക്കാം. കുളിപ്പിക്കുമ്പോഴും തുടയ്ക്കുമ്പോഴും തല ഒടുവിൽ ചെയ്യുന്നതാണു നല്ലത്. തലയിൽ വെള്ളമൊഴിക്കുമ്പോൾ കുഞ്ഞിനെ കമഴ്ത്തിപ്പിടിക്കുക. കൈക്കുമ്പിളിൽ വെള്ളമെടുത്ത് കുറേശെ ഒഴിച്ചു തല കഴുകണം. കുളി കഴിഞ്ഞു തോർത്തുമ്പോൾ തല നല്ലവണ്ണം തോർത്തണം. ക്രീമോ പൗഡറോ ഇടുന്നതിനു കുഴപ്പമില്ല. പെൺകുട്ടികളുടെ ജനനേന്ദ്രിയ ഭാഗത്ത് പൗഡർ കുടഞ്ഞിടരുത്. പൊക്കിൾ തണ്ടിലോ പൊക്കിൾ തണ്ട് പൊഴിഞ്ഞതിനു ശേഷം പൊക്കിളിലോ വെള്ളമോ സോപ്പോ വീഴുന്നതു കൊണ്ടു കുഴപ്പമില്ല.

ഡയപ്പർ ഉപയോഗം

പഴയ തുണി ഉപയോഗിച്ച് തയാറാക്കിയ നാപ്കിനുകൾ തന്നെയാണ് നവജാതശിശുക്കല്‍ നല്ലത്. അലർജി ഉണ്ടാകില്ല. നനയുന്നതു കാണുമ്പോള്‍ നമ്മൾ മാറ്റുകയും ചെയ്യുന്നു. വീട്ടില്‍, പ്രത്യേകിച്ച് പകല്‍ സമയങ്ങളില്‍ പഴയ കോട്ടൺ തുണികൾ തന്നെ ഉപയോഗിക്കാൻ ശ്രമിക്കണം. രാത്രിയിൽ ഡിസ്പോസിബിൾ ഡയപ്പർ ഉപയോഗിക്കാം.  കുഞ്ഞിന്റെ ത്വക്കിനു നനവു വരാൻ സാധ്യതയില്ലാത്തവ വേണം ഉപയോഗിക്കാൻ.  ധരിപ്പിക്കുന്നവ കഴിവതും നേരത്തെ അഴിച്ചു മാറ്റുകയും ചെയ്യണം. ഡയപ്പർ ധരിക്കുന്നിടത്ത് തൊലി ചുവക്കുക, തടിക്കുക തുടങ്ങിയവ സംഭവിച്ചാൽ അവ ഒഴിവാക്കാനുള്ള ക്രീമുകൾ ഡോക്ടറുടെ നിർദേശാനുസരണം പരുട്ടുക.

വൃത്തിയാക്കൽ

മലമൂത്ര വിസർജ്ജനത്തിനു ശേഷമുള്ള വൃത്തിയാക്കൽ വളരെ പ്രധാനമാണ്. പ്രത്യേകിച്ചും പെൺകുഞ്ഞുങ്ങളിൽ. തുടയ്ക്കുന്നതിനു ചെറുചൂടുവെള്ളത്തിൽ കഴുകി ഉണക്കിയ മൃദുവായ തുണി വേണം ഉപയോഗിക്കുവാൻ. പെൺകുട്ടികളെ മലം പോയ ശേഷം കഴുകുമ്പോൾ വെള്ളം മുന്നിൽ നിന്നു പിന്നോട്ടേ ഒഴിക്കാവൂ. മൂത്രമൊഴിച്ചു കഴിയുമ്പോൾ വെള്ളം വെറുതെ പിറകോട്ട് ഒഴിച്ചു വിട്ടാൽ മതി. മലമൂത്ര വിസർജ്ജനം ഒരുമിച്ചു നടത്തിയാൽ ആദ്യം മുൻഭാഗവും തുടര്‍ന്ന് പിൻഭാഗവും വൃത്തിയാക്കുക. മലം കഴുകി മാറ്റിയ ശേഷം സോപ്പുപയോഗിച്ചു കഴുകണം.

ഫാനിന്റെ കാറ്റു കൊള്ളിക്കൽ

ഫാൻ ഫുൾസ്പീഡിൽ ഇട്ടാൽ കുഞ്ഞിനു ശ്വാസം മുട്ടൽ ഉണ്ടാകാം. ചെറിയ സ്പീഡിൽ ടേബിൾ ഫാനാണ് നല്ലത്. ഫാൻ പൊടിവിമുക്തമായിരിക്കണം..


LATEST NEWS