ജീന്‍ എഡിറ്റിങിലൂടെ പാരമ്പര്യരോഗങ്ങളെ അകറ്റി നിര്‍ത്താം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ജീന്‍ എഡിറ്റിങിലൂടെ പാരമ്പര്യരോഗങ്ങളെ അകറ്റി നിര്‍ത്താം

വാഷിങ്ടണ്‍: ജീന്‍ എഡിറ്റിങിന്റെ സഹായത്തോടെ പാരമ്പര്യരോഗങ്ങളെ അകറ്റിനിര്‍ത്താം. മനുഷ്യ ഭ്രൂണകോശങ്ങളില്‍ നിന്ന് പാരമ്പര്യരോഗങ്ങള്‍ക്ക് കാരണമായ ജനിതകതകരാറുകള്‍ എഡിറ്റ് ചെയ്ത് മാറ്റുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. സാധാരണ ജനിതക തകരാറുകളും ഗുരുതരമായ തകരാറുകളും ഒഴിവാക്കാന്‍ ജീന്‍ എഡിറ്റിങ് വഴി കഴിഞ്ഞു.

കാലിഫോര്‍ണിയ, ചൈന, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍  ഗവേഷകരുടെ സഹകരണത്തോടെ അമേരിക്കയില്‍ ഒറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍, ജനിതക തകരാറുള്ള ഡസണ്‍ കണക്കിന് ഭ്രൂണങ്ങളെ ജീന്‍ എഡിറ്റിങ് വഴി പരിഷ്‌ക്കരിച്ചു. '

നേച്ചര്‍' ജേര്‍ണലിന്റെ പുതിയ ലക്കത്തിലാണ് ഈ സുപ്രധാന മുന്നേറ്റത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.2011 ല്‍ ശാസ്ത്രലോകം രൂപപ്പെടുത്തിയ  ക്രിസ്പെര്‍-കാസ്9  ജീന്‍ എഡിറ്റിങ് വിദ്യ ഉപയോഗിച്ചാണ് ഭ്രൂണങ്ങളെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞത്. ജനിതക രോഗങ്ങളെ നിയന്ത്രിക്കാനുള്ള പുതിയ സാധ്യതയാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്. 

ഏത് ജിനോമില്‍ നിന്നും നിശ്ചിത ഡി.എന്‍.എ.ശ്രേണീഭാഗങ്ങളെ എഡിറ്റ് ചെയ്ത് നീക്കാനും കൂട്ടിച്ചേര്‍ക്കാനും തിരുത്തല്‍ വരുത്തുവാനും സഹായിക്കുന്ന നൂതന വിദ്യയാണ് ക്രിസ്‌പെര്‍. ഈ വിദ്യയിലൂടെ പാരമ്പര്യരോഗ വാഹകരായ ജീനുകളെ ഡി.എന്‍.എയില്‍ നിന്ന് ഒഴിവാക്കി അസംഖ്യം ജനിതക രോഗങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.

ഭ്രൂണത്തിലെ രോഗകാരിയായ നിശ്ചിത ജീനുകളോടെ കൃത്യതയോടെ എടുത്തു മാറ്റുകയാണ് ഗവേഷകര്‍ ചെയ്തത്. ഇതിലൂടെ പൂര്‍ണ്ണ ആരോഗ്യമുള്ള ഭ്രൂണങ്ങളാണ് ലഭിച്ചതെന്ന് ഗവേഷകനായ ജുവാന്‍ കാര്‍ലോസ് പറഞ്ഞു. പരീക്ഷണത്തിന് ഉപയോഗിച്ച ഭ്രൂണങ്ങള്‍ക്ക് അഞ്ച് ദിവസത്തെ വളര്‍ച്ചയേ അനുവദിച്ചുള്ളൂ. ഇത്തരം ഭ്രൂണകോശങ്ങള്‍ വളരാന്‍ അനുവദിച്ചാല്‍, അങ്ങനെയുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ആ ജനിതകരോഗം ഉണ്ടാകില്ല എന്ന് മാത്രമല്ല, അടുത്ത തലമുറയിലേക്കും ആ തകരാര്‍ എത്തുകയുമില്ല.


LATEST NEWS