അപ്പന്റിക്‌സിനെ നിസാരമായി കണ്ടാൽ മരണം വരെ ഉണ്ടാകാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അപ്പന്റിക്‌സിനെ നിസാരമായി കണ്ടാൽ മരണം വരെ ഉണ്ടാകാം

വൻകുടലിനോട് ചേര്‍ന്ന് ചെറുകുടലുമായി ചേരുന്നിടത്ത് ഒരു വിരലിന്‍റെ ആകൃതിയിൽ തൂങ്ങിക്കിടക്കുന്ന ഭാഗമാണ് അപ്പൻഡിക്സ്. വന്‍കുടലിന്റ്റെ ആദ്യഭാഗമായ സീക്കം (cecum) എന്ന ഭാഗത്താണ്‌ അപ്പൻഡിക്സ് കാണപ്പെടുന്നത് . ഇതിന് മൂന്നു മുതല്‍ പതിമൂന്ന് സെന്റീമീറ്റര്‍ വരെ നീളവും, പരമാവധി ആറ് മില്ലിമീറ്റര്‍ വ്യാസവും ആണ് ഉണ്ടാവുക.
അപ്പൻഡിക്സിനെ ബാധിക്കുന്ന അണുബാധയാണ് അപ്പൻഡിസൈറ്റിസ്. അപ്പന്‍ഡിസൈറ്റിസിന്റെ പ്രധാന ലക്ഷണം വയറു വേദനയാണ്. സാധാരണയായി പോക്കിളിന്റ്റെ ഭാഗത്തായി തുടങ്ങുന്ന വേദന പിന്നീട് വയറിന്റ്റെ താഴെ വലതുഭാഗത്തേക്ക് വ്യാപിക്കും.
പൊക്കിളിനോടു ചേര്‍ന്നുണ്ടാകുന്ന വേദനയാണ് ഒട്ടുമിക്ക ആളുകള്‍ക്കും ആദ്യം ഉണ്ടാകുന്നത്. ഇത് ക്രമേണ അടിവയറില്‍ നിന്ന് മുകളിലേക്ക് വ്യാപിക്കും. എന്നാല്‍ ഇത്തരത്തില്‍ ഉണ്ടാകുന്ന എല്ലാ വേദനയും അപ്പെന്‍ഡിസൈറ്റിന്റെ ആകണമെന്നില്ല. മണിക്കൂറുകള്‍ കഴിയുന്നതോടെ കടുത്തു വരുന്ന വേദനയെ സൂക്ഷിക്കണം. ഛർദ്ദി, വിശപ്പില്ലായ്‌മ എന്നിവ അനുഭവപ്പെടും. അടിവയറിൽ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്‌തിയായ വേദന ഉണ്ടാകും. ഇങ്ങനെ അമർത്തുമ്പോൾ വേദന മൂലം വയറിലെ മസിൽ മുറുകും.
ചെറിയതോതിലുള്ള പനിയാണ് സാധാരണ ഉണ്ടാകാറുണ്ട്. ശക്‌തിയായ പനി വളരെ അപൂർവമായേ ഉണ്ടാകൂ. ഇത് സൂചിപ്പിക്കുന്നത് അപ്പെൻഡിക്‌സിൽ പഴുപ്പ് ബാധിച്ചിട്ടുണ്ടെന്നാണ്. വെളുത്ത രക്‌താണുക്കളുടെ എണ്ണം കുറയുകയും ചെയ്യും. അസുഖത്തിന്റെ ആദ്യഘട്ടത്തിൽ മലബന്ധം അനുഭവപ്പെടാം. തീരെ ചെറിയ കുഞ്ഞുങ്ങൾ, വൃദ്ധർ, അമിതവണ്ണമുള്ളവർ എന്നിവരിൽ ശ്രദ്ധേയമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല.

അപ്പന്‍ഡിക്‌സില്‍ നിന്നും വന്‍കുടലിലേക്കുള്ള കവാടത്തിന് ഏതെങ്കിലുമൊക്കെ കാരണത്താല്‍ ഒരു തടസ്സം നേരിടുമ്പോഴാണ് അപ്പന്‍ഡിസൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്. മലം ഉറഞ്ഞ് ചെറിയ കല്ലുരൂപത്തിലാകുകയോ (Fecolith), വിരകള്‍, അണുബാധയാല്‍ വീങ്ങിയ കഴലകള്‍, വന്‍കുടലിലെ അപ്പന്‍ഡിക്‌സിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗത്തുള്ള ട്യൂമറുകള്‍ എന്നിവയൊക്കെ ഈ തടസ്സം സൃഷ്ടിക്കാം. പുറത്തേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ട അപ്പന്‍ഡിക്‌സിനുള്ളില്‍ മര്‍ദ്ദം ഉയരുകയും, ക്രമേണ അപ്പന്‍ഡിക്‌സിന്റ്റെ ഭിത്തിയിലേക്കുള്ള രക്തചംക്രമണം കുറഞ്ഞു വന്ന് ഉള്ളില്‍ ബാക്ടീരിയകള്‍ പെറ്റുപെരുകി പഴുപ്പാകുകയും ചെയ്യുന്നു. ചികിത്സയൊന്നും ചെയ്യാതെ ഈ അവസ്ഥ തുടര്‍ന്നാല്‍ അപ്പന്‍ഡിക്സ് പൊട്ടി ഈ പഴുപ്പ് വയറ്റിനകത്തേക്ക് ബാധിക്കുന്ന ഗുരുത്തരവസ്ഥയിലേക്ക് വരെ നീങ്ങാന്‍ സാധ്യതയുണ്ട്. തക്ക സമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ ഇത് മരണത്തില്‍ വരെ കലാശിച്ചേക്കാം.
എന്തെങ്കിലും കട്ടിയുള്ള ആഹാരസാധനങ്ങൾ ഉദാഹരണത്തിന് നാരങ്ങയുടെ വിത്ത്, കടല, പയറുമണി, മറ്റു ധാന്യങ്ങൾ എന്നിങ്ങനെയുള്ള കട്ടിയുള്ള ഭക്ഷണ പദാർത്ഥങ്ങൾ അപ്പെൻഡിക്‌സിൽ തടയുന്നതിന്റെ ഫലമായി രോഗം വരാൻ സാധ്യതയുണ്ട്.


ചികിത്സ വൈകിയാൽ അപ്പെൻഡിക്‌സിൽ പഴുപ്പ് വരും. അത് ഒരു മുഴ പോലെ വീർത്തു വരികയും പിന്നെ പൊട്ടുകയും ചെയ്യും. ഇങ്ങനെ പൊട്ടിയാൽ അതിലെ പഴുപ്പ് മുഴുവൻ വയറിലെ പെരിറ്റോണിയൽ കാവിറ്റിയിലേയ്‌ക്കു വ്യാപിക്കും. അത്യന്തം ഗുരുതരമായ പെരിറ്റോണൈറ്റിസ് എന്ന ഈ അവസ്‌ഥ രോഗിയുടെ മരണത്തിനു തന്നെ കാരണമായേക്കാം .
അപ്പെന്റിസൈറ്റിസ് ആണെന്നു തിരിച്ചറിയാനുള്ള പരിശോധനകൾ ഇപ്പോൾ ആശുപത്രികളിൽ ഉണ്ട്. ഒന്നാമതായി അപ്പെന്റിസൈറ്റിസ് മൂർധന്യാവസ്‌ഥയിലെത്തിയാൽ ശരീരോഷ്‌മാവ് നന്നായി വർധിക്കും. വെളുത്ത രക്‌താണുക്കളുടെ എണ്ണവും കൂടും. രക്‌തപരിശോധനയിലൂടെ പസ്‌കോശങ്ങൾ അഥവാ ന്യൂട്രോഫില്ലുകളുടെ അളവ് കൂടുതലാണോ എന്നറിയാം. വെളുത്തരക്‌താണുക്കളുടെ എണ്ണം കൂടുതലായാലും അറിയാനാകും. മൂത്രപരിശോധന നടത്തണം. മൂത്രത്തിൽ അണുബാധ അഥവാ യൂറിനറി ഇൻഫക്ഷൻ ഉണ്ടോ എന്നറിയാനാണിത്. മൂത്രത്തിൽ അണുബാധ വന്നാലും അടിവയറിൽ ശക്‌തമായ വേദന വരും. സ്‌ത്രീകൾക്ക് അണ്ഡാശയം, ഫലോപ്യൻ ട്യൂബ് വീക്കവും ഇതേ പോലെ വേദനയുണ്ടാക്കും.


അൾട്രാസൗണ്ട്, സി റ്റി സ്‌കാൻ പരിശോധനകളും ഫലപ്രദമാണ്. അപ്പെൻഡിക്‌സിൽ അണുബാധ തുടങ്ങുന്ന സമയത്തു തന്നെ ഇത് ചെയ്യുകയാണെങ്കിൽ രോഗം വളരെ പെട്ടെന്ന് നിർണയിക്കാനാകും
തുടക്കത്തിലാണെങ്കിൽ അപ്പെന്റിസൈറ്റിസ് മരുന്നുകൾ നൽകി ഭേദമാക്കാനാകും. ആന്റിബയോട്ടിക്കുകൾ, ഇൻട്രാവീനസ് ഫ്ലൂയിഡ്, വേദനയ്‌ക്കുള്ള മരുന്നുകൾ എന്നിവയാണ് സാധാരണയായി നൽകുന്നത്. വളരെ ലഘുവായ അവസ്‌ഥയിലാണെങ്കിൽ അപ്പെന്റിസൈറ്റിസ് തനിയെ മാറിപ്പോകാം. ബ്രോഡ് സ്‌പെക്‌ട്രം എന്ന ഗ്രൂപ്പിൽ പെട്ട ആന്റിബയോട്ടിക്കുകളാണ് സാധാരണ നൽകുന്നത്.
രോഗത്തിന്റെ ആരംഭത്തിൽ ആശുപത്രിയിലെത്തുന്ന രോഗിയ്‌ക്ക് 2 മുതൽ 3 ദിവസം വരെ ആഹാരം നൽകാതിരിക്കും. അങ്ങനെ കുടലിന് വിശ്രമം നൽകുന്നു. ഇതോടൊപ്പം മരുന്നും നൽകുകയാണു ചെയ്യുന്നത്. ഗുരുതരമല്ലാത്ത അപ്പെന്റിസൈറ്റിസുമായി വരുന്നവരിലാണിതു ചെയ്യുന്നത്. ഒരു തവണ മരുന്ന് കഴിച്ച് അപ്പെന്റിസൈറ്റിസ് മാറിയാലും അത് വീണ്ടും വരാൻ സാധ്യതയുണ്ട്. ചിലപ്പോൾ ശസ്‌ത്രക്രിയയും ആവശ്യമായി വന്നേക്കാം


സാധാരണഗതിയില്‍ ഒരു താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി ചെയ്യാവുന്ന ഒന്നാണ് അപ്പന്‍ഡിക്‌സ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ആശുപത്രി വിടാന്‍ സാധിക്കും. ശാരീരികാധ്വാനം ഇല്ലാത്ത ജോലികള്‍ ഒരാഴ്ചക്കകം തുടങ്ങാനും പറ്റും. എങ്കിലും ചില അവസരങ്ങളില്‍ സാമ്പ്രദായിക രീതിയിലുള്ള ശസ്ത്രക്രിയ വേണ്ടി വരും. വയറിന്റെ വലതു ഭാഗത് താഴെയായി ഒരു മുറിവുണ്ടാക്കിയോ, വയറ്റില്‍ പഴുപ്പ് ബാധിച്ച അവസ്ഥയില്‍, വയറു തുറന്നോ ആണ് ഇത് ചെയ്യുന്നത്.
തീരെ ചെറിയ കുഞ്ഞുങ്ങൾ, വൃദ്ധർ, അമിതവണ്ണമുള്ളവർ എന്നിവരിൽ ശ്രദ്ധേയമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. മാത്രമല്ല, അപ്പെൻഡിക്‌സ് പലപ്പോഴും അസാധാരണനിലകളിൽ അതായത്, സീക്കത്തിനു പിറകിൽ അല്ലെങ്കിൽ കുറേക്കൂടി താഴെ എന്നിങ്ങനെ കാണാറുണ്ട്. ഈ അവസ്‌ഥയിലും ശ്രദ്ധേയലക്ഷണങ്ങൾ ഒന്നും കണ്ടെന്നു വരില്ല. അത് പോലെത്തന്നെ പ്രമേഹമുള്ളവരിലും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. അതുകൊണ്ട് ഏതു തരത്തിലുള്ള വയറു വേദന വന്നാലും സ്വയം ചികിത്സക്ക് നിൽക്കാതെ വിദഗ്ധ ഉപദേശം തേടാൻ മടിക്കരുത്.


LATEST NEWS