പ്രളയം കഴിഞ്ഞപ്പോള്‍ എലിപ്പനി ഭീതിയില്‍ കേരളം; ശുചീകരണപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ അറിയാന്‍ എങ്ങനെയാണ് എലിപ്പനി പകരുന്നത്? എങ്ങനെ എലിപ്പനിയെ പ്രതിരോധിക്കാം?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയം കഴിഞ്ഞപ്പോള്‍ എലിപ്പനി ഭീതിയില്‍ കേരളം; ശുചീകരണപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ അറിയാന്‍ എങ്ങനെയാണ് എലിപ്പനി പകരുന്നത്? എങ്ങനെ എലിപ്പനിയെ പ്രതിരോധിക്കാം?

നമ്മുടെ നാട്ടിൽ, ജോലിയുമായി വളരെയധികം ബന്ധപ്പെട്ടുനിൽക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്‌പൈറോസിസ്.  പ്രളയത്തിനു ശേഷമുള്ള ഇക്കാലത്ത് എലിപ്പനി നാട്ടിൽ പടർന്നു പിടിക്കാൻ നല്ല സാധ്യതയുണ്ട്‌. ദിനംപ്രതി എലിപ്പനി വളരെയധികം പേരിൽ കണ്ടെത്തുന്നു, അവരിൽ ഗണ്യമായ ഒരു വിഭാഗം മരണത്തിന് കീഴടങ്ങുന്നു. വളരെ ലഘുവായ രോഗക്ഷണങ്ങൾ മുതൽ മേൽപ്പറഞ്ഞ പോലുള്ള തീർത്തും മാരകമായ രീതിയിൽ വരെ ഈ അസുഖം കാണപ്പെടാം. ആഗോളതലത്തിൽ, എലിപ്പനിയുടെ കഠിനരൂപമായ വീൽസ് സിൻഡ്രോം (Weil's syndrome)ഉണ്ടാകുന്നവരിൽ 1% മുതൽ 50% വരെ പേർ മരണത്തിനു കീഴടങ്ങുന്നു. കേരളത്തിൽ ഈ വർഷത്തെ കണക്കനുസരിച്ച്  1098 പേർക്ക് ഈ അസുഖം ഉണ്ടായത്തിൽ 29 പേർ; അതായത് 2.6% രോഗികൾ മരണത്തിനു കീഴടങ്ങി. ഡെങ്കിപ്പനി പോലെയുള്ള മറ്റ് അസുഖങ്ങളെ അപേക്ഷിച്ച്‌ വളരെ കൂടുതലാണ് ഇത്.

ലെപ്റ്റോസ്പൈറ വിഭാഗത്തിൽപ്പെടുന്ന ബാക്റ്റീരിയം ആണ് എലിപ്പനി ഉണ്ടാക്കുന്നത്. സസ്തനികളിൽ ഏതാണ്ട് എല്ലാ ജീവികളിലും ഈ അണുവിനെ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, എലികളിലാണ് ഇത് വളരെയധികം പെരുകുന്നത്. മിക്ക സസ്തനികളിലും ഈ ബാക്റ്റീരിയ യാതൊരു അസുഖവും ഉണ്ടാക്കാതെ അവയുടെ മൂത്രനാളിയിൽ കഴിയുന്നു. ഇക്കാരണത്താൽ തന്നെ, മൃഗങ്ങളുടെ മൂത്രത്തിലൂടെ ഇവ പുറത്തെത്തുകയും, അതുമായി സമ്പർക്കം പുലർത്തുന്ന മനുഷ്യർക്ക് അണുബാധ ഉണ്ടാവുകയും ചെയ്യുന്നു.

എങ്ങനെ മനുഷ്യർക്ക് ഈ അണുബാധ ഉണ്ടാകുന്നു എന്നു നോക്കാം. മൃഗങ്ങളെ പരിപാലിക്കുന്നവർ, അവയുടെ മൂത്രവുമായി നേരിട്ട് സമ്പർക്കം പുലർത്തിയാൽ, ഉദാഹരണത്തിന് തൊലിപ്പുറമേ മുറിവുമായി വെള്ളം കയറിയ വീടും പരിസരവും വൃത്തിയാക്കുന്ന ആളുടെ മുറിവിൽ അണുബാധയുള്ള മൂത്രം തട്ടിയാൽ, അവരിലേക്ക് രോഗാണു പകരാം. എന്നാൽ ഇക്കാലത്ത് നമ്മുടെ നാട്ടിൽ കാണുന്ന അണുബാധ മറ്റൊരു തരത്തിലാണ് സംഭവിക്കുക. എലിയുടെ, അല്ലെങ്കിൽ രോഗാണുവാഹകനായ മറ്റേതു മൃഗത്തിന്റെ മൂത്രം കൊണ്ട് മലിനമായ ജലത്തിൽ നിന്ന്. മൃഗങ്ങളുടെ മൂത്രത്തിലൂടെ ജലത്തിലെത്തുന്ന ലെപ്റ്റോസ്പൈറയ്ക്ക് ആഴ്ച്ചകളോളം ജലത്തിൽ ജീവിക്കാനുള്ള കഴിവുണ്ട്. മലിനജലത്തിൽ ഇറങ്ങിനിന്ന് ജോലിചെയ്യുന്നവർക്ക് ഇങ്ങനെയാണ്‌ അസുഖം ഉണ്ടാവുക. വെള്ളത്തിൽ മുങ്ങി ജോലിചെയ്യുന്ന ആളുകളിൽ, മുറിവുകളില്ലെങ്കിൽ കൂടി, അവരുടെ കണ്ണിലെയും വായ്ക്കുള്ളിലെയും നേർത്ത ചർമ്മത്തിലൂടെയും ഈ അണുവിന് നേരിട്ട് ശരീരത്തിൽ പ്രവേശിക്കാം. പൈനാപ്പിൾ കൃഷിയിടങ്ങളിലെ ജോലിക്കാരുടെ കൈകളിൽ ഇപ്പോഴും മുള്ളുകൊണ്ടുള്ള ചെറിയ മുറിവുകൾ കാണും. എലിശല്യമുണ്ടെങ്കിൽ ഈ ചെടികളിൽ എലിമൂത്രം ഉണ്ടാകാനും അങ്ങനെ അണുബാധ പകരാനും സാധ്യതയുണ്ട്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ ജോലിക്കാർക്കും മുറിവുപറ്റാനും ഈർപ്പമുള്ള ഇടങ്ങളിൽ ജോലിചെയ്യുകവഴി രോഗം വരാനും സാധ്യത ഏറെയാണ്.

ആണു ശരീരത്തിൽ കടന്നതിനുശേഷം 1 മുതൽ 30 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം. ഭൂരിഭാഗം രോഗികൾക്കും വളരെ ലഘുവായ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകൂ. നേരിയ പനി, കുളിര്, ശരീരവേദന, തലവേദന, ഛർദ്ദി, വയറുവേദന, കണ്ണിനു ചുവപ്പുനിറം എന്നിവ ഉണ്ടാകാം. ലഘുവായ തരം രോഗം 7 മുതൽ 10 ദിവസം നീണ്ടുനിൽക്കുകയും, ചികിത്സ ഒന്നുമില്ലെങ്കിൽ പോലും പൂർണ്ണമായി സുഖപ്പെടുകയും ചെയ്യുന്നു.

എലിപ്പനിയുടെ കഠിനരൂപമായ 'വീൽസ് സിൻഡ്രോം' എന്ന അവസ്ഥ വളരെ അപകടകരവും, ചികിത്സ കൃത്യമായി കിട്ടിയാൽ പോലും ഒരു വലിയ ശതമാനം പേരിൽ മാരകവും ആണ്. മേൽപ്പറഞ്ഞ ലക്ഷണങ്ങളുമായി തുടങ്ങുന്ന രോഗം, ക്രമേണ മറ്റ് അവയവങ്ങളെ ബാധിച്ചു തുടങ്ങുന്നു. രക്തസ്രാവം, മഞ്ഞപ്പിത്തം, വൃക്കരോഗം എന്നിവയാണ് വീൽസ് സിൻഡ്രോമിൽ കൂടുതലായി കാണുക. ഇവയ്ക്കുപുറമേ തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ, താഴ്ന്ന രക്തസമ്മർദ്ദം, ശ്വാസതടസ്സം എന്നിവയും കാണപ്പെടുന്നു. കൂടുതൽ അവയവങ്ങളെ ബാധിക്കുന്നത് അസുഖത്തിന്റെ മാരകശേഷി കൂട്ടുന്നു. വൃക്കരോഗത്തിനു ചികിൽസയായി ഡയാലിസിസ് വേണ്ടിവന്നേക്കാം. മറ്റു പല പനികളിൽ കാണുന്നതുപോലെ എലിപ്പനിയിലും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നു. ഇതും രക്തസ്രാവത്തിനു കാരണമാകുന്നു.

▪ രോഗനിർണയം

രോഗനിർണ്ണയം രക്തപരിശോധനയിലൂടെ സാധ്യമാണ്. അതോടൊപ്പം സങ്കീർണ്ണതകൾ നിർണ്ണയിക്കാനായുള്ള ലബോറട്ടറി പരിശോധനകൾ, ഇ സി ജി, അൾട്രാസൗണ്ട് സ്കാൻ, സി ടി സ്കാൻ എന്നിവയും വേണ്ടിവന്നേക്കാം.

▪ ചികിത്സ

ചികിത്സയായി ലെപ്‌റ്റോസ്പൈറയ്‌ക്കെതിരെ ഉള്ള ആന്റിബയോട്ടിക്കുകൾ നൽകുന്നു. ഡോക്സിസൈക്ലിൻ, പെനിസിലിൻ എന്നിവയാണ് ഏറ്റവും ഫലപ്രദമായവ. ചികിത്സ വൈകുന്നത് സങ്കീർണ്ണതകൾക്ക് സാധ്യത കൂട്ടുന്നു. ഇതിനുപുറമെ, രോഗം ബാധിക്കുന്ന അവയവത്തെ അനുസരിച്ച് ഡയാലിസിസ് പോലുള്ള മറ്റു ചികിത്സകൾ നല്കേണ്ടിവരുന്നു. എന്നിരുന്നാലും, വീൽസ് സിൻഡ്രോം വരുന്ന രോഗികളിൽ ഒരു ഗണ്യമായ ശതമാനം പേർ മരണത്തിനു കീഴടങ്ങുന്നു എന്നത് സമ്മതിച്ചേ പറ്റൂ.

▪ രോഗ പ്രതിരോധം

രോഗപ്രതിരോധത്തിന്റെ പ്രസക്തി ഇവിടെയാണ്. മൃഗങ്ങളുടെ മൂത്രവുമായി സമ്പർക്കം സാധ്യതയുള്ളവർ (ഉദാ: ശുചീകരണ പ്രവർത്തകർ കൂടാതെ, മൃഗപാലകർ, മൃഗഡോക്ടർമാർ, പാടത്തു ജോലിചെയ്യുന്നവർ, പൈനാപ്പിൾ കൃഷിക്കാർ, ജലത്തിൽ ഇറങ്ങി മത്സ്യബന്ധനം ചെയ്യുന്നവർ..)കഴിവതും അത് ഒഴിവാക്കാൻ വേണ്ടത് ചെയ്യണം. മുട്ടറ്റം എത്തുന്ന കാലുറ, കൈയുറ എന്നിവ ഉപയോഗിക്കുക. മലിനജലത്തിൽ മുങ്ങാതെ ശ്രദ്ധിക്കുക. മുറിവുള്ളവർ ഇത്തരം സമ്പർക്കം തീർത്തും ഒഴിവാക്കുക. ഇതിനുപുറമെ, രോഗം തടയാനായുള്ള മരുന്നുകൾ ലഭ്യമാണ്. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഡോക്സിസൈക്ലിൻ ഗുളിക രണ്ടെണ്ണം (200മില്ലിഗ്രാം) ആഴ്ചയിലൊരിക്കൽ കഴിക്കാം. 12 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് ഈ ഡോസ്. 2 വയസ്സുമുതലുള്ള കുട്ടികൾക്കും ഡോക്സിസൈക്ലിൻ കൊടുക്കാം; ശരീരഭാരമനുസരിച്ചു ഡോസ് നിർണ്ണയിക്കണം. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ അമോക്‌സിസിലിൻ എന്ന മരുന്നാണ് ഉപയോഗിക്കേണ്ടത്. പ്രളയശേഷമുള്ള ശുചീകരണജോലിയിൽ ഏർപ്പെടുന്ന എല്ലാവർക്കും സർക്കാർ ആശുപത്രികൾ വഴി ഇവ വിതരണം ചെയ്തുവരുന്നു. 
എല്ലാറ്റിനുമുപരി, സ്വന്തം ആരോഗ്യവും സ്വജീവനും രക്ഷിക്കേണ്ടത് അവരവർ തന്നെ. മേൽപ്പറഞ്ഞ അപകടകരമായ ജോലികൾ ചെയ്യുമ്പോൾ ശ്രദ്ധ അവശ്യം ഉണ്ടാവണം. എലിപ്പനി..അത് മാരകം തന്നെയാണ്.

കടപ്പാട്; ഡോ. മനു മുരളീധരൻ
ശിശുരോഗവിദഗ്ദ്ധൻ
കുടുംബാരോഗ്യ കേന്ദ്രം
കുമരകം


LATEST NEWS