നഖം കടിക്കുന്ന ശീലം ഉണ്ടോ? എങ്കിൽ നിങ്ങൾ സൂക്ഷിക്കുക

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നഖം കടിക്കുന്ന ശീലം ഉണ്ടോ? എങ്കിൽ നിങ്ങൾ സൂക്ഷിക്കുക

നഖംകടി വളരെ സാധാരണമായ ഒരു ശീലമാണ്. നിങ്ങൾക്കു ചുറ്റിലും ആരെങ്കിലും ഇപ്പോൾ നഖം കടിച്ചു കൊണ്ടിരിക്കുകയാവും. ലോകജനസംഖ്യയിൽ 20 മുതൽ 30 ശതമാനം പേരെ ബാധിക്കുന്നതാണ് ‘ഓണിക്കോഫാഗിയ’ എന്ന നഖംകടി ശീലം എന്നറിയാമോ? വെറുതെ ബോറടിക്കുമ്പോഴാവും നമ്മളിൽ പലരും നഖം കടിക്കുന്നത്. എന്നാൽ ഉത്കണ്ഠ, സമ്മർദ്ദം , ഒബ്സസീവ് കംപൽസീവ് ഡിസോർഡർ മുതലായവയും പുറമേക്ക് നിസാരമെന്നു തോന്നാവുന്ന ഈ ശീലത്തിനു പിന്നിലുണ്ട്.

നഖം കടിക്കുന്നതു മൂലം ബാക്ടീരിയെയും ഫംഗസ് അണു ബാധകളെയുമെല്ലാം നമ്മൾ ശരീരത്തിലേക്ക് ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. ഇതു മൂലം പനി, ജലദോഷം ഇവ ഉണ്ടാകാനുള്ള സാധ്യത കൂടും. മാത്രമോ നമ്മുടെ പുഞ്ചിരിയെപ്പോലും ഇല്ലാതാക്കാൻ നഖം കടി ശീലത്തിനു കഴിയും എന്നാണ് മയോക്ലിനിക് ഗവേഷകർ പറയുന്നത്.

ഇടയ്ക്കൊന്ന് നഖം കടിച്ചാൽ എന്തു പറ്റാനാ എന്നാവും അല്ലേ. എന്നാൽ കേട്ടോളൂ നഖങ്ങൾക്കിടയിൽ നിരവധി കീടാണുക്കൾ ഉണ്ട്. നഖം കടിക്കാത്തവരേക്കാൾ നഖം കടിക്കുന്നവരുടെ ഉമിനീരിൽ ഇ കോളിബാക്ടീരിയ മൂന്നിരട്ടിയാണ് ഉള്ളത്. നഖത്തിനിടയിൽ രോഗാണുക്കളായ സ്റ്റെഫിലോ കോക്കസ്, സ്ട്രെപ്, കാരിൻ ഫോം ബാക്ടീരിയകൾ ഉണ്ട്. നഖം കടിക്കുകവഴി ഇവ ശരീരത്തിലെത്തും. നഖം കടി പല്ലിനെയും മോണകളെയും കേടു വരുത്തും. നഖം കടിക്കുന്നതു മൂലം മുന്നിലെ പല്ലിന് പൊട്ടലും പോറലും വീഴും. കൂടാതെ മോണവേദനയ്ക്കും മോണയിലെ കലകളുടെ നാശത്തിനും കാരണമാകും.

നഖങ്ങളെയും ഈ ശീലം ചീത്തയാക്കും. നഖം ശരിയായി വളരാതിരിക്കുകയും നഖത്തിൽ പോറലുകളും പാടുകളും ഉണ്ടാവുകയും ചെയ്യും. ചിലർ കുട്ടിക്കാലം മുതലേ നഖം കടി ഒരു പതിവാക്കിയവരാകും അവർ പോലും അറിയാതെയാകും ഈ ശീലം തുടരുന്നത്. അടുത്തിടപഴകുന്ന വരോടോ സുഹൃത്തുക്കളോടോ നഖം കടിക്കുമ്പോൾ അരുത് എന്ന് ഓർമ്മപ്പെടുത്താൻ ആവശ്യപ്പെടാം. നഖം വൃത്തിയായി വെട്ടി നിർത്തുക എന്നതും പരിഹാരമാണ്. ച്യൂയിംഗം പോലുള്ളവ ചവയ്ക്കുന്നതും വായിലേക്ക് നഖം കൊണ്ടു പോകുന്നതിനെ തടയും. ഉത്കണ്ഠയും സമ്മർദ്ദവും ആണ് പലപ്പോഴും ഈ ശീലത്തിനു കാരണം. മനസ്സിനെ ശാന്തമാക്കുന്ന പ്രവർത്തികളിൽ ഏർപ്പെടാം. ഇവയെല്ലാം ശീലമാക്കാം. ഇത് സമ്മർദ്ദവും ഉത്കണ്ഠയും അകറ്റുകയും അതു വഴി നഖം കടിക്കുന്ന ശീലം ഒഴിവാക്കാനും സാധിക്കും.


LATEST NEWS