നഖത്തിന്റെ നിറം ബ്രൗണ്‍ ആകുന്നുണ്ടോ എങ്കില്‍ ഈ രോഗത്തെ സൂക്ഷിക്കുക 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നഖത്തിന്റെ നിറം ബ്രൗണ്‍ ആകുന്നുണ്ടോ എങ്കില്‍ ഈ രോഗത്തെ സൂക്ഷിക്കുക 

നമ്മുക്ക് രോഗങ്ങള്‍ കൂടുതലായി പടരുന്നത് കൈകാലുകളില്‍ നിന്നായിരിക്കും. എത്രത്തോളം വൃത്തിയായി സൂക്ഷിക്കാന്‍ പറ്റുന്നോ അത്രത്തോളം നമ്മുടെ കൈകാലുകളും നഖങ്ങളും സൂക്ഷിക്കുക.  നഖത്തിന്റെ നിറം മാറുന്നതില്‍ തന്നെ രോഗലക്ഷണങ്ങള്‍ അറിയാന്‍ സാധിക്കും. നഖത്തിന്റെ നിറം നോക്കിയാല്‍ വൃക്കരോഗം ഉള്‍പ്പടെയുള്ള പല രോഗങ്ങളും തിരിച്ചറിയാനാകും. 

നഖത്തിന്റെ വിരലറ്റത്തോടു ചേരുന്നിടത്ത് ബ്രൗണ്‍ നിറവും മറുഭാഗത്തു വെള്ളനിറവും കാണുന്നത് വൃക്കരോഗത്തിന്റെ സൂചനയാണ്. നഖത്തിലെ ചന്ദ്രക്കല പോലുള്ള ഭാഗത്തിന് സമാന്തരമായി രണ്ടു വെളുത്ത വരകളും അവയ്ക്കിടയില്‍ സ്വാഭാവിക നിറത്തിലുള്ള നഖവുമുള്ളത് രക്തത്തിലെ ആല്‍ബുമിന്റെ കുറവിനെ സൂചിപ്പിക്കുന്നു.

ലിവര്‍ സിറോസിസ് രോഗമുള്ളവരില്‍ വിരലറ്റത്തുള്ള നഖം സ്വാഭാവികമായ നിറത്തോടു കൂടിയും മറുഭാഗം വെളുപ്പു നിറത്തോടു കൂടിയും കാണപ്പെടും. നഖത്തിനു ലംബമായി ബ്രൗണ്‍ നിറത്തിലുള്ള വരകള്‍ പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. ചര്‍മത്തിനു നിറം കുറവുള്ളവരില്‍ സ്വാഭാവികമായി ഇങ്ങനെ കാണാം. ചില മരുന്നുകളുടെ ഉപയോഗം മൂലവും അഡ്രീനല്‍ ഗ്രന്ഥി, പിറ്റിയൂട്ടറി ഗ്രനഥി, തൈറോയ്ഡ് ഗ്രന്ഥി എന്നിവയുടെ പ്രവര്‍ത്തന വൈകല്യം കൊണ്ടും വൈറ്റമിന്‍ B12-ന്റെ കുറവു കൊണ്ടും ഇങ്ങനെ വരാം. വളരെ അപൂര്‍വമായി മെലനോമ എന്ന കാന്‍സറിന്റെ ലക്ഷണവുമാകാം. 

വിരലിന്റെ അഗ്രങ്ങളില്‍ ഉണ്ടാകുന്ന നീര്‍വീക്കം കാരണം നഖം ചര്‍മോപരിതലത്തില്‍ നിന്ന് ഉയര്‍ന്നു കാണപ്പെടുന്ന ക്ലബ്ബിങ് അവസ്ഥ ചില രോഗങ്ങളുടെ സൂചനയാണ്. ഇങ്ങനെയുള്ള 80 ശതമാനം പേരിലും ശ്വാസകോശ രോഗങ്ങള്‍ കാണപ്പെടുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവരിലും കരള്‍, ആമാശയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തന വൈകല്യമുള്ളവരിലും ക്ലബ്ബിങ് ഉണ്ടാകാം.

സ്പൂണിന്റെ രൂപത്തിലുള്ള നഖങ്ങള്‍ ക്ഷതങ്ങളുടെ ഫലമായും സോറിയാസിസ്, പൂപ്പല്‍ബാധ എന്നിവ കൊണ്ടുണ്ടാകാമെങ്കിലും ഇരുമ്പിന്റെ അഭാവം കൊണ്ടുള്ള വിളര്‍ച്ചയാണ് ഇതു കാണിക്കുന്നത്. വേഗം പൊട്ടുന്നതും വിള്ളലുകളുള്ളതും വളര്‍ച്ചാനിരക്കു കുറവുള്ളതുമായ നഖം തൈറോയ്ഡിന്റെ പ്രവര്‍ത്തനക്കുറവാണു കാണിക്കുന്നത്. ചര്‍മത്തില്‍ നിന്നു നഖം ഇളകുന്നതും ക്ലബ്ബിങ്ങും തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവര്‍ത്തനമുള്ളവരില്‍ കാണുന്നു.

നഖത്തില്‍ വരയുടെ രൂപത്തില്‍ കാണുന്ന ചെറിയ രക്തസ്രാവം അത്ര സാധാരണമല്ലെങ്കിലും ഹൃദയകോശങ്ങള്‍ക്കുണ്ടാകുന്ന അണുബാധയാണു കാണിക്കുന്നത്. നഖത്തിലെ ചന്ദ്രക്കല പോലുള്ള ഭാഗത്തു നീലനിറം ഉണ്ടാകുന്നത് വില്‍സണ്‍സ് ഡിസീസ് എന്ന അപൂര്‍വ കരള്‍ രോഗത്തിന്റെ ലക്ഷണമാണ്. മഞ്ഞപ്പിത്തം ഉണ്ടെങ്കിലും ശരീരത്തിലെ ഓക്‌സിജന്റെ അളവു കുറഞ്ഞാലും യഥാക്രമം മഞ്ഞ, നീല എന്നീ നിറവ്യത്യാസങ്ങള്‍ ആദ്യം ദൃശ്യമാകുന്നത് നഖത്തിലാണ്.  

നഖത്തില്‍ ചെറിയ വെള്ള വരകളും വെളുത്ത കുത്തുകളും പ്രത്യേകിച്ചു രോഗങ്ങളൊന്നുമില്ലെങ്കിലും കാണാറുണ്ട്. ദീര്‍ഘനാള്‍ ഇവ കാണപ്പെടുകയാണെങ്കില്‍ ആര്‍സെനിക്, ലെഡ് തുടങ്ങിയവ അമിത അളവില്‍ ശരീരത്തിലുണ്ടോ എന്നു പരിശോധിക്കണം. 


LATEST NEWS