മുലക്കണ്ണിൽ നിന്നുള്ള സ്രവം; ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുലക്കണ്ണിൽ നിന്നുള്ള സ്രവം; ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

എന്താണ് മുലക്കണ്ണിൽ നിന്നുള്ള സ്രവം?

സ്തനവുമായി ബന്ധപ്പെട്ട ഒരു സാധാരണ ലക്ഷണമാണ് മുലക്കണ്ണിൽ നിന്നുള്ള സ്രവം. മുലക്കണ്ണുകളിൽ നിന്ന് എന്തെങ്കിലും സ്രവം ഊറിവരുന്നതിനെയാണ് ഇത്തരത്തിൽ പറയുന്നത്. ഒരു മുലക്കണ്ണിൽ നിന്നോ രണ്ടെണ്ണത്തിൽ നിന്നുമോ മർദം ചെലുത്തുമ്പോഴോ സ്വാഭാവികമായോ സ്രവങ്ങൾ ഉണ്ടാകാം.

കാരണങ്ങൾ

ഗർഭിണിയായിരിക്കുമ്പോഴും പാലൂട്ടുന്ന സമയത്തും ഇത് ഒരു സാധാരണ സംഭവമായിരിക്കും. മുലയൂട്ടുന്ന സമയത്ത് സ്ത്രീകളുടെ രണ്ട് മുലക്കണ്ണുകളിൽ നിന്നും പാൽ നിറത്തിലുള്ള സ്രവമുണ്ടാകാം. ചില സ്ത്രീകളിൽ ഗർഭത്തിന്റെ രണ്ടാമത്തെ ട്രൈമസ്റ്ററിൽ തന്നെ പാൽ ഉത്പാദനം നടക്കുകയും മുലയൂട്ടൽ നിർത്തിക്കഴിഞ്ഞ് രണ്ട് വർഷം വരെ ഇത് തുടരുകയും ചെയ്തേക്കാം.

മുലക്കണ്ണിൽ നിന്നുള്ള സ്രവത്തിന് ഗർഭവുമായി ബന്ധമില്ലാത്ത മറ്റു കാരണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

ഡക്റ്റ് പാപില്ലോമ – സ്തനങ്ങളിലെ നാളികളിൽ ഉണ്ടാകുന്ന ചെറുതും മിക്കപ്പോഴും അപകടകരമല്ലാത്തതുമായ വളർച്ച. പാൽ ഗ്രന്ഥികളിൽ നിന്ന് മുലക്കണ്ണുകളിലേക്ക് പാൽ വഹിച്ചുകൊണ്ടുവരുന്ന നാളികളാണ് ‘ബ്രസ്റ്റ് ഡക്റ്റുകൾ’. സാധാരണയായി, ഇത്തരം സ്രവങ്ങളിൽ രക്തമയം കാണും.

ഡക്റ്റ് എക്റ്റേഷ്യ – സ്തനങ്ങളിൽ വരുന്ന അപകടകരമല്ലാത്ത മാറ്റങ്ങളുടെ ഫലമായി ഉണ്ടാകുന്ന നിറമില്ലാത്തതോ പാൽക്കട്ടിയെ പോലെയുള്ളതോ ആയ സ്രവങ്ങൾ.

സ്തനങ്ങളിലോ മുലക്കണ്ണിലോ ഉണ്ടാകുന്ന കുരുക്കൾ – സ്തനങ്ങളിലെ കോശകലകളിലോ മുലക്കണ്ണിനു ചുറ്റുമോ പഴുപ്പും വേദനയും ഉണ്ടാകുന്ന അവസ്ഥ. മിക്കവാറും അണുബാധയായിരിക്കും കാരണം.

അപകടസാധ്യതാ ഘടകങ്ങൾ

സ്തനങ്ങളിൽ നിന്നുള്ള സ്രവങ്ങൾക്കുള്ള അപകടസാധ്യതാ ഘടകങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്.

പ്രായപൂർത്തിയാകുന്ന അവസരത്തിലും ആർത്തവ സമയത്തുമുള്ള ഹോർമോൺ വ്യതിയാനങ്ങൾ.

മുലക്കണ്ണുകൾ ഉത്തേജിപ്പിക്കുന്നത്.

ചില മരുന്നുകൾ ഉപയോഗിക്കുന്നതു മൂലം പാൽ സ്രവിപ്പിക്കുന്നതിന് സഹായകമാവുന്ന പ്രോലാക്റ്റിൻ ഹോർമോണിന്റെ നില ഉയരുന്നത്.

തൈറോയിഡ് ഗ്രന്ഥി പ്രവർത്തിക്കാത്തത്.

സ്തനങ്ങളെ ബാധിക്കുന്ന പാജറ്റ്സ് രോഗം (Paget’s disease).

ഗലാക്റ്റസീൽ – പാൽ നാളി തടസ്സപ്പെടുന്നത്.

കാർസിനോമ ഇൻ സൈറ്റു – സ്തനാർബുദത്തിന്റെ പ്രാരംഭ രൂപം.

മുലക്കണ്ണുകളിൽ നിന്നുള്ള സ്രവവും ക്യാൻസറും

കൂടുതൽ കേസുകളിലും മുലക്കണ്ണുകളിൽ നിന്നുള്ള സ്രവം സ്തനങ്ങളിലെ ക്യാൻസറിന്റെ (സ്തനാർബുദം) സൂചനയായിരിക്കില്ല. എന്നിരുന്നാലും, ഇനി പറയുന്ന വിധത്തിലുള്ളതാണെങ്കിൽ അത് ക്യാൻസറിന്റെ സൂചനയായിരിക്കാം;

സ്തനത്തിൽ മുഴ ഉള്ളതിനൊപ്പം സ്തനത്തിലെ ചർമ്മത്തിൽ അനുബന്ധ മാറ്റങ്ങൾ ഉണ്ടാവുക.

ഒരു മുലക്കണ്ണിൽ നിന്ന് രക്തത്തോടു കൂടിയ സ്രവം ഉണ്ടാവുക.

സ്വമേധയാ ഉള്ള സ്രവം.

50 വയസ്സിനു മുകളിൽ ഉള്ളവരിൽ മുലക്കണ്ണിൽ നിന്ന് സ്രവം ഉണ്ടാവുകയാണെങ്കിൽ.

ലക്ഷണങ്ങൾ

രണ്ട് മുലക്കണ്ണുകളിൽ നിന്നും സ്രവം ഉണ്ടാവുകയാണെങ്കിൽ, പ്രത്യേകിച്ച് മർദ്ദം ചെലുത്തുമ്പോൾ, അത് സ്വാഭാവികമായിരിക്കാനാണ് കൂടുതൽ സാധ്യത.

ഒരു മുലക്കണ്ണിൽ നിന്ന് മാത്രം സ്വമേധയാ രക്തം കലർന്ന സ്രവം ഉണ്ടാവുകയാണെങ്കിൽ അത് അസ്വാഭാവികമായിരിക്കാനാണ് സാധ്യത കൂടുതൽ. സ്രവത്തിന്റെ നിറത്തെ മാത്രം അടിസ്ഥാനമാക്കി അത് സ്വാഭാവികമാണോ അല്ലയോ എന്ന് ഉറപ്പിക്കാൻ കഴിയില്ല. നിറമില്ലാത്തത്, പാൽ നിറത്തിലുള്ളത്, മഞ്ഞ, പച്ച, രക്തം കലർന്നത്, തവിട്ടു നിറം എന്നിങ്ങനെ മുലക്കണ്ണിൽ നിന്നുള്ള സ്രവത്തിന്റെ നിറം വ്യത്യാസപ്പെടാം. സ്രവം പരിശോധിക്കാനായി നിങ്ങൾ സ്തനങ്ങളിൽ മർദം ചെലുത്തുമ്പോൾ ലക്ഷണങ്ങൾ വഷളായേക്കാം.

 

രോഗനിർണയം

ഡോക്ടർ നിങ്ങളുടെ ചികിത്സാ ചരിത്രം വിശദമായി പഠിക്കുകയും ലക്ഷണങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യും. ഇനി പറയുന്ന പരിശോധനകൾക്കായും ഡോക്ടർ ശുപാർശ ചെയ്തേക്കാം;

പ്രോലാക്റ്റിൻ നില നിർണയിക്കാനുള്ള രക്തപരിശോധന

തൈറോയിഡ് പ്രവർത്തനം അറിയാനുള്ള രക്തപരിശോധന

മറ്റ് ഹോർമോണുകളുടെ നില അറിയാനുള്ള പരിശോധനകൾ

മാമ്മോഗ്രാഫി

സ്തനങ്ങളിൽ നടത്തുന്ന അൾട്രാസൗണ്ട് പരിശോധന.

ഡക്റ്റോഗ്രഫി അല്ലെങ്കിൽ ഡക്റ്റോഗ്രാം, പാൽ നാളിയിൽ കോണ്ട്രാസ്റ്റ് ഡൈ കുത്തിവച്ച ശേഷം എടുക്കുന്ന എക്സ്-റേ.

എന്തെങ്കിലും പ്രത്യേക അവസ്ഥയാണെന്ന സംശയം തോന്നുകയാണെങ്കിൽ ചർമ്മത്തിന്റെ ബയോപ്സി.

സ്രവത്തിന്റെ പരിശോധന.

 

ചികിത്സ

മുലക്കണ്ണിൽ നിന്നുണ്ടാവുന്നത് സ്വാഭാവിക സ്രവമാണെങ്കിൽ ചികിത്സ ആവശ്യമില്ല.

കാരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുലക്കണ്ണിൽ നിന്നുള്ള സ്രവത്തിന്റെ ചികിത്സ ആരംഭിക്കുന്നത്;

ചില മരുന്നുകളാണ് കാരണമെങ്കിൽ അവ മാറ്റാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.

ചർമ്മത്തിൽ വ്യത്യാസം പ്രകടമാണെങ്കിൽ പുരട്ടാനുള്ള ക്രീമുകൾ നിർദേശിച്ചേക്കാം.

കുരുക്കൾ മൂലമാണെങ്കിൽ അവ ഉണക്കുകയും അണുബാധ ഒഴിവാക്കാൻ ആന്റിബയോട്ടിക്കുകൾ നിർദേശിക്കുകയും ചെയ്തേക്കാം.

ഹൈപ്പോതൈറോയിഡ് പ്രശ്നമുള്ളവർക്ക് തൈറോക്സിൻ ഹോർമോൺ പുന:സ്ഥാപന ചികിത്സ നിർദേശിച്ചേക്കാം.

പിറ്റ്യൂറ്ററി ക്യാൻസർ മൂലം ഉണ്ടാകുന്ന ഹൈപ്പർപ്രോലാക്റ്റിനീമിയയുടെ ചികിത്സിക്കാനായി ഡോപാമിൻ അഗണിസ്റ്റുകൾ (Dopamine agonists) നിർദേശിച്ചേക്കാം.

മുലക്കണ്ണിൽ നിന്നുള്ള സ്രവത്തിന്റെ മറ്റ് കാരണങ്ങൾക്കുള്ള മരുന്നുകൾ.

 

പ്രതിരോധം

നിരന്തരമായ നിരീക്ഷണങ്ങൾ ഈ അവസ്ഥ നേരത്തെ തിരിച്ചറിയുന്നതിനും അടിസ്ഥാനപരമായ കാരണത്തിനുള്ള ചികിത്സ തുടങ്ങുന്നതിനും സഹായകമാവും.

സങ്കീർണതകൾ

മുലക്കണ്ണിൽ നിന്നുള്ള സ്രവം പിറ്റ്യൂറ്ററി ട്യൂമർ അല്ലെങ്കിൽ മാറിടത്തിലെ ക്യാൻസറിന്റെ (സ്തനാർബുദം) ലക്ഷണമാകാം. മുലക്കണ്ണിനു വരുന്ന നിറവ്യത്യാസം (ചർമ്മത്തിൽ) പാജറ്റ്സ് രോഗം മൂലമാകാം.

പരിശോധനാ ഫലങ്ങൾ സ്വാഭാവികമാണെങ്കിൽ, നിങ്ങൾ ഒരു ശാരീരിക പരിശോധന കൂടി നിർബന്ധമായും നടത്തണം. അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു മാമ്മോഗ്രാം കൂടി നടത്തേണ്ടതും അത്യാവശ്യമാണ്.

മാറിടത്തിൽ മുഴ ഉണ്ടെങ്കിലും മുലക്കണ്ണിൽ നിന്ന് രക്തം കലർന്ന സ്രവം വരുന്നുണ്ട് എങ്കിലും നിങ്ങൾ ഉടൻ ഒരു ഡോക്ടറെ സന്ദർശിക്കേണ്ടതാണ്


LATEST NEWS