കൊഞ്ചിന്റെയും നാരങ്ങാ വെള്ളത്തിന്റെയും കോമ്പിനേഷൻ നയിക്കുന്നത് മരണത്തിലേയ്ക്കോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കൊഞ്ചിന്റെയും നാരങ്ങാ വെള്ളത്തിന്റെയും കോമ്പിനേഷൻ നയിക്കുന്നത് മരണത്തിലേയ്ക്കോ?

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം പ്രചരിച്ച വാർത്തയാണ് കൊഞ്ചും നാരങ്ങാ വെള്ളവും ഒന്നിച്ച കഴിച്ചാൽ അത് മരണത്തിലേയ്ക്ക് നയിക്കും എന്നത്.ഏതാനും ആഴ്ചകൾക്ക് മുൻപ്  കൊഞ്ചു ബിരിയാണി കഴിച്ചു കൊച്ചിയിൽ പെൺകുട്ടി മരണപെട്ടതും കഴിഞ്ഞ ദിവസം തിരുവല്ലയിൽ ഒരു പെൺകുട്ടി മരിച്ചത് കൊഞ്ചും നാരങ്ങാ നീരും ഒരുമിച്ച് കഴിച്ചിട്ടാണെന്ന് ഉള്ള തരത്തിലാണ് വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത് .കാരയ്ക്കൽ തൈപ്പറമ്പിൽ വിജയൻ്റെ മകൾ ദിവ്യ കൊഞ്ചും നാരങ്ങാനീരും കഴിച്ച് മരിച്ചെന്ന വാർത്തയാണിപ്പോൾ വാട്സാപ്പിലെ താരം.


  കാൽസ്യം ആഴ്സനേറ്റെന്ന രാസവസ്തു മീൻ മുള്ളിലും കൊഞ്ചിൻ്റ തോടിൽ ഉണ്ടെന്നും അത് നാരങ്ങാ നീരിനോടോ വൈറ്റമിൻ സി യോടോ പ്രതി പ്രവർത്തിച്ച ആഴ്‌സിനിക് ഉണ്ടാകുമെന്നും അത് മരണത്തിലേയ്ക് നയിക്കും എന്നൊക്കെ ഉള്ള കഥകളിലാണ് മുന്നേറുന്നത് .യഥാർത്ഥത്തിൽ ഈ  പറയുന്ന അപകടം  കൊഞ്ചിനും നാരങ്ങയ്ക്കും ഇല്ലെന്ന് തന്നെ ആണ് വിദഗ്ധർ പറയുന്നത് .ഏതൊരു വസ്തുവും വിഷമാകുന്നത് അതിൻ്റെ ഡോസ് അനുസരിച്ചാണ്.ആഴ്സനിക് എന്ന രാസവസ്തു 


 പ്രകൃതിയിൽത്തന്നെയുള്ളതും വളരെ ചെറിയ അളവുകളിൽ നമ്മുടെ ഉള്ളിലെത്തുന്നതുമാണ്. അളവ് അധികമാകുമ്പോഴാണ് അത് ഹാനികരമാകുന്നത്.......എത്രനേരം ആഴ്സനിക്കുമായി ശരീരം സമ്പർക്കത്തിൽ വരുന്നെന്നതും പ്രധാനമാണ്..കൊഞ്ചിലും ചെമ്മീനിലുമൊക്കെ അടങ്ങിയിരിക്കുന്നത് വളരെ ചെറിയ അളവിൽ ആഴ്സനിക് ആണ്. ആഴ്സനിക്കിൻ്റെ ലീതൽ ഡോസ് (മരണകാരണമായ അളവ്) 70-200 വരെ മില്ലിഗ്രാമാണ്.സീഫുഡിൽ ഒരു കിലോഗ്രാമിൽ 0.5 മില്ലിഗ്രാമൊക്കെയാണ് ആഴ്സനിക്കിൻ്റെ അളവ്. വിരോധാഭാസമെന്താണെന്ന് വച്ചാൽ അനുവദനീയമായ അളവിൽ കൂടുതൽ ആഴ്സനിക് അടങ്ങിയിട്ടുണ്ടെന്നറിയാവുന്ന   ഷിമോഗ പൊടി വാങ്ങിക്കാൻ പോകുമെന്ന് തീരുമാനിക്കുന്ന അതേ മലയാളി തന്നെയാണ് ആഴ്സനിക്കുണ്ടെന്ന് പറഞ്ഞ് കൊഞ്ചിൻ്റെ കൂടെ ലൈം ജ്യൂസ് കുടിക്കാതെ പേടിച്ചു നിൽക്കുന്നത്.


 കൊഞ്ച്,ചെമ്മീന്‍ എന്നിവയുടെ ഒപ്പം നാരങ്ങാനീരു ഉള്ളില്‍ ചെന്നാല്‍ ആര്‍സനിക്കും വൈറ്റമിന്‍ സി യും കൂടി പ്രവര്‍ത്തിച്ചു രോഗി പെട്ടന്ന് മരിച്ചു വീഴാനുള്ള യാതൊരു സാധ്യതയുമില്ല.എന്നാൽ സാധ്യത ഉള്ളത് മറ്റൊരു സംഗതിക്ക് ആണ് .മനുഷ്യന്റെ ജീവന് ഹാനികരമാകുന്ന അലർജി ആണ് അനാഫൈലാക്സിക് .ചിലർക്ക് ഇറച്ചിയോടാകം ,ചിലർക്ക് കൊഞ്ചു ,ചെമ്മീൻ പോലെയുള്ള ഭക്ഷണങ്ങളോടാകാം.ശരീരമാസകലം തടിപ്പുകളുണ്ടാകുന്നതും ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടുണ്ടാകുന്നതും വയറിനു വേദനയുണ്ടാകുന്നതും പൊടുന്നനെ രക്തസമ്മർദ്ദം താണുപോകുന്നതുമടക്കമുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും വിദഗ്ധ ചികിൽസ ലഭ്യമായില്ലെങ്കിൽ രോഗി വൈകാതെ തന്നെ മരണപ്പെടാനും പോലും സാദ്ധ്യതയുള്ള അവസ്ഥയാണത്.അത്തരത്തിൽ ഭക്ഷണപദാർഥങ്ങളോട് അലർജിയുള്ളപ്പോൾ അവ ഒഴിവാക്കുകയെന്ന വഴി സ്വീകരിക്കുകയല്ലാതെ മോരും മീനും, കൊഞ്ചും നാരങ്ങാവെള്ളവും അങ്ങനെ എന്തുവേണമെങ്കിലും കഴിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല.


LATEST NEWS