മഴക്കാലം കരുതലോടെ ആസ്വദിക്കാം...അറിയൂ മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഴക്കാലം കരുതലോടെ ആസ്വദിക്കാം...അറിയൂ മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും

മഴയോടൊപ്പം മഴക്കാല രോഗങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണ് വർധിച്ചുവരുന്നത്. കെട്ടിക്കിടക്കുന്ന വെള്ളവും മാലിന്യവും രോഗം പരത്തുന്ന കൊതുകുകളുടെ താവളമാകുന്നു.

ഡങ്കിപ്പനി, എലിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം, ജപ്പാൻജ്വരം, ടൈഫോയിഡ്, ഛർദി അതിസാരരോഗങ്ങൾ, കോളറ, അമീബിയാസിസ്, വിരബാധ തുടങ്ങിയ രോഗങ്ങളാണ് മഴക്കാലത്ത് പടർന്നുപിടിക്കുന്നത്. തക്കസമയത്ത് ചികിൽസ കിട്ടിയില്ലെങ്കിൽ മരണം സംഭവിക്കാവുന്ന രോഗങ്ങളാണ് ഇവയിൽ മിക്കതും. ഇതിൽ ഡങ്കിപ്പനിയും എലിപ്പനിയുമാണ് ഏറെ അപകടകരം.

ഡങ്കിപ്പനി

ഉഷ്ണമേഖലാ പ്രദേശങ്ങളിലും സമശീതോഷ്ണമേഖലയിലും കണ്ടുവരുന്ന ഫ്ലേവി വൈറിഡേ എന്ന കുടുംബത്തിൽപ്പെട്ട ഫ്ലേവി എന്ന വൈറസുകളാണ് ഡങ്കിപ്പനിക്ക് കാരണം. ഇൗഡിസ് വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകളാണ് പനി പരത്തുന്നത്. കറുത്ത ശരീരത്തിൽ വളരെ വ്യക്തമായി കാണാവുന്ന വെള്ള വരകളും തലയിലും ദേഹത്തും കാണുന്ന വെളുത്ത കുത്തുകളും നിമിത്തം ഇവ ടൈഗർ കൊതുകുകൾ എന്നറിയപ്പെടുന്നു.

പകൽസമയത്ത് കൂടുതലായി മനുഷ്യനെ കടിക്കുന്ന ഇവ ഇൗർപ്പമുള്ള സ്ഥലങ്ങൾ, വെള്ളക്കെട്ടുള്ള കുഴികൾ, ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, മരപ്പൊത്തുകൾ, അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് സഞ്ചികൾ എന്നിവയിൽ മുട്ടയിട്ട് പെരുകുന്നു. ഇൗഡിസ് ആൽസോ വിക്ടസ് എന്ന വിഭാഗം കൊതുകിന്റെ മുട്ടയിലൂടെയും വൈറസുകൾ അടുത്ത തലമുറയിലേക്ക് കടക്കുന്നു. സാധാരണ ഡങ്കിപ്പനിയിൽ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടും.

സാധാരണ ഡങ്കിപ്പനി മാരകമല്ലെങ്കിലും രക്തസ്രാവമൂണ്ടാക്കുന്ന ഡങ്കി ഹെമിറേജ് പനി മരണത്തിൽ കലാശിച്ചേക്കാം. വളരെ പെട്ടെന്ന് വർധിക്കുന്ന പനി, കഠിനമായ തലവേദന, പേശിവേദന, സന്ധികളിൽ വേദന എന്നിവയും ലക്ഷണങ്ങളാണ്. തൊണ്ടയിൽ കരകരപ്പ്, വയറുവേദന, രുചിവ്യത്യാസം, മലബന്ധം, വിഷാദം തുടങ്ങിയ രോഗലക്ഷണങ്ങൾ മാറിമാറി വന്ന് രോഗി കിടപ്പിലാകും. കൊതുകുകളെ നിയന്ത്രിക്കലാണ് ഡങ്കിപ്പനി തടയാൻ ഏറ്റവും ഉചിതമായ നടപടി. ഇൗഡിസ് കൊതുകുകൾ നൂറു മീറ്ററിനുള്ളിൽ മാത്രമാണ് പറക്കുന്നത്. വീടിനു ചുറ്റും കൊതുക് പെരുകാനുള്ള സൗകര്യം ഇല്ലാതാക്കണം.

 

എലിപ്പനി

മലിനമാക്കപ്പെട്ട വെള്ളവും മണ്ണും കൈകാര്യം ചെയ്യുമ്പോഴാണ് എലിപ്പനി പിടിപെടുന്നത്. എലി വഴിയാണ് ഈ രോഗം വ്യാപിക്കുന്നത്. മൃഗങ്ങളും രോഗാണുവാഹകരാകാറുണ്ട്. എലി മൂത്രത്തിലൂടെയാണ് പ്രധാനമായും രോഗം മനുഷ്യരിലെത്തുന്നത്. ശരീരത്തിലെ മൃദുലമായ ത്വക്കിലൂടെയും മുറിവിലൂടെയും രോഗാണു ശരീരത്തിൽ പ്രവേശിക്കും. എലിമൂത്രം കലർന്ന വെള്ളമോ മണ്ണോ കൈകാര്യം ചെയ്താൽ രോഗം വരാം. കരൾ, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളെ രോഗം ബാധിക്കുന്നതിനാൽ ലക്ഷണം പ്രത്യക്ഷപ്പെടുമ്പോൾ തന്നെ ചികിൽസ തേടണം. ഏഴു മുതൽ 21 ദിവസത്തിനകം ഇതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. തുടക്കത്തിൽ വിറയലോടു കൂടിയ പനി, പേശിവേദന എന്നിവ അനുഭവപ്പെടും. തൊണ്ടവേദന, ദേഹത്ത് രക്തം പൊടിയുക, തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പ്, കണ്ണിനുണ്ടാകുന്ന ചുവപ്പ് എന്നിവയും രോഗലക്ഷണങ്ങളാണ്. ചികിൽസിക്കാതിരുന്നാൽ ഇൗ രോഗം മാരകമായി മഞ്ഞപ്പിത്തം, ന്യൂമോണിയ എന്നിവ ഉണ്ടാകാം.

പരിസരശുചിത്വം പാലിക്കുകയാണ് ഇൗ രോഗം നിയന്ത്രിക്കാനുള്ള പ്രധാനമാർഗം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൈകാലുകൾ കഴുകുകയോ, കുളിക്കുകയോ ചെയ്യാതിരിക്കുക, ആഹാരപദാർഥങ്ങൾ മൂടിവച്ച് ഉപയോഗിക്കുക, മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുക തുടങ്ങിയ നിയന്ത്രണങ്ങളും സ്വീകരിക്കണം.

 

മലമ്പനി (മലേറിയ)

ശുദ്ധജലശേഖരങ്ങളിൽ പെറ്റുപെരുകുന്ന അനോഫലീസ് കൊതുകുകൾ പരത്തുന്ന രോഗമാണ് മലമ്പനി. നാലുതരം മലമ്പനികളാണ് പ്രധാനമായും കണ്ടുവരുന്നത്. ഇതിൽ 70 ശതമാനത്തോളം പ്ലാസ്മോണിയം വൈമാക്സ് എന്നറിയപ്പെടുന്ന മലമ്പനിയാണ്. രണ്ടാമത്തെ ഇനമായ ഫ്ലാസിപാരോ 25 മുതൽ 30% വരെ കണ്ടുവരുന്നു.

വളരെ അപകടകാരിയായ ഇൗ രോഗം തലച്ചോറിനെയും ബാധിക്കും. രക്തത്തിൽ ഹീമോഗ്ലോബിൻ കലർന്ന് കറുപ്പ് നിറത്തിലുള്ള മൂത്ര വിസർജനമുണ്ടാകും. അന്തരീക്ഷത്തിൽ ഇൗർപ്പം വർധിക്കുമ്പോൾ കൊതുകുകൾ കൂടുതലായി ഭക്ഷണം കഴിക്കുന്നതിനാൽ ഇൗ കാലത്താണ് ഇവ പെറ്റുപെരുകുന്നത്. കൂടുതൽ ഭക്ഷണം തേടുന്നതിനാൽ ഇൗ കാലത്ത് ഇവയുടെ ആക്രമണവും ഏറുന്നു. അനോഫിലസ് കൊതുക് ശുദ്ധജലത്തിൽ വളരുന്നവയായതിനാൽ കുത്തിയൊലിച്ച് പെയ്യുന്ന മഴയിൽ ഇവയ്ക്ക് വളരുവാൻ സാധിക്കില്ല. പ്രധാന രോഗലക്ഷണങ്ങൾ വിറയലോടുകൂടിയ പനിയാണ്. കൂടാതെ മൂന്നുഘട്ടങ്ങളിലൂടെയും രോഗം പ്രത്യക്ഷപ്പെടാം. തണുത്ത അവസ്ഥയിൽ ചൂടും വിയർപ്പും മാറിമാറി വരും. തലവേദന, ഓക്കാനം എന്നിവയും ഉണ്ടാകാം. രണ്ടാംഘട്ടത്തിൽ പനിയും മറ്റ് ലക്ഷണങ്ങളെല്ലാം വർധിക്കും. ത്വക്ക് വരണ്ടതായി മാറും. മൂന്നാംഘട്ടത്തിൽ തണുക്കുകയും രോഗി മയക്കത്തിലാവുകയും ചെയ്യും. രണ്ടോ മൂന്നോ ദിവസത്തേക്ക് ഇൗ അവസ്ഥ തുടരാം.

 

ജപ്പാൻ ജ്വരം

ക്യൂലക്സ് കൊതുകുകൾ പരത്തുന്ന ജപ്പാൻ ജ്വരത്തിന്റെ വൈറസുകൾ പെരുകുന്നത് മൃഗങ്ങളിലാണ്. പ്രത്യേകിച്ച് പക്ഷികൾ, പന്നി, കുതിര എന്നിവയിൽ. എന്നാൽ ഇവയെ കടിക്കുന്ന കൊതുകും മറ്റു പ്രാണികളും മനുഷ്യനെ കടിക്കുമ്പോൾ രോഗം മനുഷ്യരിലുമെത്തുന്നു.

എന്നാൽ പന്നിയിൽ രോഗലക്ഷണങ്ങൾ കാണുകയില്ല. മനുഷ്യശരീരത്തിൽ രോഗാണു പ്രവേശിച്ചാൽ ഒൻപതു മുതൽ 12 ദിവസത്തിനുള്ളിൽ പെരുകി രോഗലക്ഷണങ്ങൾ കാണിക്കും. തലച്ചോർ, സുഷുമ്നനാഡി എന്നിവയെയാണ് രോഗാണുക്കൾ ബാധിക്കുന്നത്. തലവേദന, പനി, കോച്ചിവലിവ് എന്നിവ പ്രധാന ലക്ഷണങ്ങളാണ്. കൃത്യമായ ചികിൽസ നൽകിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം. ഇത് പരത്തുന്ന ക്യൂലക്സ് കൊതുകുകൾ പ്രധാനമായും കാൽമുട്ടിന് താഴെയാണ് കടിക്കുന്നത്. മന്ത് രോഗവും ഇവ തന്നെയാണ് പരത്തുന്നത്.

 

 

ടൈഫോയിഡ്

സാൽ മൊണല്ലാ ടൈഫി എന്ന രോഗാണു പരത്തുന്ന ഇൗ രോഗത്തിന്റെ പ്രധാന വാഹകർ മനുഷ്യർ തന്നെ. രോഗിയുടെ വിസർജ്യത്തിലൂടെയാണ് രോഗാണു പുറത്തുവരുന്നത്. ഇൗച്ചയും പ്രാണികളും മലമൂത്ര വിസർജ്യത്തിൽ നിന്നുള്ള അണുക്കളെ കുടിവെള്ളത്തിലും ആഹാരപദാർഥങ്ങളിലും പകർത്തുന്നു. എസെിലും എസ്ക്രെീമിലും ഇതിന്റെ അണുക്കളെ കണ്ടെത്തിയിട്ടുണ്ട്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്.

രോഗാണു ശരീരത്തിൽ കടന്നാൽ മൂന്ന് ദിവസം മുതൽ മൂന്ന് ആഴ്ചക്കുള്ളിൽ രോഗലക്ഷണങ്ങൾ പുറത്തുവരും. വിറയോട് കൂടിയ പനി, തലവേദന, തൊണ്ടവേദന, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഒരാഴ്ചക്കുള്ളിൽ ഉണ്ടാകുന്ന വയറിളക്കവും രോഗലക്ഷണമാണ്. ശരീരത്തിൽ റോസ് നിറത്തിൽ പൊക്കിളിനു ചുറ്റും നെഞ്ചിന്റെ മുൻവശത്തും ചെറിയ തിണർപ്പുകൾ പ്രത്യക്ഷപ്പെടും.

തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്താതിരിക്കുക, വെള്ളം, പാൽ എന്നിവ തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക, വഴിയോരങ്ങളിൽ മുറിച്ച് വിൽക്കുന്ന പഴവർഗങ്ങൾ ഉപയോഗിക്കാതിരിക്കുക, രോഗിയുടെ മലമൂത്രവിസർജ്യ വസ്തുക്കൾ നന്നായി അണു വിമുക്തമാക്കിയശേഷം സംസ്കരിക്കുക, വസ്ത്രങ്ങൾ അണുവിമുക്തമാക്കി ചൂടുവെള്ളത്തിൽ കഴുകി എടുക്കുക തുടങ്ങിയവയിലൂടെ രോഗം നിയന്ത്രിക്കാം.

മഴക്കാലരോഗങ്ങൾ പരുത്തുന്നതിൽ രോഗിയോടൊപ്പം തന്നെ രോഗാണു വാഹകർക്കും പ്രധാന പങ്കുണ്ട്. പ്രത്യേക രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഇവരുടെ മലത്തിലൂടെയും മൂത്രത്തിലൂടെയുമൊക്കെ ലക്ഷക്കണക്കിനു രോഗാണുക്കൾ വിസർജിക്കപ്പെടുന്നു. അപൂർണമായ ചികിത്സകൊണ്ടും, രോഗാണുക്കൾക്കെതിരായ പ്രതിരോധ ശക്തി ആർജിക്കുന്നതുകൊണ്ടുമൊക്കെ ഒരു വ്യക്തി രോഗാണുവാഹകനായി മാറിയേക്കാം.

ടൈഫോയിഡ്, അമീബിയാസിസ് തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർ ശരിയായ ചികിത്സ പൂർണമായ കാലയളവിൽ ചെയ്യണം. രോഗം ഭേദമായതിനു ശേഷവും ഡോക്ടറുടെ നിർദേശപ്രകാരം തുടർപരിശോധനകൾക്കും വിധേയമാകണം. രോഗം സുഖമായതിനുശേഷം ആറ് മാസത്തേക്കെങ്കിലും, മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ശരിയായ വ്യക്തിശുചിത്വം പാലിക്കണം.