എലിപ്പനി: എന്തൊക്കെയാണ് ലക്ഷണങ്ങൾ; എങ്ങിനെ തടയാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എലിപ്പനി: എന്തൊക്കെയാണ് ലക്ഷണങ്ങൾ; എങ്ങിനെ തടയാം

പ്രളയാനന്തരം കേരളത്തിൽ അതിവേഗം എലിപ്പനി പടർന്ന് പിടിക്കുകയാണ്. നിരവധി പേരാണ് എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ പകരുന്ന പകര്‍ച്ചവ്യാധിയാണ് എലിപ്പനി. മുറിവേറ്റവർ വെള്ളത്തിൽ ഇറങ്ങാതിരിക്കുക എന്നതാണ് ആദ്യത്തെ പ്രതിരോധം. രോഗാണുക്കള്‍ മനുഷ്യരുടെ ശരീരത്തില്‍ എത്തുന്നത് മുറിവുകളിലൂടെയും പോറലുകളിലൂടെയുമാണ്.  

എലിപ്പനി എങ്ങനെ തടയാം 

1. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്, കുളിക്കരുത്
2. വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ കൈയ്യുറയും (ഗ്ലൗസ്) കാലുറയും ധരിക്കുക. അവ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് കൈയും കാലും പൊതിയുക.
3. വീട്ടില്‍ പിടിച്ചു വെയ്ക്കുന്ന വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസര്‍ജ്ജ്യവും കലരാത്ത രീതിയില്‍ മൂടിവെയ്ക്കുക
4. വെള്ളം തിളപ്പിച്ചാറ്റി കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക
5. വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം ഉപയോഗിക്കുക
6. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കുക. മാലിന്യം കുന്നുകൂടുന്നത് എലികള്‍ പെറ്റുപെരുകാന്‍ കാരണമാകും.
7. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ എലിപ്പനി തടയാന്‍ 200 മി.ഗ്രാം ഡോക്സിസൈക്ലിന്‍ 
(100 മി.ഗ്രാമിന്‍റെ 2 ടാബ്ലെറ്റ്) കഴിക്കുക. ഒരാഴ്ചത്തേക്ക് അത്ര മതിയാവും. അടുത്ത ആഴ്ചയില്‍ ശുചീകരണ ജോലി ചെയ്യേണ്ടിവരുമെങ്കില്‍ വീണ്ടും ഒരു ഡോസ് കഴിക്കണം. 

എലിപ്പനിയുടെ ലക്ഷങ്ങൾ എന്തൊക്കെയാണ്?

കടുത്ത പനിയാണ് എലിപ്പനിയുടെ ലക്ഷണം. കടുത്ത പനിയോടോപ്പാം പേശികളില്‍ അമര്‍ത്തുമ്പോള്‍ കടുത്തവേദന. ചിലര്‍ക്ക് കണ്ണില്‍ ചുവപ്പുവരും. കണ്ണിന്‍റെ വെള്ളയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് പോലെ കാണാം. മറ്റുചിലപ്പോള്‍ കണ്ണില്‍ മഞ്ഞനിറം പ്രത്യക്ഷമാവാം. മൂത്രമൊഴിക്കുമ്പോഴും മഞ്ഞ നിറം കാണുന്നതും എലിപ്പനിയുടെ ലക്ഷണമാണ്. 

വെള്ളപ്പൊക്കത്തിന് ശേഷമുണ്ടാവുന്ന ഏതു പനിയും എലിപ്പനിയാവാം എന്നൊരു വിചാരം എല്ലാവര്‍ക്കും ഉണ്ടാവണം. വേണമെങ്കില്‍ ഡോക്ടറോട് അങ്ങോട്ട്‌ ചോദിക്കുകയുമാവാം. എലിപ്പനി തുടക്കത്തിലെ സംശയിച്ചാല്‍ എളുപ്പത്തിൽ ചികിത്സിച്ചു മാറ്റാം. വൈകുന്തോറും രോഗം സങ്കീര്‍ണ്ണമായിത്തീരും. കരള്‍, വൃക്കകള്‍, ഹൃദയം, ശ്വാസകോശം എന്നിവയെ ബാധിക്കാം. സൂക്ഷിക്കുക. 


LATEST NEWS