മൂഡ്‌ ശരിയല്ല...മനസിന്‌ എന്തോ പോലെ...ഡിപ്രഷന്‍... മദ്യപാനം ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ അറിയണം ആരാണ് ഈ സെറോടോണിന്‍?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൂഡ്‌ ശരിയല്ല...മനസിന്‌ എന്തോ പോലെ...ഡിപ്രഷന്‍... മദ്യപാനം ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ അറിയണം ആരാണ് ഈ സെറോടോണിന്‍?

ഞാന്‍ നല്ല മൂഡിലല്ല നിത്യജീവിതത്തില്‍ എല്ലാവരും പലപ്പോഴായി പറയുന്ന കാര്യമാണിത്. മൂഡ് എന്ന ഇംഗ്ലീഷ് വാക്കിന് വൈകാരികാവസ്ഥ, ഭാവം,മനോനില എന്നൊക്കെ അര്‍ഥമുണ്ട്. വൈകാരികാവസ്ഥ നല്ലതും ചീത്തയുമാകുന്നതിന് സാഹചര്യങ്ങള്‍, സംഭവങ്ങള്‍ ഇവയൊക്കെ കാരണമാകുന്നു. എന്നാല്‍ ഇതിന് കാരണമായ ഒരു രാസവസ്തു നമ്മുടെ ശരീരത്തിലുണ്ട്-സെറോടോണിന്‍. സെറോടോണിന്‍ ഹോര്‍മോണിന് സമാനമായ ഒരു രാസവസ്തുവാണ്. ന്യൂറോണുകള്‍ക്കിടയില്‍ സംവേദനങ്ങള്‍ കൈമാറുന്നത് ഇതുവഴിയാണ്. അതുകൊണ്ട് ഇതിനെ വൈദ്യശാസ്ത്രം ന്യൂറോ ട്രാന്‍സ്മിറ്റര്‍ എന്ന് വിളിക്കുന്നു. ഞരമ്പുകളുടെ സങ്കോചവികാസത്തിനും നാഡീകോശങ്ങള്‍ക്കിടയിലൂടെ സംവേദനങ്ങള്‍ കൈമാറാനും സഹായിക്കുന്ന സെറാടോണിന്‍റെ കുറവ് വിഷാദമുണ്ടാക്കുമെന്ന വാദവുമുണ്ട്. ആവശ്യമായ അളവില്‍ ഈ രാസവസ്തു ശരീരത്തിലുണ്ടെങ്കില്‍ നല്ല വൈകാരികസ്ഥിതി കൈവരിക്കാനാകുമെന്നാണ് വൈദ്യശാസ്ത്രം കരുതുന്നത്.

 

സെറോടോണിന്‍റെ ധര്‍മങ്ങള്‍

സെറോടോണിന്‍ മസ്തിഷ്കത്തിലും കുടലിലുമായാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. മസ്തിഷ്കത്തില്‍ ആവശ്യമായത് അവിടെത്തന്നെയാണ് ഉണ്ടാകുന്നത്. ശരീത്തില്‍ ഉത്പാദിപ്പിക്കുന്ന സെറോടോണിന്‍റെ ഏറിയ പങ്കുമുള്ളത് ഉദരത്തിലാണ്. ഇത് ദഹനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ വിശപ്പ് കുറയുന്ന പ്രതിഭാസത്തിന് പിന്നിലും ഈ രാസവസ്തുവാണ്.രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളിലൊന്നാണിത്. മുറിവുണ്ടാകുമ്പോള്‍ രക്താണുക്കള്‍ സെറോണിന്‍ സ്രവിപ്പിക്കുന്നു. ഇതോടെ ചെറുരക്തക്കുഴലുകള്‍ സങ്കോചിക്കുകയും രക്തമൊഴുക്ക് കുറയുകയും ചെയ്യുന്നു. ഇതുവഴി രക്തം കട്ടപിടിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഹീമോഗ്ലോബിനെ സെറോടോണിന്‍ സഹായിക്കുന്നു. വിശാംശമുള്ള എന്തെങ്കിലും ഭക്ഷണത്തിലൂടെ അകത്തുചെന്നാല്‍ സെറോടോണിന്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് മനംപിരട്ടലുണ്ടാക്കി അന്യവസ്തുവിനെ ഛര്‍ദ്ദിച്ചുകളയാന്‍ സഹായിക്കും.

 

എല്ലുകളുടെ സാന്ദ്രതയും സെറാടോണിനും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി ആവശ്യത്തിലധികം സെറോടോണിന്‍ സാന്നിധ്യമുണ്ടായാല്‍ എല്ലുകള്‍ ദ്രവിക്കുന്ന അവസ്ഥ(Osteoporosis)ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ലൈംഗീകവികാരവും സെറോടോണിനും തമ്മിലും ബന്ധമുണ്ട്. ഈ രാസവസ്തുവിന്‍റെ അളവ് കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ പുരുഷന്മാര്‍ക്ക് കൂടുതല്‍ ഉത്തജേനമുണ്ടാകും. എന്നാല്‍ ചില മരുന്നുകള്‍,മയക്ക് മരുന്ന് ഇവയുടെ ഉപയോഗംവഴി സെറോടോണിന്‍ കൂടിയിരിക്കുന്ന അവസ്ഥ ലൈംഗികോത്തേജനത്തെ പ്രതികൂലമായി ബാധിക്കും. കേന്ദ്രനാഡീവ്യവസ്ഥയിലോ സെറോടോണിന്‍ സ്വീകരണികളിലോ അധിക ഉത്തേജനമുണ്ടാകുന്ന അവസ്ഥയെ സെറോടോണിന്‍ സിന്‍ഡ്രോം എന്ന് വിളിക്കുന്നു. ചിലയിനം മരുന്നുകളുടെ അധിക ഉപയോഗം, മയക്ക് മരുന്നുുപയോഗം,ചിലയിനം ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഈ അവസ്ഥയ്ക്ക് കാരണമാകും. വിഷാദത്തിന്‍റെ മരുന്നിനോടൊപ്പം മൈഗ്രെയ്ന്‍ മരുന്നും കഴിച്ചാലും ഇതുണ്ടാകാം.ചിലയിനം കാന്‍സറുകള്‍ സെറോടോണിന്‍ അളവ് കൂട്ടും. ഉദരത്തിലെ കാന്‍സറാണ് പ്രധാനമായും ഈ അവസ്ഥയുണ്ടാക്കുന്നത്.

ആവശ്യമായ സെറോടോണിന്‍ നിലനിര്‍ത്തുക

ശുഭചിന്തകള്‍ വഴി ശരീരത്തിലെ സെറോടോണിന്‍ അളവ് ആവശ്യമായ അളവില്‍ നിലനിര്‍ത്താന്‍ കഴിയും. സൈക്കോതെറാപ്പിയും ഇതിന് ഉപകരിക്കാറുണ്ട്. നല്ല മനോനിലയും സെറോടോണിന്‍ അളവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.വ്യായാമം സെറോടോണിന്‍ അളവ് ആവശ്യമായ അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കും. ഭക്ഷണത്തിന് ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ കഴിയും. അന്നജം കുറച്ച്‌ പ്രോട്ടീന്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭക്ഷണരീതിയാണ് ഇതിന് അഭികാമ്യമെന്ന് ഗവേഷകണഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സൂര്യപ്രകാശം ഈ രാസവസ്തുവിന്‍റെ അളവ് ആരോഗ്യകരമായ അളവില്‍ നിലനിര്‍ത്താന്‍ സഹായകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.