സ്കിന്‍ട്രാന്‍സ് പ്ലാന്‍റെഷന് വഴിയൊരുങ്ങുന്നു; കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്കിന്‍ട്രാന്‍സ് പ്ലാന്‍റെഷന് വഴിയൊരുങ്ങുന്നു; കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ലാബ് സ്ഥാപിക്കുന്നതിനും ബേണ്‍സ് യൂണിറ്റ് ശക്തിപ്പെടുത്തുന്നതിനുമായി 6.579 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതിന്റെ ആദ്യഘട്ടമായി 2.079 കോടി രൂപ അനുവദിച്ചു. പൊള്ളലേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ബേണ്‍സ് യൂണിറ്റ് ശക്തിപ്പെടുത്തുന്നത്.

കേരളത്തില്‍ ആദ്യമായാണ് ഒരു സ്‌കിന്‍ ബാങ്ക് സ്ഥാപിക്കുന്നത്. ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്ന ആശുപത്രികളിലാണ് സ്‌കിന്‍ ലാബുള്ളത്. 

പുറ്റിങ്ങല്‍ അപകട സമയത്ത് മിതമായ സൗകര്യമുപയോഗിച്ച് തീവ്രമായ പൊള്ളലേറ്റ പരമാവധി രോഗികളെ രക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റിന് കഴിഞ്ഞിരുന്നു. ഇതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ബേണ്‍സ് യൂണിറ്റ് ശക്തിപ്പെടുത്താനും സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് മരണപ്പെട്ട ആളില്‍ നിന്ന് ശേഖരിച്ച് വയ്ക്കുകയും അത് അത്യാവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയോടെ വച്ചുപിടിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കിന്‍ ബാങ്ക് സ്ഥാപിക്കുന്നത്.

പൊള്ളല്‍ ഏറ്റവുമധികം ബാധിക്കുന്നത് ത്വക്കിനെയാണ്. തൊലിപ്പുറം പൊള്ളി മാറുന്നത് കൊണ്ടാണ് പല മരണങ്ങളും ഉണ്ടാകുന്നത്. അതിനാല്‍ ആ സ്ഥാനത്ത് ത്വക്ക് വച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞാല്‍ നിരവധിയാളുകളുടെ ജീവന്‍ രക്ഷിക്കാനാകും. കൂടാതെ റോഡപകടങ്ങളിലും മറ്റുമായി ശരീരത്തിലെ തൊലി നഷ്ടപ്പെടുന്നവര്‍ക്കും ഈ സംരംഭം വളരെ ഉപകാരപ്പെടും. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സ്‌കിന്‍ ബാങ്ക് സ്ഥാപിക്കുന്നത്. അവയവദാന പ്രക്രിയയിലൂടെയാണ് ത്വക്കുകള്‍ ശേഖരിക്കുന്നത്. മസ്തിഷ്‌ക മരണമടഞ്ഞയാളുടെ കരള്‍, വൃക്ക, കണ്ണ് തുടങ്ങിയ അവയവങ്ങള്‍ നിശ്ചിത മണിക്കൂറിനകം ചേര്‍ത്ത് പിടിപ്പിച്ചാല്‍ മാത്രമേ ഫലം കാണുകയുള്ളു. എന്നാല്‍ ത്വക്കാകട്ടെ ബ്ലഡ് ബാങ്ക് പോലെ സംഭരിച്ച് വയ്ക്കാനും പിന്നീട് ഉപയോഗിക്കാനും കഴിയുന്നു. ഇതോടൊപ്പം നൂതന ഓപ്പറേഷന്‍ തീയറ്ററും സജ്ജമാക്കുന്നതാണ്. സ്‌കിന്‍ ബാങ്ക് സാധ്യമാകുന്നതോടെ അവയവദാനത്തോടൊപ്പം സ്‌കിന്‍ ട്രാന്‍സ്പ്ലാന്റിനും വഴിതെളിക്കുന്നു.