ഉറങ്ങി നേടാം ആരോ​ഗ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉറങ്ങി നേടാം ആരോ​ഗ്യം

ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. പകലന്തിയോളമുള്ള അധ്വാനത്തിനൊടുവില്‍ സുഖമായൊന്നുറങ്ങാൻ ആരാണ് ആഗ്രഹിക്കാത്തത്. തലച്ചോറിന്റെ വികാസത്തിനും ഉന്മേഷത്തിനുമെല്ലാം ഉറക്കം ആവശ്യമാണ്. 

എന്നാല്‍, ഉറക്കമില്ലായ്മയാണ് മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നം. എന്നാൽ ശരിയായ ഉറക്കം ലഭിച്ചില്ലെന്നുവന്നാലോ? അനാരോ​ഗ്യകരമായ ഉറക്കശീലവും മുഖക്കുരുവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു, കൂടാതെ ഉറക്കമില്ലായ്മ രോഗപ്രതിരോധശേഷിയെയും തകരാറിലാക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

മുഖത്തുണ്ടാകുന്ന കറുത്തപാടുകൾ, പൊണ്ണത്തടി , എന്നിവ എല്ലാംസൂചിപ്പിക്കുന്നത് നിങ്ങൾക്ക് മതിയായ ഉറക്കം ലഭിക്കുന്നില്ലെന്നതിന്റെ വ്യക്തമായ ലക്ഷണമാണ്. നല്ല ഉറക്കത്തിൽ മാത്രം സംഭവിക്കുന്ന കോശരൂപീകരണം, ഹോർമോണുകളുടെ കൃതൃതയാർന്ന പ്രവർത്തനം എന്നിവ മനുഷ്യശരീരത്തിനും നിലനിൽപ്പിനും അത്യന്താപേക്ഷിതമാണ്. കൃത്യതയാർന്ന ഉറക്കത്തിലൂടെ മാത്രമേ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകൾ മനുഷ്യശരീരത്തിൽ പ്രവർത്തനക്ഷമമാകൂ, ഇത്തരം ഹോർമോണുകളുടെ അപര്യാപ്തത മൂലം നമ്മൾ അറിഞ്ഞോ അറിയാതെയോ അമിത വിശപ്പും അതുവഴി പൊണ്ണത്തടിയേയും വിളിച്ച് വരുത്തുന്നു.

 ശരീരീരിക വേദനകള്‍കൊണ്ട് വിഷമിക്കുന്നവര്‍ക്ക് ഉറക്കം നല്ലൊരു മരുന്നാണ്, നല്ല ഉറക്കം നിങ്ങളെ ആരോ​ഗ്യമുള്ളവരാക്കിത്തീർക്കുന്നു. സൗന്ദര്യം ആഗ്രഹിക്കുന്നവര്‍ക്കും ഉറക്കം നല്ലതുതന്നെ. ഉറങ്ങുന്ന സമയം ശരീരം ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ പുറത്തുവിടുകയും ഇതു കൊളാജിന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും അതുവഴി തിളങ്ങുന്ന ചര്‍മ്മം ലഭിക്കുകയും ചെയ്യും. ഉറക്കമൊഴിക്കുന്നതിലൂടെ നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

ഈ ജീനുകളിലെ മാറ്റം പൊണ്ണത്തടിക്കും ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി ഒരാഴ്ച്ചയോളം നാലര മണിക്കൂർ മാത്രം ഉറങ്ങിയ ആളുകളെ നിരീക്ഷിച്ച് പഠനവിധേയമാക്കിയപ്പോൾ ഇത്തരക്കാർക്ക് അമിതമായ മാനസികപിരിമുറുക്കവും, അമിതകോപവും ബാധിച്ചതായി തെളിഞ്ഞു. ഓരോദിവസവും എങ്ങനെ പ്രവര്‍ത്തിക്കുന്നു എങ്ങനെ ഉറങ്ങുന്നു എന്നതിനെയെല്ലാം സ്വാധീനിക്കുന്ന നിരവധി അവസ്ഥകളില്‍ ഒന്നാണ് ഉറക്കമില്ലായ്മയും സുഖകരമല്ലാത്ത ഉറക്കവും. 

ഇതിന്റെ തെളിവാണ് ഉറക്കംകുറഞ്ഞവരിൽ കണ്ടുവരുന്ന വിഷാദരോ​ഗവും ഒാർമ്മക്കുറവും ശ്രദ്ധക്കുറവുമെല്ലാം. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തലവേദന. ഉറക്കത്തിന്റെ അളവ് കുറയുന്തോറും തലവേദന വര്‍ദ്ധിക്കുമെന്നകാര്യത്തില്‍ അനുഭവസ്ഥര്‍ക്ക് തര്‍ക്കമേതുമില്ല. എപ്പോഴെങ്കിലും കണ്ണടച്ച് കിടക്കുന്നതല്ല യഥാർഥ ഉറക്കം. എല്ലാ ദിവസവും കൃത്യമായ സമയത്ത്, ആവശ്യമായ ദൈര്‍ഘ്യത്തില്‍ ഉറങ്ങുന്നതാണ് ആരോഗ്യകരമായ ഉറക്കം. ഇനി ദിവസവും കൃത്യമായ സമയത്ത് ഉറങ്ങാൻ തയ്യാറെടുത്തോളൂ.