വിറ്റാമിന്‍ ഡി കുറയുമ്പോള്‍ സംഭവിക്കുന്നത് എന്താണ്?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിറ്റാമിന്‍ ഡി കുറയുമ്പോള്‍ സംഭവിക്കുന്നത് എന്താണ്?

ശരീരത്തിലെ ഫോസ്‌ഫേറ്റിന്റെ അളവ് തുലനപ്പെടുത്താനും ശരീരഭാഗങ്ങളില്‍ നീര്‍വീക്കം ചെറുക്കാനും ഈ വിറ്റാമിന്‍ അത്യന്താപേക്ഷിതമാണ്

വെയിലുകൊള്ളാതെ നടക്കാനാണ് എല്ലാവരുടേയും ശ്രമം. കുടചൂടിയും നടക്കാവുന്ന ദൂരങ്ങളില്‍ ഓട്ടോ പിടിച്ചും സൂര്യനെ നമ്മള്‍ ഒഴിവാക്കും. എന്നാല്‍ സൂര്യപ്രകാശം നമുക്ക് വിറ്റാമിന്‍ തരുന്നുണ്ട്. വെയിലുകൊള്ളാത്തവര്‍ക്ക് ഉണ്ടാകുന്ന വിറ്റാമിന്‍ ഡിയുടെ കുറവ് ഉണ്ടാകുന്നതിന്റെ കാരണവും ഇതുതന്നെ.

ബലമുളള എല്ലുകള്‍ക്ക് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. ശരീരത്തിലേക്ക് കാത്സ്യം ആഗിരണം ചെയ്യുന്നതിന് ഈ വിറ്റമിന്‍ വേണമെന്നതാണ് കാരണം.  ഇതുകൂടാതെ ശരീരത്തിലെ ഫോസ്‌ഫേറ്റിന്റെ അളവ് തുലനപ്പെടുത്താനും ശരീരഭാഗങ്ങളില്‍ നീര്‍വീക്കം ചെറുക്കാനും ഈ വിറ്റാമിന്‍ അത്യന്താപേക്ഷിതമാണ്.

എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണം.  ദീര്‍ഘകാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും. മുതിര്‍ന്നവരില്‍ ഓര്‍മക്കുറവും ക്ഷീണവും കുട്ടികളില്‍ ആസ്ത്മ എന്നിവയുമാണ് മറ്റ് പ്രത്യാഘാതങ്ങള്‍. വൈകല്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന മൃദുവായ അസ്ഥികള്‍ക്കും കാരണം ഈ കുറവുതന്നെ.

പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം, തലച്ചോറിനെയും നട്ടെല്ലിനെയും ദുര്‍ബലപ്പെടുത്തുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് തുടങ്ങിയവയും വിറ്റാമിന്‍ ഡി കുറവിനാല്‍ ഉണ്ടായേക്കാം.

കുട്ടികള്‍ മുതല്‍ എഴുപത് വയസ്സുവരെയുളളവര്‍ക്ക് 600 ഐ.യു.വിറ്റാമിന്‍ ഡി വേണമെന്നാണ് കണക്ക്. 170 ഗ്രാം കോര മത്സ്യത്തില്‍ ഇതുണ്ടാകും. 71 വയസ്സിനുമുകളിലുളളവര്‍ക്ക് 800 യൂണിറ്റ് ആവശ്യമാണ്.

ശരീരത്തില്‍ ആവശ്യമുളള വിറ്റാമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്ന് കിട്ടുന്നവയില്‍ ഭൂരിഭാഗവും മാംസാഹാരത്തില്‍ നിന്നാണ്. മത്സ്യം, മത്സ്യഎണ്ണ, മുട്ടയുടെ മഞ്ഞക്കരു, മാട്ടിറച്ചി തുടങ്ങിയവ ഉദാഹരണം.

സസ്യാഹാരികള്‍ക്ക് പാല്‍ക്കട്ടിയാണ് ഈ വിറ്റാമിന്റെ  സ്‌ത്രോതസ്സായി പറയാവുന്നത്. ഇവയില്‍ പലതും അധികം കഴിച്ചാല്‍ കൊളസ്‌ട്രോളിനുളള സാധ്യതയുണ്ടാവുകയും ചെയ്യും.

കറുത്ത തൊലിയുളളവരില്‍ സൂര്യപ്രകാശത്തില്‍ നിന്നുളള വിറ്റാമിന്‍ ഡി ആഗിരണം കുറയിമെന്നതും ശ്രദ്ധിക്കേണ്ടതാണ്.  പ്രായമാകുമ്പോള്‍ വൃക്കകള്‍ക്ക് വിറ്റാമിന്‍ ഡി പ്രവര്‍ത്തനക്ഷമമായ രീതിയിലേക്ക് മാറ്റാന്‍ കഴിയാതെ പോകുന്നതും പ്രശ്‌നമാകാറുണ്ട്. ദഹനേന്ദ്രിയത്തെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങള്‍ കൊണ്ട് ശരീരത്തിലേക്ക് വിറ്റാമിന്‍ ഡി ആഗിരണം നടക്കാതിരിക്കാം. അമിതവണ്ണവും മറ്റൊരു കാരണമാണ്.

സമീകൃതാഹാരവും സൂര്യപ്രകാശമേല്‍ക്കലുമാണ് വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാനുളള സ്വാഭാവികമാര്‍ഗങ്ങള്‍. പ്രത്യേക സാഹചര്യങ്ങളില്‍ സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാവുന്നതാണ്.


LATEST NEWS