2022 ഫെബ്രുവരി 24ന് ആരംഭിച്ച യുക്രൈൻ യുദ്ധം ഇന്നും തുടരുകയാണ്. റഷ്യയുടെ സൈനിക നീക്കം എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല .നിരവധി പേര് ദിനം പ്രതി മരിച്ചു വീഴുന്നു. റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെ നിർദേശത്തോടെ 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുക്രൈനെതിരായ സൈനിക നീക്കം ഇന്നും തുടരുകയാണ്. യുദ്ധം ആരംഭിച്ചിട്ട് ഇരുപതുമാസം തികയുന്നു. 2023 അവസാനത്തോടെ യുദ്ധം അവസാനിപ്പിക്കാനാകുമെന്ന ഖ്യാതികൾ ഉണ്ടായിരുന്നുവെങ്കിലും അത്തരത്തിലൊരു നീക്കം ഉണ്ടാകില്ലായെന്നു വ്യക്തമായി. യുഎൻ അടക്കമുള്ള സംവിധാനങ്ങൾ ഇടപെട്ടിട്ടും യുദ്ധം തുടരുകയാണ്. 2024ലും യുക്രൈന് മേലുള്ള റഷ്യയുടെ സൈനിക നീക്കം തുടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
യുദ്ധം ആരംഭിച്ച് ഇതുവരെ 560 ലധികം കുട്ടികൾ ഉൾപ്പെടെ 10,000 സാധാരണക്കാർ കൊല്ലപ്പെടുകയും 18,500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയിനിലെ യുഎൻ മനുഷ്യാവകാശ മിഷൻ റിപ്പോർട്ട് പറയുന്നു. പതിനായിരം സിവിലിയൻ മരണങ്ങൾ സംഭവിച്ചതായി യു എന്നിൻ്റെ മോണിറ്ററിങ് മിഷന്റെ തലവനായ ഡാനിയേൽ ബെൽ പറഞ്ഞു.
മനുഷ്യ ജഡങ്ങൾ പെരുകുന്നു
യുദ്ധം ആരംഭിച്ച് ഇതുവരെ 25,000 യുക്രൈൻ സൈനികർ മാത്രം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 30,000ലധികം സൈനികർക്ക് ജീവൻ നഷ്ടമായെന്ന് ഒരു യുക്രൈൻ സിവിക് ഗ്രൂപ്പ് വ്യക്തമാക്കുന്നുണ്ട്. യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തുവിട്ട റിപ്പോർട്ടിൽ യുക്രൈനിലെ മരണസംഖ്യ 70,000 കടന്നുവെന്നാണ് പറയുന്നത്. 15,000 സൈനികരെ കാണാതായി. ഇവരിൽ പലരും കൊല്ലപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് അധികൃതർ. മറുവശത്ത് ഒരു ലക്ഷത്തിലധികം സൈനികരെ റഷ്യയ്ക്ക് നഷ്ടമായെന്നും സ്ഥിരീകരിക്കാത്ത കണക്കുണ്ട്. യുദ്ധം എന്ന് അവസാനിക്കുമെന്ന് വ്യക്തമല്ലാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയാണുള്ളത്.
യുക്രൈനെ എളുപ്പത്തിൽ കീഴടക്കാമെന്ന റഷ്യയുടെ പ്രതീക്ഷകൾ തകരുന്നതാണ് യുദ്ധം ആരംഭിച്ചത് മുതൽ കാണാനായത്. ആദ്യഘട്ടത്തിൽ പതറിയെങ്കിലും വോളോഡിമിർ സെലൻസ്കിയുടെ നേതൃത്വത്തിലുള്ള യുക്രൈൻ യുദ്ധമുഖത്ത് അക്രമം തീർത്തു. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ സൈനിക – സാമ്പത്തിക സഹായമാണ് യുക്രൈന് സഹായമായത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) യുക്രൈന് നൽകുന്ന സാമ്പത്തിക സഹായം ഇതിനു കൂടുതൽ പ്രോത്സാഹനമാകുന്നു.
യുക്രൈൻ്റെ തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള നഗരങ്ങൾ യുദ്ധത്തിൽ തകർന്നുവീണു. സൈനികരും സാധാരണക്കാരുമായ ആയിരങ്ങൾ കൊല്ലപ്പെട്ടു. ഇവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്. പരിക്കേറ്റവരുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ലഭ്യമല്ല ബോംബാക്രമണത്തിലും, ഷെൽ ആക്രമണത്തിലും സ്കൂളുകളും ആശുപത്രികളും തകർക്കപ്പെട്ടു. വീടുകൾ തകർക്കപ്പെട്ടു. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരും അനവധിയാണ്
ഭയപ്പാടോടെ സെലൻസ്കി
2014ൽ റഷ്യ ക്രിമിയ പിടിച്ചെടുത്തതാണ് പടിഞ്ഞാറൻ രാജ്യങ്ങളുമായി കൂടുതലടുക്കൻ യുക്രൈനെ പ്രേരിപ്പിച്ചത്. അതിനുള്ള കാരണങ്ങൾ നിരവധിയുണ്ടെങ്കിലും പ്രധാനകാരണം സ്വന്തം രാജ്യത്തെ റഷ്യൻ അനുകൂലികളുടെ നിലപാടാണ്. ക്രിമിയ പിടിച്ചെടുത്ത റഷ്യ യുക്രൈൻ്റെ കിഴക്കൻ പ്രദേശവും റഷ്യൻ വംശജർ കൂടുതലായുമുള്ള ഡോൺബാസ് മേഖലലയും വരുതിയിലാക്കാൻ രാഷ്ട്രീയ – സൈനിക നീക്കം ആരംഭിച്ചു. റഷ്യൻ വംശജരുടെ അനുകൂല നിലപാടാണ് റഷ്യയെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്. 2014ലെ യുദ്ധത്തോടെ റഷ്യൻ വംശജർ കൂടുതലായുള്ള പ്രദേശങ്ങൾ സ്വതന്ത്രമായിട്ടാണ് നിലകൊള്ളുന്നത്. ഈ ഭാഗങ്ങളിലേക്കും റഷ്യ കടന്നുകയറുമെന്ന തോന്നലാണ് യുക്രൈനെ ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. ALSO READ ഗാസയിലെ മനുഷ്യർ സ്വപ്നം കാണാൻ പോലും ഭയക്കുന്നു; ഇസ്രായേലി അറസ്റ്റും തടവും എപ്പോഴും ഓർമ്മയിൽ