സോളോ——-പ്രേക്ഷകരെ പുച്ഛിക്കുന്ന സിനിമ.ഭാവനാവിലാസമില്ലാത്ത ഇത്തരം നാലാംകിട സിനിമകളാണ് മലയാള സിനിമയുടെ ശാപം . ഏച്ചു കെട്ടിയാല് മുഴച്ചിരിക്കും.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോളോ——-പ്രേക്ഷകരെ പുച്ഛിക്കുന്ന സിനിമ.ഭാവനാവിലാസമില്ലാത്ത ഇത്തരം നാലാംകിട സിനിമകളാണ് മലയാള സിനിമയുടെ ശാപം . ഏച്ചു കെട്ടിയാല് മുഴച്ചിരിക്കും.

          എബ്രഹാം മാത്യൂ ,അനില് ജയിന് എന്നിവര് ചേര്ന്ന് നിര്മിച്ച് (ഗെയ്റ്റ് വേ പ്രൊഡക്ഷന്സ്,അബാം മൂവിസ്) ബിജോയ്നന്പ്യാര് സംവിധാനം ചെയ്ത സിനിമയാണ് സോളോ.നാല് വ്യത്യസ്ഥ കഥാപാത്രങ്ങളെയാണ് ദുല്ക്കര് സല്മാന് ഈ സിനിമയില് അവതരിപ്പിച്ചിരിക്കുന്നത്.ശേഖറായിട്ടാണ് ആദ്യം അദ്ദേഹം നമുക്ക് മുന്നിലെത്തുന്നത്.അവിടുത്തെ കഥ ജലവുമായി ബന്ധപ്പെട്ടതാണ്. ഇത്തരം തത്വചിന്താപരമായ ആമുഖം നല്കിയശേഷം സംവിധായകന് പോകുന്നത് താണതലത്തിലുള്ള ആവിഷ്കാരത്തിലേക്കാണ്.പരമശിവനെകൂട്ടുപിടിച്ച് ജലത്തിന്റെ കാര്യമൊക്കെ പറഞ്ഞ് സംവിധായകന് പോകുന്നത് ശേഖറിന്റേയും കണ്ണുകാണാത്ത രാധികയുടെയും ജീവിതത്തിലേക്കാണ്.രാധിക ഒരു ഡാന്സറാണ്.അവള് വെള്ളത്തില് നിന്ന് നൃത്തം ചെയ്യുന്നുണ്ട്.

        നെല്സനെ എന്തുകൊണ്ട് നീ പ്രണയിക്കുന്നില്ല എന്ന് ചോദിക്കാന് ചെന്നതാണ് ശേഖര്. ശേഖറെ വിക്കുള്ളവനായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.അങ്ങനെ അല്ലായിരുന്നെങ്കിലും ഒരു കുഴപ്പവും ഉണ്ടാകുമായിരുന്നില്ല. ഞാന് നെല് സനെയും മറ്റവനേയും പ്രണയിക്കുന്നില്ല.ഞാന് നിന്നെയാണ് പ്രണയിക്കുന്നത് എന്നാണ് കണ്ണുകാണാത്ത രാധിക പറയുന്നത്. സ്വിമ്മിംഗ് പൂളിന്റെ കരയിലിരുന്ന് വെള്ളമടിച്ചുകൊണ്ടിരിക്കേ നെല്സണ് പറയുന്നു നിനക്കിഷ്ടമാണെങ്കില് നീ കെട്ടിക്കോ. അങ്ങനെയാണ് വിക്കനായ ശേഖര് രാധികയെ പ്രണയിച്ച് തുടങ്ങുന്നത്.ഈ വെള്ളമടി സീന് നാം പ്രേമം സിനിമയില് കണ്ടിട്ടുള്ളതാണ്. രാധികയോട് തനിക്ക് പ്രണയമാണെന്ന് പറയാന് ശേഖര് ചെല്ലുന്നത് നോക്കുക .അപ്പോള് അവള് സ്വിമ്മിംഗ് പൂളില് നീന്തുകയായിരുന്നു. സര്വ്വത്ര ജലമയം. വെള്ളം വെള്ളം സര്വ്വത്ര തുള്ളികുടിക്കാനില്ലത്ര എന്ന മട്ടിലാണ് കാര്യങ്ങള് പോകുന്നത്. സൃഷ്ടാവിന് ഭാവനാവിലാസമില്ല അതാണ് കാരണം. നീന്തുവാനായ് അവിടേക്ക് കുറച്ച് കുട്ടികളെത്തുന്നുണ്ടല്ലോ.അവരെ സൗബിന് സാഹിര് അവതരിപ്പിക്കുന്ന പട്ടുവും കൂട്ടരും തടയുന്നു.ഇത്തരം കുണ്ടാമണ്ടിത്തരങ്ങള് ഭാവനാവിലാസമില്ലാത്ത സംവിധായകരുടെ കൈയ്യില് നിന്നും മാത്രമേ വരൂ. നേരെ ചൊവ്വേ പറയേണ്ട കാര്യങ്ങള് പോലും സംവിധായകന് വളച്ചുകെട്ടിയാണിവിടെ പറയുന്നത്.ആദ്യം പറയേണ്ടത് അവസാനം പറയും പിന്നെ അതുതന്നെ ഇടക്കിട്ട് പറയും.അതാണ് നമ്മള് ശേഖറിന്റെയും രാധികയുടേയും കഥയില് കാണുന്നത്.അത് അലോരസം ജനിപ്പിക്കുന്നു.

         ശേഖറും രാധികയും പ്രണയിക്കുന്നു.അവര്ക്ക് കുഞ്ഞുണ്ടാകുന്നു.അവല്ക്ക് ഏഴാമത്തെ വയസ്സിലാണ് കാഴ്ച നഷ്ടപ്പെടുന്ന അസുഖം വന്നതെങ്കില് കുഞ്ഞിനത് നേരത്തെ പിടിപെട്ടു.ഉപേക്ഷിക്കണം എന്നാണ് ഡോക്ടറായ ചേച്ചി പറയുന്നത്.എന്നിട്ടും അവളെ ഉപേക്ഷിക്കാന് അവന് തയ്യാറാകുന്നില്ല. ഇത് സംവിധായകന് കാണിക്കുന്നത് അന്തവും കുന്തവുമില്ലാത്ത രീതിയിലാണ്.ന്യൂ ജനറേഷന് എന്ന വിഭാഗക്കാര് തുടങ്ങിയകാലഘട്ടത്തില് ഇങ്ങനെയൊക്കെ കാണിച്ചിരുന്നു. അങ്ങനെ രാധികയും ശേഖറും വിവാഹിതരായി സ്വിമ്മിംഗ് പൂളിലോ മറ്റോ, അതോ റിസോര്ട്ടിലോ, രാത്രിയില് കുട്ടവള്ളത്തിലിരിക്കുകയാണ്.അപ്പോഴാണ് അവള് തന്റെ അച്ഛന് തന്നെ ബിച്ചില് കൊണ്ടുപോയ കഥ പറയുന്നത്.ഇതൊക്കെ ജലവുമായി ബന്ധപ്പെട്ട ഇടങ്ങളാണല്ലോ.എന്നാല് പുരാണത്തിലെ ജല വര്ണ്ണനയുമായി ഇക്കഥക്ക് ഒരു സാമ്യവുമില്ല.ജീവന്റെ സാന്നിദ്ധ്യമുള്ള ഇടമാണ് ജലം.അത്തരത്തിലാണ് ഭാരതീയരുടെ ആ ചിന്ത പോയത്.

        ചിന്തിച്ച് ബുദ്ധിമുട്ടി ആസ്വദിക്കേണ്ടതല്ല കല.അത് ഒരു പൂവിരിയുന്നതുപോലെ ആസ്വാദകനിലേക്കെത്തണം.കലകളില് വച്ച് പൂര്ണ്ണമായും ആ ഗുണമുള്ളത് .സംഗീതത്തിന് മാത്രമാണ് എന്നത് സുവിദതമാണല്ലോ.മറ്റു കലകളും അവിടേക്കെത്താനാണ് യത്നിക്കുന്നത്.

       തോമസ്സ് സക്കറിയ ഓട്ടിച്ചിരുന്ന കാര് ഐഷയുടെ സൈക്കിളുമായി മുട്ടുന്നു.അവള് മരണത്തോട് മല്ലടിക്കുകയാണ്. തോമസ്സ് സക്കറിയയാകുന്നത് രഞ്ജി പണിക്കരാണ്. ആരതി വെങ്കിടേഷാണ് ഐഷയാകുന്നത്.ആന്സന് പോളിന്റെ ജസ്റ്റിന് ,സക്കറിയയുടെ മരുമകനാകാന് പോകുന്ന ആളാണ്.അതുകൊണ്ടു തന്നെ ഈ അപകടം വഴിയരികിലുപേക്ഷിച്ചുകളയേണ്ടതാണെന്ന് സക്കറിയ വാദിക്കുന്നു.അയാളവനെ നിര്ബന്ധിച്ച് വഴിയരികിലവളെ ഉപേക്ഷിക്കാന് നിര്ബന്ധിക്കുന്നു. അങ്ങനെ ആ വിജനപാതയില് ചോരവാര്ന്ന് ഐഷ മരിക്കുന്നു.അല്ലെങ്കില് അവള് മരിച്ചതായ് അവര് കരുതുന്നു.എന്നാല് പിറകെ വന്ന അവളുടെ കാമുകന് ഡോ.ത്രിലോക്(ദുല്ക്കര്)അവള്ക്കരികിലെത്തുന്നതോടെയാണ് അവള് മരിക്കുന്നത്.ഇതിന് ഡോ.ത്രിലോക് സക്കറിയായോടും ജസ്റ്റിനോടും പകരം വീട്ടുന്നു.അവരെ കൊന്നുകൊണ്ട്. ഇക്കഥയിലെവിടെയാണ് വായുവിനെ ആവിഷ്കരിച്ചിരിക്കുന്നത്? അവിടേയും സംവിധായകന് നമ്മെ കബളിപ്പിക്കുകയാണ്.പരമശിവനെകാണിച്ചും പുരാണമാണെന്നു ധ്വനിപ്പിച്ചും സംവിധായകന് പ്രേക്ഷകരെ പറ്റിച്ചിരിക്കുന്നു.

      ഏത് ദുഷിച്ച വസ്തുവിനെ അഗ്നിയിലെരിച്ചാലും അഗ്നിക്ക് ഒരു ദോഷവുമില്ലാതെ പരിശുദ്ധമായിത്തന്നെ നിലനില്ക്കും.പഞ്ചഭൂതങ്ങളില് വച്ച് അഗ്നിക്ക്മാത്രമാണ് ഈ ഗുണമുള്ളത്.ഇനി അക്കഥയാണ് നാം അടുത്തതായി കാണുന്നത്.

       ശിവന്(ദുല്ക്കര്) ഗുണ്ടയായിത്തീരാനൊരു കാരണമുണ്ട്.അവന്റെ അമ്മ അവനേയും അനുജന് വിഷ്ണുവിനേയും അച്ഛനേയും ഉപേക്ഷിച്ചു പോയി,അവരുടെ കൗമാരകാലത്ത്.അച്ഛന് അങ്ങനെ മുഴുക്കുടിയനായിത്തീര്ന്നു. ഗുണ്ടാ പരിപാടികളുടെ ആവിഷ്കാരമൊക്കെ പഴയപടിതന്നെ.വെട്ടും കുത്തും വെടിവെപ്പും. ഭായിയായി(ഭദ്രന്) ഗുണ്ടാത്തലവനായി മനോജ്.കെ.ജയനുമുണ്ട്.അതൊന്നും പക്ഷെ ഒരിഫക്ടുമുണ്ടാക്കുന്നില്ല. ശിവന്റെ കാമുകിയായ രുക്കുവായി ശ്രുതി ഹരിഹരന് എത്തുന്നു. അവള്ക്ക് ഒരു മകളുണ്ട്.ഇവരെ എവിടെനിന്നോ ശിവന് പിടിച്ചുകൊണ്ട് വന്ന് കൂടെ താമസിപ്പിച്ചിരിക്കുന്നതാണ്. അച്ഛന് മദ്യപിച്ചുവന്ന് അനുജന് വിഷ്ണുവിനെ തല്ലുന്നത് ആരോ പറഞ്ഞറിഞ്ഞ് ശിവന് വീട്ടിലെത്തുന്നു.അവിടെ നിന്നും വിഷ്ണുവിനെ ശിവന് മോചിപ്പിക്കുന്നു.എന്നാല് പിറ്റേന്ന് അവര് അറിയുന്ന വാര്ത്ത ബാറില് വച്ച് ആരോ അച്ഛനെ വെടിവച്ചുകൊന്നു എന്നതാണ്. അച്ഛനെ കൊന്നവനോട് പ്രതികാരം ചെയ്യാനിറങ്ങിത്തിരിക്കുകയാണ് ശിവന്.വരേണ്ട എന്ന് പറഞ്ഞിട്ടും വിഷ്ണുവും അവര്ക്കൊപ്പം ബസ്സില് കയറുന്നു.അവിടെയും വേണ്ടത്ര വ്യക്തതയില്ല. ബോംബെയിലെത്തിയ അവര് കാണുന്നത് ശക്തനായ എതിരാളിയെയാണ്.പണത്തിന് പണം.സ്വാധീനത്തിന് സ്വാധീനം.ആള്ദൈവം പോലെ ഒരാള്.എന്നാല് അതിനും വ്യക്തതയില്ല.സൃഷ്ടാവിന് ഭാവനാവിലാസമില്ലാത്തതുതന്നെ കാരണം. പതിവു പോലെ ഏറ്റുമുട്ടലുകള്.അതിനിടയിലാണ് ശിവന് അവിടെ വച്ച് തന്റെ അമ്മയെ കാണുന്നത്.അതും കുറച്ച് സ്ത്രീകള്ക്കിടയില്.അവരാരാണ് എന്നോ എന്തിനാണ് അവര് അവര്ക്കിടയില് കാണപ്പെട്ടത് എന്നോ വ്യക്തമല്ല.ശിവനെ അയാള് വെടിവച്ച് കൊല്ലുകയാണ്.വണ്ടിയുടെ ഡിക്കിയില് അടക്കപ്പെട്ട വിഷ്ണു രക്ഷപ്പെട്ടുവന്ന് ആ വില്ലനെ കൊല്ലുകയാണ്. ചത്തുകിടക്കുന്ന ആ വില്ലനെ നോക്കി അവരുടെ അമ്മ കരയുന്നുണ്ട്.അതും എന്തിനാണെന്ന് വ്യക്തമല്ല. ആരാണിവിടെ അഗ്നിശുദ്ധി വരുത്തിയത്?ശിവനോ ആ അമ്മയോ?

      അടുത്തത് മണ്ണിന്റെ കഥയാണ്.മണ്ണ് അമ്മയാണ് എന്നൊക്കെ പറഞ്ഞിട്ട് കഥ പോകുന്നത് കുണ്ടാമണ്ടിത്തരത്തിലേക്കാണ്.അതാണ് കഷ്ടം.ഇതൊരുതരം പുച്ഛിക്കലാണ്.പ്രേക്ഷകര് മണ്ടന്മാരാണ് എന്ന് കരുതിക്കൊണ്ടുള്ള സിനിമ എടുക്കലാണിത്. രുദ്ര രാമചന്ദ്രന് എന്ന ആര്മി ഓഫീസറായി ദുല്ക്കെറെത്തുന്നു.അയാളെ സ്നേഹിക്കുന്ന പെണ്കുട്ടിയും ബ്രിഗേഡിയര് സുന്ദരരാജന്റെ മകള് അക്ഷരയുമായി നേഹ ശര്മ എത്തുന്നു. ആരെങ്കിലും അക്ഷരയെ പെണ്ണുകാണാനെത്തിയാല് രുദ്ര ചെന്നത് മുടക്കും.അവനിട്ട് വേണ്ടിവന്നാല് പൊട്ടിക്കും.മകനെ നിയന്ത്രിക്കണമെന്ന് സുന്ദരരാജന് പലവട്ടം ആവശ്യപ്പെട്ടിട്ടും ഒന്നും സംഭവിക്കുന്നില്ല.നാസറാണ് രുദ്രയുടെ അച്ഛനായിട്ടഭിനയിക്കുന്നത്.സുഹാസിനി അമ്മയുമാകുന്നു. ഇവരൊന്നും പറഞ്ഞിട്ടും രുദ്ര തന്റെ പ്രണയത്തില് നിന്നും പിന്മാറാനൊരുക്കമല്ലായിരുന്നു.അങ്ങനെയിരിക്കെ ഒരിക്കല് അവള് പഠനത്തിനായി ആസ്ത്രേലിയയിലേക്ക് പോകുന്നു.പിന്നീടൊരിക്കലും നാല് വര്ഷത്തേക്ക് രുദ്രയ്ക്ക് അവളെ കാണാനാവുന്നില്ല.അങ്ങനെയിരിക്കെ ഒരുനാള് അക്ഷരയുടെ മുറച്ചെറുക്കന് തങ്ങളുടെ വിവാഹത്തിന് രുദ്രയെ ക്ഷണിച്ചു കൊണ്ട് കത്തയയ്ക്കുന്നു. സഹപ്രവര്ത്തകരുടെ നിര്ബന്ധത്തിന്ന് വഴങ്ങി അയാള് അക്ഷരയെ കാണാന് ചെല്ലുന്നു.എന്നിട്ടും അവള് പറയുന്നില്ല എന്താണ് ആ കാരണമെന്ന്.

      അവരുടെ വിവാഹത്തിന്റെ അന്നു രാത്രിയും രുദ്രനും സംഘവും അവിടെ എത്തുന്നു.കല്യാണച്ചെറുക്കനും രുദ്രനും തമ്മില് അടിയാകുന്നു.അവിടെ വച്ച് അക്ഷര പറയുന്നു. രുദ്രന്റെ അച്ഛനാണിതിനെല്ലാം കാരണമെന്ന്.രുദ്രനും കൂട്ടുകാരും അയാളുടെ വീട്ടിലെത്തുന്നു.എന്നാല് അച്ഛന് എന്നോടിത് ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന് രുദ്രന് അമ്മയോട് പറയുന്നു.വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്ക്ക് ശേഷം ഞാനും നിന്റെ അച്ഛനും വേര്പിരിയാന് തീരുമാനിച്ചതായിരുന്നു എന്ന് അമ്മ അവനോട് പറയുന്നു.പിന്നെ അത് വേണ്ടെന്ന് വച്ചത് നീ കാരണമായിരുന്നു എന്നാണവര് പറയുന്നത്.എന്താണിതിന്റെ അര്ത്ഥം എന്ന് പ്രേക്ഷകര്ക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.പിന്നീട് കൂട്ടുകാരോടൊപ്പം ചെന്ന് അക്ഷരയുടെ വിവാഹത്തില് രുദ്രന് പങ്കെടുക്കുന്നുണ്ട്.അവന് കല്യാണച്ചെറുക്കനെ നോക്കി കൈകൂപ്പുന്നു.അപ്പോഴും പ്രേക്ഷകര്ക്ക് ഒന്നും മനസ്സിലാകുന്നില്ല.അവിടെ സിനിമ തീരുന്നു.എന്തിനാണ് ഇങ്ങനെ ഒരു സിനിമ എന്ന് പ്രേക്ഷകര് ആലോചിച്ചിരുന്നു പോകും.