ഫോബ്‌സ് സമ്പന്നരുടെ പട്ടികയില്‍  മുകേഷ് അംബാനി വീണ്ടും മുന്നില്‍ ; ഈ നേട്ടം 10ാം തവണയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫോബ്‌സ് സമ്പന്നരുടെ പട്ടികയില്‍  മുകേഷ് അംബാനി വീണ്ടും മുന്നില്‍ ; ഈ നേട്ടം 10ാം തവണയും

ന്യൂഡല്‍ഹി: ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെങ്കിലും സമ്പന്നരുടെ വരുമാനത്തില്‍ വര്‍ധന. രാജ്യത്തെ 100 അതിസമ്പന്നരുടെ ആസ്തി 26 ശതമാനം വര്‍ധിച്ചു. ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ തുടര്‍ച്ചയായി 10ാം തവണയും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി തന്നെ.

പെട്രോളിയം, ഗ്യാസ്, ടെലികോം രംഗത്ത് അംബാനിക്ക് നിലവില്‍ 38 ബില്യന്‍ ഡോളര്‍ അഥവാ 2.47 ലക്ഷം കോടി രൂപയുടെ ആസ്തിയാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഉണ്ടാക്കിയ വര്‍ധന 15.3 ബില്യന്‍ ഡോളര്‍. ആസ്തിയിലെ വര്‍ധനയാവട്ടെ 67 ശതമാനം. സോഫ്റ്റ്‌വെയര്‍ രംഗത്തെ വിപ്രോയുടെ അസിം പ്രേംജിയാണ് 19 ബില്യന്‍ ഡോളറുമായി രണ്ടാം സ്ഥാനത്തുള്ളത്. ഇദ്ദേഹത്തിന്റെ ആസ്തിയില്‍ നാലു ബില്യന്‍ ഡോളറാണ് വര്‍ധന.

മൂന്നാം സ്ഥാനത്ത് ഹിന്ദുജ സഹോദരന്മാരും നാലാം സ്ഥാനത്ത് ലക്ഷ്മി മിത്തലുമാണ്. യഥാക്രമം 18.4 ബില്യന്‍ ഡോളറും 16.5 ബില്യന്‍ ഡോളറുമാണ് ഇവരുടെ ആസ്തി. ഹിന്ദുജ സഹോദരന്മാരുടെ ആസ്തിയില്‍ 3.2 ബില്യന്‍ ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതേ സമയം കഴിഞ്ഞവര്‍ഷം ദിലീപ് സാങ്‌വി 12.1 ബില്യന്‍ ഡോളറുമായി ഇത്തവണ ഒമ്പതാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

കഴിഞ്ഞ വര്‍ഷം 29ാം സ്ഥാനത്തുണ്ടായിരുന്ന മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനി ഇത്തവണ 3.15 ബില്യന്‍ ഡോളറിന്റെ ആസ്തിയുമായി 45ാം സ്ഥാനത്തേക്ക്. നേട്ടം കൊയ്തവരില്‍ മറ്റൊരു പ്രമുഖന്‍ പതഞ്ജലിയുടെ ആചാര്യ ബാലകൃഷ്ണയാണ്. ഇദ്ദേഹത്തിന് കഴിഞ്ഞവര്‍ഷം 48ാം സ്ഥാനമായിരുന്നു. ഇത്തവണ 19ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 43,000 കോടിയോളം രൂപയാണ് ബാലകൃഷ്ണയുടെ ആസ്തി.

പ്രമുഖ മലയാളി പ്രവാസി വ്യവസായി എം.എ. യൂസഫലി അഞ്ച് ബില്യന്‍ ഡോളറിന്റെ സ്വത്തുമായി 27ാം സ്ഥാനത്തും മറ്റൊരു പ്രവാസി വ്യവസായി ബി.ആര്‍. ഷെട്ടി 34ാം സ്ഥാനത്തുമുണ്ട്. ഇദ്ദേഹത്തിന്റെ തൊട്ടു പിറകിലുള്ളത് മറ്റൊരു മലയാളി രവി പിള്ളയാണ്. 3.8 ബില്യന്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം


LATEST NEWS