ഹിറ്റ്‌ലറുടെ നിധിശേഖരം ഇവിടെയുണ്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹിറ്റ്‌ലറുടെ നിധിശേഖരം ഇവിടെയുണ്ട്

രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികള്‍ കടത്തിയ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയെങ്കിലും ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം മുറുകുന്നു. നിധി കണ്ടെത്തിയതിനു പിന്നാലെ ഐസ്‌ലന്‍ഡ് സര്‍ക്കാരാണ് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്. യുകെ ആസ്ഥാനമായുള്ള അഡ്വാന്‍സ്ഡ് മറൈന്‍ സര്‍വീസസ്(എഎംഎസ്) എന്ന ഡൈവിങ് കൂട്ടായ്മയിലെ അംഗങ്ങള്‍ നടത്തിയ തിരിച്ചിലിലാണ് നിധിയടങ്ങിയ പെട്ടി കണ്ടെത്തിയത്. 

ഏകദേശം നാലു ടണ്ണോളം സ്വര്‍ണം ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 16.3 കോടി ഡോളര്‍ (1000 കോടിയിലേറെ രൂപ) മതിപ്പുവില വരുന്ന സ്വര്‍ണക്കട്ടികളും മറ്റുമാണ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്ന് നിധിവേട്ടക്കാര്‍ കണ്ടെത്തിയത്. മുങ്ങിപ്പോയ, നാസികളുടെ ചരക്കു കപ്പല്‍ എസ്എസ് മൈന്‍ഡെന്റെ മെയില്‍ റൂമില്‍ നിന്നായിരുന്നു പെട്ടി ലഭിച്ചത്. 

ഐസ്‌ലന്‍ഡ് തീരത്തു നിന്ന് ഏകദേശം 190 കിലോമീറ്റര്‍ തെക്കുകിഴക്കു മാറി 1939 സെപ്റ്റംബറിലാണ് ഈ കപ്പല്‍ മുങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് തെക്കേ അമേരിക്കന്‍ ബാങ്കുകളില്‍ നിന്നുള്ള സ്വര്‍ണം നാസി ജര്‍മനിയിലേക്കെത്തിക്കാന്‍ ഉപയോഗിച്ചിരുന്നത് ഈ കപ്പലാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. 

പക്ഷേ യാത്രയ്ക്കിടെ ഐസ്‌ലന്‍ഡിനു സമീപത്തു വച്ച് ബ്രിട്ടിഷ് നേവി വളഞ്ഞു. ഉന്നതങ്ങളില്‍ നിന്ന് നിര്‍ദേശം ലഭിച്ചതോടെ കപ്പല്‍ നാസികള്‍ തന്നെ മുക്കിക്കളയുകയായിരുന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ സ്വര്‍ണമുണ്ടെന്നത് വെറും ഊഹോപാഹം മാത്രമാണെന്നു പറഞ്ഞ് ബ്രിട്ടിഷുകാര്‍ ഉള്‍പ്പെടെ എസ്എസ് മൈന്‍ഡെനെ തള്ളിക്കളഞ്ഞു. ഇതിനിടെയാണ് നിധി കണ്ടെത്തുന്നതും, അവകാശവാദവുമായി നിരവധി രാഷ്ട്രങ്ങള്‍ എത്തുന്നതും. 

റഷ്യ, ജര്‍മനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക് കൂടാതെ ബാള്‍ടിക് കടലിന്റെ അടിത്തട്ടില്‍ വരെ നാസികളുടെ നിധിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ പോളണ്ടില്‍ നിധിശേഖരമുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.