അഭിപ്രായ സ്വാതന്ത്ര്യ സന്ദേശവുമായി നാടുചുറ്റാനൊരുങ്ങി ഡബിള്‍ ഡക്കര്‍ ബസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഭിപ്രായ സ്വാതന്ത്ര്യ സന്ദേശവുമായി നാടുചുറ്റാനൊരുങ്ങി ഡബിള്‍ ഡക്കര്‍ ബസ്

തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യ സന്ദേശവുമായി തലസ്ഥാനത്തിന്റെ സ്വന്തം ഡബിള്‍ ഡക്കര്‍ ബസ് ഇനി രണ്ടാഴ്ച നാടുചുറ്റും. സഞ്ചരിക്കുന്ന കലാപ്രദര്‍ശനശാലയായി രൂപംമാറിയാണ് ബസ് യാത്ര പുറപ്പെടുന്നത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് കോണ്‍കോഡിനോടനുബന്ധിച്ചുള്ള ആര്‍ട്ട് ഡീ ടൂറിന്റെ ഭാഗമായാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഡബിള്‍ ഡക്കര്‍ ബസ് സഞ്ചരിക്കുക.

ഇരുപതിലേറെ കലാകാരന്മാര്‍ നാടകം, നാടന്‍ പാട്ടുകള്‍, തല്‍സമയ ചിത്രരചന തുടങ്ങിയവയുമായി ഡബിള്‍ ഡക്കര്‍ ബസിനെ അനുഗമിക്കുന്നുണ്ട്. രണ്ടുനിലകളുള്ള ബസ് എയര്‍ കണ്ടീഷന്‍ ചെയ്താണ് കലാപ്രദര്‍ശനത്തിനായി തയ്യാറാക്കുന്നത്. ബസിനുള്ളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാകില്ല. സീറ്റുകള്‍ മുഴുവനും എടുത്തു മാറ്റിയ ബസിന്റെ രണ്ടു നിലയിലും പ്രദര്‍ശനമാണ് ഒരുക്കുന്നത്.

 താഴത്തെ നിലയില്‍ പ്രധാനപ്പെട്ട ഇന്‍സ്റ്റലേഷനാണ് സജ്ജീകരിക്കുന്നത്. മുകള്‍ നിലയില്‍ ഫോട്ടോകളും ചിത്രങ്ങളും ഹ്രസ്വചലനചിത്രങ്ങളുമെല്ലാമായി മള്‍ട്ടി മീഡിയ പ്രദര്‍ശനവും ഒരുക്കും. തിരുവനന്തപുരത്തെ ആര്‍ട്ടേരിയയുടെ ക്യൂറേറ്ററും ലളിതകലാ അക്കാദമി പുരസ്‌കാര ജേതാവുമായ ജി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് വാഹനം രൂപകല്‍പന ചെയ്ത് പ്രദര്‍ശനവും ഇന്‍സ്റ്റലേഷനും ഒരുക്കുന്നത്.

ഓരോ ജില്ലകളിലും നിശ്ചിത കേന്ദ്രങ്ങളില്‍ വാഹനം നിര്‍ത്തും. പ്രവേശനം സൗജന്യമാണ്. ഇതോടനുബന്ധിച്ച് അഭിപ്രായ സര്‍വ്വേ, ലൈവ് പെര്‍ഫോമന്‍സുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. 14ന് കാഞ്ഞങ്ങാടാണ് ആര്‍ട്ട് ഡീടൂര്‍ സമാപിക്കുക.