നിമിഷ സജയനെ കേന്ദ്ര കഥാപാത്രം; സ്റ്റാന്‍ഡ് അപ്പ് സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിമിഷ സജയനെ കേന്ദ്ര കഥാപാത്രം; സ്റ്റാന്‍ഡ് അപ്പ് സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

മാന്‍ഹോളിന് ശേഷം നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാക്കി വിധു വിന്‍സെന്‍റ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ്പ് സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരേ തൂവല്‍ പക്ഷികള്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വര്‍ക്കിയാണ്. ശ്രുതി ഫിലിപ്പും സയനോര ഫിലിപ്പും വര്‍ക്കിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബില്ലു പദ്മിനി നാരായണനും വര്‍ക്കിയും ചേര്‍ന്നാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

ബി.ഉണ്ണികൃഷ്ണന്റെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ നിമിഷക്ക് പുറമെ രജിഷ വിജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടോബിന്‍ തോമസാണ് ഛായാഗ്രഹണം. എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്റ്യന്‍. ശബ്ദ സംവിധാനം - രംഗനാഥ് രവി.

നിരവധി പുരസ്ക്കാരങ്ങള്‍ നേടിക്കൊടുത്ത മാന്‍ഹോള്‍ എന്ന തന്‍റെ ചിത്രത്തിനു ശേഷം വിധു വിന്‍സെന്‍റ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. മാന്‍ഹോളിന്‍റെ തിരകഥാക്കൃത്തായ ഉമേഷ് ഓമനക്കുട്ടന്‍ തന്നെയാണ് സ്റ്റാന്‍ഡ് അപ്പിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ദീര്‍ഘകാലമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിധു വിന്‍സെന്‍റ് 2016ല്‍ പുറത്തിറങ്ങിയ മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് കടന്ന് വരുന്നത്. ആ വര്‍ഷത്തെ അന്താരാഷ്ട ചലച്ചിത്രോല്‍സവത്തിന്‍റെ മല്‍സര വിഭാഗത്തില്‍ മാന്‍ഹോള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


LATEST NEWS