മഴ കൂടുതൽ ലഭിക്കാൻ ദൈവപ്രീതിക്കായി ബിഹാറിൽ  ആയിരകണക്കിന് തവളകളെ കൊന്നൊടുക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഴ കൂടുതൽ ലഭിക്കാൻ ദൈവപ്രീതിക്കായി ബിഹാറിൽ  ആയിരകണക്കിന് തവളകളെ കൊന്നൊടുക്കി

പാറ്റ്‌ന: ദൈവങ്ങളെ പ്രീതിപ്പെടുത്തിയാല്‍ മഴ ലഭിക്കും എന്നും വിശ്വാസത്തില്‍ ബിഹാറില്‍ ആയിരത്തോളം തവളകളെ കൊന്നൊടുക്കി. ബെന്‍ഗ് കുത്‌നി എന്ന ആചാരത്തിന്റെ ഭാഗമായാണ് കൂട്ടത്തോടെ തവളകളെ കൊന്നൊടുക്കുന്നത്. 

ഗയ, ജെഹനാബാദ്, ഓറംഗാബാദ്, നവാദ, അര്‍വാള്‍ എന്നീ ജില്ലകളിലാണ് വ്യാപകമായി തവളകളെ കൊന്നൊടുക്കിയത്. 42 ശതമാനത്തോളം മഴ കുറഞ്ഞതോടെയാണ് മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ തവളകളെ കൊന്നൊടുക്കിയത്.

ആചാരത്തിന്റെ ഭാഗമായി ഗ്രാമത്തിലെ സ്ത്രീകള്‍ ചെറിയ കുഴികള്‍ ഉണ്ടാക്കി അതില്‍ സമീപത്തെ കിണറില്‍നിന്നും ശേഖരിക്കുന്ന വെള്ളം നിറയ്ക്കും. പിന്നീടാണ് ജീവനോടെ തവളകളെ പിടികൂടുന്നത്. പിടികൂടിയ തവളകളെ  കുഴിയിലെ വെള്ളത്തില്‍ മുക്കുകയും അവയെ വടികൊണ്ട് അടിച്ച് കൊല്ലുകയും ചെയ്യും. ശേഷം ചത്ത തവളകളെ ഉപയോഗിച്ച് മാല ഉണ്ടാക്കി അത് ഒരാള്‍ കഴുത്തില്‍ അണിയുകയും  ഗ്രാമവാസികളെ ശകാരിക്കുകയും ചെയ്യും. എത്ര നന്നായി ശകാരിക്കുന്നോ അത്രയും അധികം മഴ ലഭിക്കും എന്നതാണ് വിശ്വാസം.

ബിഹാറില്‍ ഇത്തവണ 37 ജില്ലകളില്‍ 22 ജില്ലകളിലും 60 ശതമാനത്തോളം കുറവ് മഴയാണ് ലഭിച്ചത്. ആറ് ജില്ലകളില്‍ മാത്രമാണ് നല്ല മഴ ലഭിച്ചത്. കുറഞ്ഞ തോതില്‍ മഴ ലഭിക്കുന്നത് കൃഷിയെ ബാധിക്കും. ഇതുമൂലമാണ് മഴ ലഭിക്കാനായി പരമ്പരാഗത ആചാരങ്ങള്‍ കര്‍ഷകര്‍ പിന്‍തുടരുന്നത്.