കണ്ണിന് വേണം ‘വിഷ്വൽ ബ്രേക്ക് ’

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണ്ണിന് വേണം ‘വിഷ്വൽ ബ്രേക്ക് ’
നിങ്ങളുടെ കണ്ണുകള്‍ക്ക് 'വിഷ്വല്‍ ബ്രെയ്ക്' ആവശ്യമാണ്. ഇടവേളയില്ലാതെ കംപ്യൂട്ടറിനു മുന്നിൽ ജോലി ചെയ്യുമ്പോൾ കണ്ണുകള്‍ അടുത്തുള്ള വസ്തുവില്‍ മാത്രമേ ഫോക്കസ് ചെയ്യപ്പെടുന്നുള്ളു. അതുകൊണ്ട് ഇടയ്ക്ക് കുറച്ചുനേരം ദൂരെയുള്ള ഒരു വസ്തുവിലേക്ക് നോക്കണം. ഒരു മണിക്കൂറില്‍ അഞ്ച് മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
 
പച്ചപ്പുള്ള സ്ഥലത്തേയ്ക്ക് നോക്കുന്നത്, മനസിനെന്നതുപോലെ കണ്ണുകള്‍ക്കും കുളിർമ്മ പകരുന്നു. തുടര്‍ച്ചയായി കംപ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുമ്പോള്‍, ഇടയ്ക്ക് അല്‍പനേരം കണ്ണടച്ചിരിക്കുന്നതും കണ്ണിന്റെ ആയാസം കുറയ്ക്കും. വെറുതെ ഇമ ചിമ്മുന്നതു പോലും കണ്ണുകളുടെ 'ഡ്രൈനസ്' കുറയ്ക്കും.
 
ആവശ്യത്തിന് പ്രകാശമുളളിടത്ത് കംപ്യൂട്ടര്‍ വയ്ക്കുക. കംപ്യൂട്ടറില്‍ ഗ്ലെയര്‍ അടിക്കാതെയും ശ്രദ്ധിക്കണം. മോനിട്ടറില്‍ നിന്നും 20- 28 ഇഞ്ച് അകന്നിരിക്കുക. ഇടയ്ക്ക് തണുത്ത വെള്ളം കൊണ്ട് കണ്ണുകള്‍ കഴുകണം. കണ്ണുകള്‍ക്ക് ക്ഷീണം തോന്നുമ്പോള്‍, സീറ്റില്‍ നിവര്‍ന്നിരുന്ന ശേഷം ഉള്ളംകൈ രണ്ടും കൂട്ടിപ്പിടിച്ച് തിരുമ്മുക. കൈകളില്‍ ചൂട് അനഭവപ്പെടുമ്പോള്‍ ഉള്ളംകൈ കൊണ്ട് കണ്ണ് മെല്ലെ മൂടുക. ഒരു മിനിറ്റ് അങ്ങനെ ഇരിക്കുക. ഇങ്ങനെ ചെയ്താല്‍ കണ്ണുകളെ ക്ഷീണം കുറയും.
 
വൈകിട്ട് വീട്ടില്‍ വരുമ്പോള്‍, തണുപ്പിച്ച കട്ടന്‍ചായയില്‍ മുക്കിയ പഞ്ഞി കണ്ണുകള്‍ക്കു മുകളില്‍ വച്ച് 10 മിനിറ്റുനേരം വിശ്രമിക്കുന്നത് നല്ലതാണ്. അതുപോലെ, മുറിച്ച വെള്ളരിക്ക കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുന്നതും കണ്ണിന്റെ ക്ഷീണമകറ്റും. ക്യാരറ്റ്, ഇലക്കറികള്‍, മുട്ട, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് ഗുണപ്രദമാണ്.
 
കാഴ്ചക്കു മങ്ങല്‍, തലവേദന, കണ്ണുകള്‍ക്ക് അസ്വസ്ഥത, കംപ്യൂട്ടറില്‍ ജോലി ചെയ്തതിനു ശേഷം ദൂരെയുള്ള വസ്തുക്കളില്‍ നോക്കുമ്പോള്‍ ഫോക്കസ് ചെയ്യാന്‍ പ്രയാസം തോന്നുക തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. കമ്പ്യൂട്ടർ വ്യാപകമായതോടെ ഏറ്റവുമധികം പേര്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് 'ഡ്രൈ ഐ'.
 
കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് കണ്ണുനീര്‍. കണ്ണിന് ഈര്‍പ്പവും രോഗങ്ങളില്‍ നിന്ന് പ്രതിരോധവും നല്‍കുന്നതിനൊപ്പം കണ്‍പോളകള്‍ക്കിടയില്‍ ലൂബ്രിക്കന്റായും ഇത് പ്രവര്‍ത്തിക്കുന്നു. കാഴ്ച ആയാസരഹിതമാക്കുന്നതിനൊപ്പം കണ്ണുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന ഘടകവും കണ്ണുനീരാണ്. ചിലരുടെ കണ്ണുകളില്‍ ആവശ്യത്തിന് കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്നില്ല. ചിലര്‍ക്കാകട്ടെ കണ്ണുനീര്‍ പെട്ടെന്ന് ബാഷ്പീകരിച്ചു പോകുന്നു. ഇത്തരം അവസ്ഥയെയാണ് 'ഡ്രൈ ഐ' എന്നു പറയുന്നത്.
 
വരണ്ടതും പൊടിപിടിച്ചതും ശക്തമായ കാറ്റടിക്കുന്നതുമായ അന്തരീക്ഷം അല്ലെങ്കില്‍, എയര്‍കണ്ടീഷന്‍, കണ്ണുനീര്‍ത്തുള്ളിയുടെ അമിതമായ ബാഷ്പീകരണം എന്നിവയെല്ലാം ഡ്രൈ ഐക്ക് കാരണമാകാം.കമ്പ്യൂട്ടറിലേക്ക് അല്ലെങ്കില്‍, വീഡിയോ സ്‌ക്രീനിലേക്ക് തുടര്‍ച്ചയായി ഇമവെട്ടാതെ നോക്കിയിരിക്കുക, കണ്‍പോളകള്‍ക്ക് മുകളില്‍ അല്ലെങ്കില്‍ ചുറ്റുമുള്ള ത്വക്‌രോഗങ്ങള്‍,കണ്‍പോളകളിലുള്ള ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങൾ , പ്രതിരോധശക്തിക്ക് വരുന്ന വ്യതിയാനം ഇവയൊക്കെയാണ് ഡ്രൈ ഐയ്ക്ക് കാരണമാകുന്നത് .
 
കണ്ണില്‍ പുകച്ചില്‍ അല്ലെങ്കില്‍ വരണ്ട അവസ്ഥ അനുഭവപ്പെടുകയാണെങ്കില്‍ ഡ്രൈ ഐ ഉണ്ടെന്ന് മനസ്സിലാക്കാം. ഡ്രൈ ഐ കണ്ടുപിടിക്കാന്‍ വിവിധതരം ടെസ്റ്റുകള്‍ ഉണ്ട്. ഇത് ഡോക്ടറെ കണ്ട് ഡോക്ടറുടെ നിര്‍ദേശാനുസരണം ചെയ്യണം.