എലിപ്പനി; രോഗം പടര്‍ത്തുന്നവയില്‍ കന്നുകാലികള്‍ക്കും പ്രധാന പങ്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എലിപ്പനി; രോഗം പടര്‍ത്തുന്നവയില്‍ കന്നുകാലികള്‍ക്കും പ്രധാന പങ്ക്

കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നു.ഈ സാഹചര്യത്തില്‍ എലിയെ മാത്രം പേടിച്ചാല്‍ പോരെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍. എലിയെ പോലെ രോഗം പടര്‍ത്തുന്നവയില്‍ കന്നുകാലികള്‍ക്കും പ്രധാന പങ്കുണ്ടെന്നും അധികൃതര്‍ പറഞ്ഞു . പശുക്കളുടേയും കാളകളുടേയുമെല്ലാം മൂത്രത്തില്‍ നിന്ന് രോഗം പടരാന്‍ വലിയ സാധ്യതയുണ്ടെന്നും, അതുകൊണ്ടു തന്നെ പശുക്കളുടെ തൊഴുത്തുകള്‍ വൃത്തിയാക്കുന്നവര്‍ അടക്കം പ്രത്യേക സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: ടി.ജയകൃഷ്ണന്‍ പറഞ്ഞു .

കട്ടിയുള്ള ഗ്ലൗസും ഷൂസും ധരിച്ച് മാത്രം തൊഴുത്തും മറ്റും വൃത്തിയാക്കാന്‍ പോവുകയെന്നതാണ് ഏറെ സുരക്ഷിതം. പശു, പട്ടി, പന്നി എന്നിവയില്‍ നിന്നെല്ലാം രോഗം പടരും. പക്ഷെ മനുഷ്യനില്‍ നിന്ന് രോഗം പടരില്ല. കോഴിക്കോടാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് എന്നത് കൊണ്ട് വലിയ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.  

പ്രധാനമായും എലി, പശു, പട്ടി, പന്നി എന്നിവയുടെയെല്ലാം വൃക്കയില്‍ നിന്നും രോഗാണു മൂത്രത്തിലൂടെ പുറത്തേക്ക് വന്നാണ് മനുഷ്യ ശരീരത്തിലേക്ക് കയറുന്നത്. അത് ചെളിവെള്ളവുമായി കൂടുതല്‍ ബന്ധപ്പെടുന്നവരില്‍ പെട്ടെന്ന് ബാധിക്കുകയും ചെയ്യും. ഇവയെ മേയാന്‍ വിടുന്നയിടങ്ങളില്‍ നിന്നും രോഗം പടരാം. അതുകൊണ്ടു തന്നെ മണ്ണില്‍ പണിയെടുക്കുന്നവര്‍ അടക്കം പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളികള്‍ കഴിക്കേണ്ടത് അത്യാവശ്യമാണെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.കോഴിക്കോട് മാത്രം ഏഴ് പേരാണ് ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചത്. 200 ല്‍ ഏറെ പേര്‍ ചികിത്സയിലാണ്. 104 പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 


LATEST NEWS