തല നിറയെ ചിന്തകൾ എന്നവസ്ഥ തോന്നുന്നോ?  എന്നാൽ  അനാവശ്യ ചിന്തകള്‍ മാറ്റാന്‍ തോട്ട് സ്റ്റോപ്പ് ടെക്നോളജി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തല നിറയെ ചിന്തകൾ എന്നവസ്ഥ തോന്നുന്നോ?  എന്നാൽ   അനാവശ്യ ചിന്തകള്‍ മാറ്റാന്‍ തോട്ട് സ്റ്റോപ്പ് ടെക്നോളജി

ആധുനികമനുഷ്യനെ വേട്ടയാടുന്ന ഏറ്റവും വലിയ മാനസികപ്രശ്നമാണ് അനാവശ്യചിന്തകള്‍. ഭൗതികവളര്‍ച്ചയുടെ പരമകാഷ്ഠയിലെത്തിയെന്നു നാം അഭിമാനിക്കുമ്പോള്‍ത്തന്നെ ടെന്‍ഷന്‍കൊണ്ട് ആത്മാവ് നഷ്ടപ്പെട്ട ആധുനിക മനുഷ്യന്‍ നിഷേധചിന്തകളുടെ സമ്മര്‍ദത്താല്‍ നട്ടംതിരിഞ്ഞ് മദ്യത്തിലും സിഗരറ്റിലും കഞ്ചാവിലും മയക്കുമരുന്നിലും മനോഹരമായ പേരുകളില്‍ വിപണിയിലിറങ്ങുന്ന ട്രാന്‍ക്യുലൈസേഴ്സിന്‍റെ അഡിക്ഷനിലും വീണ് ജീവിതം നഷ്ടപ്പെടുന്നു. അനാവശ്യ ചിന്തകളുടെ ആധിക്യംകൊണ്ട് പൊറുതിമുട്ടിയ അനേകമാളുകള്‍ ഇന്നു മനഃശാസ്ത്ര സഹായം തേടിയെത്താറുണ്ട്. ഒരു ശാസ്ത്രജ്ഞനും മനുഷ്യന്‍റെ ചിന്തകളെ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല. കാരണം ചിന്തകള്‍ ഒരു മെറ്റീരിയല്‍ പാര്‍ട്ടിക്കിള്‍പോലെ ഒരു നിശ്ചിത സ്ഥലത്ത് അടങ്ങിയൊതുങ്ങിയിരിക്കുന്ന ഒരു വസ്തുവല്ല.

എന്നാല്‍ ചിന്തകളുടെ ക്വാണ്ടം മെക്കാനിക്സിനെക്കുറിച്ച് ഏറ്റവും ഫലപ്രദമായി പഠിക്കുന്ന ശാസ്ത്രം ആധുനിക മനഃശാസ്ത്രംതന്നെയാണ്. ചിന്തയെ കണ്‍ട്രോള്‍ ചെയ്യാനുള്ള സോഫ്റ്റ്വെയര്‍ ടെക്നോളജി ആധുനിക മനഃശാസ്ത്രത്തിന്‍റെ ഏറ്റവും വലിയ സംഭാവനയായിട്ടും അതിന്‍റെ പ്രയോജനം ഇന്നും സാധാരണമനുഷ്യരിലേക്ക് എത്താത്തതിനു കാരണം ബോധവത്കരണത്തിന്‍റെ അഭാവമാണ്. എന്‍റെ ചിന്തകള്‍ കാടുകയറുന്നു, എങ്ങനെയാണ് അനാവശ്യചിന്തകളെ നിയന്ത്രിക്കേണ്ടത്? എന്‍റെ മനസിന്‍റെ ചിന്തകള്‍ അപരിചിതത്വത്തിന്‍റെ മേഖലയിലേക്ക് ഭ്രാന്തമായ രീതിയില്‍ സഞ്ചരിക്കുന്നു. ഇത്തരം ചിന്തകളെ നിയന്ത്രിക്കാന്‍ ഒരു കുറുക്കുവഴി പറഞ്ഞുതരൂ എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന അനേകം ബുദ്ധിമാന്മാരും ബുദ്ധിമതികളുമായ ആളുകളെ കണ്‍സള്‍ട്ടേഷന്‍ വേളകളില്‍ നേരിട്ട് അഭിമുഖീകരിക്കേണ്ടിവരുന്നു. ഇത്തരം അനാവശ്യചിന്തകള്‍ക്ക് അടിമയാകുന്ന ആളുകള്‍ക്കു നല്ലവണ്ണം അറിയാം അവര്‍ ചിന്തിക്കുന്നതൊന്നും സംഭവിക്കുന്നതല്ലെന്ന്.

ഇത്തരം നിര്‍ബന്ധിത ചിന്തകളുടെ നിസാരതയെക്കുറിച്ച് അവര്‍ക്കു വേണ്ടത്ര ഉള്‍ക്കാഴ്ച ഉണ്ടായിരിക്കുമ്പോള്‍ത്തന്നെ അത് നിയന്ത്രിക്കേണ്ടതെങ്ങനെയാണെന്നുള്ളതാണ് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രശ്നം. ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ചിന്തിക്കാന്‍ മനസ് പ്രേരിപ്പിക്കുന്നത് സാത്താന്‍റെ സ്വാധീനംകൊണ്ടാണെന്നുവരെ ചിന്തിക്കുന്നവര്‍ വിരളമല്ല. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അനാവശ്യചിന്തകള്‍ കാരണം പുസ്തകം അടച്ചുവച്ചിട്ട് ഒരു രക്ഷപ്പെടല്‍ തന്ത്രം എന്ന നിലയ്ക്ക് ടിവിയുടെ മുന്നിലിരുന്ന് ടിവി അഡിക്ഷന് ഇരയാകുന്നവരും ഇന്‍റര്‍നെറ്റ് ബ്രൗസിംഗിന് അടിമയാകുന്നവരും അവരുടെ മാനസികപ്രശ്നങ്ങളെ അതിജീവിക്കാന്‍വേണ്ടി പരുക്കന്‍ യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്നവരാണ്.

പ്രാര്‍ഥിക്കാനിരിക്കുമ്പോള്‍പോലും അസഭ്യചിന്തകള്‍ നിര്‍ബന്ധിതമായി വരുന്നതിനാല്‍ കുറ്റബോധംകൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളവരെ വരെ മനഃശാസ്ത്ര ചികിത്സയിലൂടെ സഹായിക്കാന്‍ സാധിച്ചിട്ടുണ്ട്.

എന്തായാലും ടെന്‍ഷന്‍റെ ആധിക്യംകൊണ്ട് ചിന്തകള്‍ വളരെ അപകടകരമായ നിലയിലേക്കു നിര്‍ബന്ധിതമായി കടന്നുവരികയും അവയെ നിര്‍ബന്ധിതമായി നിയന്ത്രിക്കാന്‍ ശ്രമിക്കുന്തോറും അത് കൂടുതല്‍ ശക്തമായിവരികയും ചെയ്യുന്ന നിസാഹായാവസ്ഥയാണ് പല കേസുകളിലും ആത്മഹത്യാ ചിന്തകളില്‍വരെ കൊണ്ടെത്തിക്കുന്നത്.

കുറേ വര്‍ഷം മുന്‍പ് നിര്‍ബന്ധിത ചിന്തകളുടെ വിഷാദലോകത്തേക്ക് വഴുതിപ്പോയി അവസാനം പല ചികിത്സകളും ചെയ്ത ശേഷം ഒടുവില്‍ കൊഗിനിറ്റീവ് ബിഹേവിയര്‍ തെറാപ്പി ലഭിക്കുന്നതിനായി എ്നെ സമീപിച്ച ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനിയറുടെ കഥ ഞാനിവിടെ ഓര്‍ക്കുകയാണ്. താന്‍ കിടക്കുന്ന മുറിയില്‍ മുകളിലേക്ക് നോക്കിയാല്‍ നേരിട്ടു കാണുന്ന ഫാനില്‍ താന്‍ തൂങ്ങിമരിക്കുമോ എന്ന നിര്‍ബന്ധിത ചിന്ത അയാളെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അലട്ടിക്കൊണ്ടിരുന്നു.അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം ചിന്തകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്തോറും ചിന്തകള്‍ കൂടിവരുന്നതു കാരണം റൂം ലോക്ക് ചെയ്ത് കോട്ടയത്തെ തന്‍റെ വീട്ടില്‍ വന്ന് പിതാവിനെയും കൂട്ടിക്കൊണ്ടുപോയി കൂടെ താമസിപ്പിക്കുന്നത് പതിവായി. ചിന്തകള്‍ കാരണം ഒറ്റയ്ക്കു കിടക്കാനും ഉറങ്ങാനും പേടി. കോട്ടയത്തുനിന്ന് മദ്രാസ് മെയിലില്‍ കയറി യാത്രചെയ്യുമ്പോള്‍ ട്രെയിനില്‍നിന്ന് താന്‍ ചാടിക്കളയുമോ എന്ന അനാവശ്യചിന്ത ആവര്‍ത്തിച്ചാവര്‍ത്തിച്ച് വന്നിരുന്നതുകൊണ്ട് ഒറ്റയ്ക്കു യാത്രചെയ്യാന്‍ ഭയം. വീട്ടില്‍ വന്നാല്‍ അമ്മയുടെ കൂടെ അടുക്കളയില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ പിച്ചാന്തി കണ്ടാല്‍ അതെടുത്ത് പ്രയോഗിച്ചുകളയുമോ എന്ന ഭയചിന്തയാല്‍ അതെടുത്ത് കബോര്‍ഡില്‍ വച്ച് അടയ്ക്കുന്ന സ്വഭാവം. ഇവയൊക്കെ ആ സമര്‍ഥനായ ചെറുപ്പക്കാരന്‍റെ സ്വസ്ഥത കെടുത്തി. ഇതൊന്നും താന്‍ ചെയ്യാന്‍പോകുന്നില്ലെന്ന് അയാള്‍ക്ക് നല്ലവണ്ണം അറിയാമെങ്കിലും ആവര്‍ത്തിച്ചുള്ള ചിന്തകളുടെ ഘോഷയാത്ര കാരണം വിചിത്രമായ ഈ മനോനിലയെ അയാള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നു.

മറ്റെല്ലാ ചികിത്സകളും എടുത്ത ശേഷമാണ് ഒടുവില്‍ മരുന്നില്ലാത്ത ബിഹേവിയര്‍ തെറാപ്പി ചികിത്സയ്ക്കായി എന്‍റെ അടുക്കല്‍ വന്നത്. ഒബ്സസീവ് കമ്പള്‍സീവ് ന്യൂറോസിസ് എന്ന് മനഃശാസ്ത്രജ്ഞന്മാര്‍ വിളിക്കുന്ന ഈ മാനസികരോഗത്തെ ബിഹേവിയര്‍ തെറാപ്പിയിലെ തോട്ട് സ്റ്റോപ് ടെക്നോളജി, റിലാക്സേഷന്‍ ടെക്നോളജി, ബയോഫീഡ്ബാക്ക് ടെക്നോളജി എന്നിവയിലൂടെ യാതൊരു മരുന്നുമില്ലാതെ ഫലപ്രദമായി സൗഖ്യപ്പെടുത്താന്‍ കഴിഞ്ഞു. ഇന്ന് അയാള്‍ മാനസികാരോഗ്യം വീണ്ടെടുത്ത് പോസിറ്റീവ് തിങ്കിംഗിന്‍റെ വക്താവായി ചെന്നൈയില്‍ സന്തോഷമായി ജീവിക്കുന്നു.

എഴുതിയത് 

ഡോ.ജോസഫ് ഐസക്,

(റിട്ട. അസിസ്റ്റന്‍റ് പ്രഫസര്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജി, മെഡിക്കല്‍ കോളജ്)