തൊടുപുഴ നഗരസഭാ എല്‍ഡിഎഫ് പിടിച്ചെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൊടുപുഴ നഗരസഭാ എല്‍ഡിഎഫ് പിടിച്ചെടുത്തു

ഇടുക്കി: തൊടുപുഴ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. ചെയര്‍പേഴ്സണായി മിനി മധു തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ മിനി മധു ചെയര്‍പേഴ്‌‌സണായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ടുകള്‍ കിട്ടിയതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫ് വിജയിച്ചത്. 

യുഡിഎഫ് ധാരണപ്രകാരം മുസ്ലീം ലീഗിലെ സഫിയ ജബ്ബാര്‍ രാജിവെച്ച ഒഴിവിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ യുഡിഎഫിലുണ്ടായ ധാരണയനുസരിച്ച്‌ വൈസ് ചെയര്‍മാന്‍ ഇന്ന് സ്ഥാനമൊഴിയേണ്ടതായിരുന്നു. ഇതേച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തിന് കോണ്‍ഗ്രസ് വിമതന്‍ എം കെ ഷാഹുല്‍ ഹമീദ് അവകാശവാദം ഉന്നയിച്ചിരുന്നു.

ആദ്യഘട്ട വോട്ടെടുപ്പില്‍ മിനി മധുവിന് 13 ഉം യു.ഡി.എഫിലെ ജെസി ആന്റണിയ്ക്ക് 14ഉം ബി.ജെ.പിയിലെ ബിന്ദു പത്മകുമാറിന് എട്ട് വോട്ടും ലഭിച്ചു. രണ്ടാം ഘട്ടത്തില്‍ നടന്ന വോട്ടെടുപ്പില്‍ വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍നായരുടെ വോട്ട് അസാധുവായി. ഇതോടെ മിനി മധുവിനും ജെസിക്കും 13 വോട്ടുകള്‍ വീതം ലഭിച്ചു. ബി.ജെ.പി അംഗങ്ങളും വോട്ട് അസാധുവാക്കി. തുടര്‍ന്ന് നറുക്കെടുപ്പിലാണ് മിനി മധുവിനെ ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തത്. നഗരസഭയിലെ 25ആം വാര്‍ഡ് കൗണ്‍സിലറാണ് മിനി മധു.


LATEST NEWS