പാർട്ടി വിരുദ്ധനടപടികൾക്ക് അനിൽ ശർമ്മയെ ബിജെപിയിൽ നിന്ന് പുറത്താക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാർട്ടി വിരുദ്ധനടപടികൾക്ക് അനിൽ ശർമ്മയെ ബിജെപിയിൽ നിന്ന് പുറത്താക്കി

 ഹിമാചൽ പ്രദേശ്: മുൻ ഊർജമന്ത്രി അനിൽ ശർമ്മയെ ബിജെപിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധനടപടികളെ തുടർന്നാണ് പുറത്താക്കലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് അനിൽ ശർമ്മയുടെ അച്ഛനും മകനും ബിജെപി വിട്ട് കോൺഗ്രസിൽ ചേരുകയും മകൻ ആശ്രയ് ശർമ്മ കോൺഗ്രസ് ടിക്കറ്റിൽ മാണ്ഡി മണ്ഡലത്തിൽ മത്സരിക്കുകയും ചെയ്തിരുന്നു. മകൻ സ്ഥാനാർത്ഥിയായതിനെ തുടർന്ന് മാണ്ഡിയിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാൻ അനിൽ ശർമ്മ തയ്യാറായിരുന്നില്ല. ഇത് ബിജെപി നേതൃത്വത്തിനിടയിൽ കടുത്ത അതൃപ്തിക്കിടയാക്കിയിരുന്നു. 
 പാർട്ടിയിൽ ഇതേച്ചൊല്ലി പ്രശ്‌നങ്ങൾ രൂക്ഷമാകുകയും മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ തന്നെ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തതോടെ അനിൽ ശർമ്മ മന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു. മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും പാർട്ടി അംഗത്വവും എംഎൽഎ സ്ഥാനവും ഒഴിഞ്ഞിരുന്നില്ല. ബിജെപി സർക്കാരിനെ പരസ്യവിമർശനങ്ങളുമായി അനിൽ ശർമ്മ രംഗത്തെത്തിയതോടെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. മുൻ കേന്ദ്രമന്ത്രി കൂടിയായ അച്ഛൻ സുഖ്‌റാമിനൊപ്പം 2017 ലാണ് കോൺഗ്രസ് വിട്ട് അനിൽ ശർമ്മ ബിജെപിയിലെത്തിയത്. 


LATEST NEWS