അസാധു നോട്ടുകള്‍ മാറ്റി വാങ്ങാന്‍  ഇനി   അവസരം  നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അസാധു നോട്ടുകള്‍ മാറ്റി വാങ്ങാന്‍  ഇനി   അവസരം  നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ മാറ്റി വാങ്ങാന്‍  ഇനി ഒരു അവസരം കൂടി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇനിയും സമയം അനുവദിച്ചാല്‍ നോട്ട് പിന്‍വലിക്കലിന്റെ ഉദ്ദേശം തന്നെ നഷ്ടപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മതിയായ കാരണങ്ങള്‍ ധരിപ്പിക്കുന്നവര്‍ക്ക് നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ജൂലൈ നാലിന് ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നോട്ട് നിരോധന സമയത്ത് റദ്ദാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടിനല്‍കുന്നത് സംബന്ധിച്ച് പുന:പരിശോധന വേണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച വിവരം രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാറിനും റിസര്‍വ് ബാങ്കിനും സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

 ഒരാള്‍ ചെയ്യാത്ത തെറ്റിന്റെ പേരില്‍ അയാളുടെ പണം ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന് സുപ്രിം കോടതി സര്‍ക്കാറിനോട് അഭിപ്രായപ്പെട്ടു. ന്യായമായ രീതിയില്‍ സമ്പാദിച്ച പണം ന്യായമായ കാരണങ്ങളാല്‍ ഒരാള്‍ക്ക് പറഞ്ഞ സമയത്തിനുള്ളില്‍ മാറ്റിവാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ആ പണം ഏറ്റെടുക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും സുപ്രിം കോടതി പറഞ്ഞു. . ഈ ഉത്തരവ് പുന:പരിശോധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞിരുന്നു.  കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500,1000 രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വന്നത്.