ആള്‍കൂട്ട കൊല: പെഹ്‌ലു ഖാനെ അടിച്ചുകൊന്ന കേസില്‍ ആറ് പ്രതികളേയും വെറുതെ വിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആള്‍കൂട്ട കൊല: പെഹ്‌ലു ഖാനെ അടിച്ചുകൊന്ന കേസില്‍ ആറ് പ്രതികളേയും വെറുതെ വിട്ടു

ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ പെഹ്ലു ഖാന്‍ എന്നയാളെ ആള്‍കൂട്ടം മര്‍ദ്ദിച്ചുകൊന്ന കേസില്‍ ആറു പ്രതികളേയും വെറുതെവിട്ടു. ആള്‍വാര്‍ കോടതിയിലേതാണ് വിധി. കേസിലെ പ്രതികളില്‍ ആറു പേരെ ആള്‍വാര്‍ കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ ജുവനൈല്‍ കോടതിയിലുമാണ് വിചാരണ ചെയ്തത്.

പ്രതികളെ വെറുതെ വിട്ടതായി പ്രഹ്ലു ഖാന്റെ കുടുംബത്തിന് നിയമ സഹായം നല്‍കിയിരുന്ന ഖാസിം ഖാന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട വിഡിയോയുടേയും മറ്റ് തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, കുല്‍റാം, ദയാറാം,യോഗേഷ് കുമാര്‍, ഭീം റാഠി എന്നിവരായിരുന്നു കേസിലെ പ്രതികളായിരുന്നത്.

പെഹ്ലു ഖാനെ അടിച്ചു അവശനാക്കുന്ന ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു. 

2017 എപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. പെഹ്‌ലുഖാനെ ആള്‍ക്കൂട്ടം അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.

ജയ്പുരിലെ ചന്തയില്‍ നിന്ന് വാങ്ങിയ കന്നുകാലികളെ ഹരിയാനയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദേശീയ പാതയില്‍ തടഞ്ഞ് നിര്‍ത്തി പെഹ്‌ലുഖാനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വെച്ച്‌ ഇയാള്‍ മരിക്കുകയും ചെയ്തു.