തെലുങ്കാനയില്‍ ബസ് അപകടം; മരണം 52 ആയി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തെലുങ്കാനയില്‍ ബസ് അപകടം; മരണം 52 ആയി

തെലങ്കാനയിലെ ജഗിറ്റൽ ജില്ലയിൽ ബസ്​ കൊക്കയിലേക്ക്​ മറിഞ്ഞ്​ അഞ്ച്​ കുട്ടികളുൾപ്പെടെ 52 പേർ ​മരിച്ചു. സംഭവത്തില്‍ 32 ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സമീപത്തെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. 62 തീർഥാടകർ തെലങ്കാന സർക്കാരിന്റെ ബസിൽ ഉണ്ടായിരുന്നു.

ബസി​​ന്റെ ബ്രേക്ക്​ നഷ്​ടപ്പെട്ടതാണ്​ അപകടകാരണം. അഞ്ച്​ കുട്ടികളും 32 സ്​ത്രീകളം 15 പുരുഷൻമാരുമാണ്​ മരിച്ചത്​. മരിച്ച 10 പേരുടെ മൃതദേഹം കണ്ടെടുത്തു. പരിക്കേറ്റവരെ സമീപ​ത്തെ ആശുപത്രിയിലേക്ക്​ മാറ്റി. അപകടം നടന്നയുടൻ പ്രദേശവാസികളാണ്​ രക്ഷാപ്രവർത്തനവുമായി രംഗത്തെത്തിയത്​. 

നിയന്ത്രണം വിട്ട ബസ് മലയ്ക്കു സമീപത്തെ അവസാനത്തെ വളവിൽ നിന്ന് കൊക്കയിലേക്കു മറിയുകയായിരുന്നു . നാലു തവണ കരണം മറിഞ്ഞ ശേഷമാണ് ബസ് കൊക്കയിൽ വീണത്. ജാഗിട്യാൽ ജില്ലാ എസ്പി സിന്ധു ശർമ, ജില്ലാ കലക്ടർ ശരത് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. അപകടത്തിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക്​ സർക്കാർ അഞ്ചു ലക്ഷം രൂപ താത്​കാലികാശ്വാസം പ്രഖ്യാപിച്ചു.