കുടിവെള്ള ക്ഷാമം നേരിട്ട ചെന്നൈയ്ക്ക് കുടിവെള്ളമെത്തിച്ചിരുന്ന ‘വാട്ടര്‍ ട്രെയിന്‍’ സര്‍വ്വീസ് അവസാനിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുടിവെള്ള ക്ഷാമം നേരിട്ട ചെന്നൈയ്ക്ക് കുടിവെള്ളമെത്തിച്ചിരുന്ന ‘വാട്ടര്‍ ട്രെയിന്‍’ സര്‍വ്വീസ് അവസാനിപ്പിച്ചു

വെല്ലൂര്‍ : വരള്‍ച്ചയില്‍ വലഞ്ഞ ചെന്നൈയ്ക്ക് കുടിവെള്ളമെത്തിച്ചിരുന്ന 'വാട്ടര്‍ ട്രെയിന്‍' സര്‍വ്വീസ് നിര്‍ത്തി. ജൂലൈ മാസം ആരംഭിച്ച സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസാണ് ഇന്നലെ അവസാനമായി ഓടിയത്. കടുത്ത കുടിവെള്ള ക്ഷാമം നേരിട്ട തമിഴ്നാട്ടിലെ ചെന്നൈയുടെ ജീവനാഡിയായിരുന്നു ഈ വാട്ടര്‍ ട്രെയിന്‍. ജൂലൈ 12 മുതല്‍ 159 സര്‍വ്വീസാണ് വാട്ടര്‍ ട്രെയിന്‍ നടത്തിയത്. ചെന്നൈ മൈട്രോവാട്ടറായിരുന്നു കുടിവെള്ളവുമായി ട്രെയിന്‍ സര്‍വ്വീസ് നടത്തിയതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഭൂഗര്‍ഭ ജലത്തിന്‍റെ തോത് വര്‍ധിച്ചതും കൃഷ്ണ നദിയില്‍ നിന്നുള്ള ജല ലഭ്യതയും വര്‍ധിച്ചതാണ് കുടിവെള്ള ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തുന്നതിന് കാരണമെന്ന് ചെന്നൈ മെട്രോ വാട്ടര്‍ സര്‍വ്വീസ് അധികൃതര്‍ വ്യക്തമാക്കി.

ജൂലൈയില്‍ ആരംഭിച്ച ആദ്യ സര്‍വ്വീസില്‍ 25 ലക്ഷം ലിറ്റര്‍ വെള്ളമാണ് പര്‍സാംപേട്ടയില്‍ നിന്ന് ചെന്നൈയിലേക്ക് എത്തിച്ചത്. പര്‍സാംപേട്ടയില്‍ നിന്ന് 3.5 കിലോമീറ്റര്‍ അകലെയുള്ള മേട്ടുസക്കരകുപ്പത്ത് നിന്നായിരുന്നു ഇത്രയും വെള്ളമെത്തിച്ചത്. പ്രത്യേക പൈപ്പ് ലൈനുകള്‍ ഉപയോഗിച്ചായിരുന്നു പര്‍സാംപേട്ടയിലെ റെയില്‍വേ യാര്‍ഡിലേക്ക് വെള്ളമെത്തിച്ചത്. ഒരു സര്‍വ്വീസില്‍ 50 വാഗണുകളായിരുന്നു അടങ്ങിയിരുന്നത്. ഓരോ വാഗണിലും 50000 ലിറ്റര്‍ വെള്ളമാണ് ചെന്നൈയിലേക്ക് എത്തിയത്. ജൂലൈ 12 മുതല്‍ ഓരോ ദിവസവും 4 സര്‍വ്വീസുകളാണ് ഇത്തരത്തില്‍ നടത്തിയിരുന്നത്. ഒരോ സര്‍വ്വീസിനും 8.67 ലക്ഷം രൂപയായിരുന്നു ചെലവുവന്നിരുന്നത്. വരള്‍ച്ച രൂക്ഷമായതോടെ ആറുമാസത്തേക്ക് ഓരോദിവസവും 10 മില്യണ്‍ ലിറ്റര്‍ വീതം കുടിവെള്ളമെത്തിക്കാന്‍ 65 കോടി രൂപയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രഖ്യാപിച്ചത്.


LATEST NEWS