നീലച്ചടയന്‍ കഞ്ചാവ് വീട്ട് വളപ്പിൽ വളർത്തിയ വയോധികൻ അറസ്റ്റിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീലച്ചടയന്‍ കഞ്ചാവ് വീട്ട് വളപ്പിൽ വളർത്തിയ വയോധികൻ അറസ്റ്റിൽ

അടിമാലി: അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡില്‍ വീട്ടുവളപ്പില്‍ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. സംഭവത്തിൽ ഒരാളെ അറസ്​റ്റ്​ ചെയ്​തു. ഇരുമ്പുപാലം ചില്ലിത്തോട് കോളനിയില്‍ കാട്ടാഞ്ചേരി കുഞ്ഞുമോന്‍ (അയ്യപ്പന്‍കുട്ടി 56) ആണ് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്മെന്റ്​ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും ആറ്​ അടിയിലേറെ ഉയരമുളള അഞ്ച്​ കഞ്ചാവ് ചെടികളാണ് സംഘം പിടികൂടിയത്.

വിളവെടുത്താല്‍ വന്‍തുക ലഭിക്കുന്ന നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട കഞ്ചാവാണ് ഇത്. ജനവാസകേന്ദ്രത്തിലെ പുരയിടത്തില്‍ അതീവ രഹസ്യമായിട്ടാണ് കഞ്ചാവ് ചെടികള്‍  വളര്‍ത്തിയിരുന്നത്. നല്ല വളവും വെളളവും നല്‍കിയിരുന്നതിനാല്‍ ചെടിക്ക് നല്ല കരുത്തും ഉണ്ടായിരുന്നു. കഴിഞ്ഞമാസം ശല്യാംപാറയില്‍ നിന്നും എക്‌സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. 

ഇതോടെ ജില്ലയിലെ വിവിധ മേഖലകളില്‍ കഞ്ചാവ് ചെടിയുടെ വ്യാപനം ഉണ്ടായിട്ടുണ്ടെന്നും ജില്ലയില്‍ കഞ്ചാവ് അത്യുത്പാദനത്തോടെ വളരുമെന്നതുമാണ് ഇവയുടെ കൃഷി വീണ്ടും സജീവമാകാന്‍ ഇടയാക്കിയിരിക്കുന്നത്. മറയൂര്‍, മാങ്കുളം, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ ചില അവികസിത മേഖലയിലും മതികെട്ടാന്‍, ശോല നാഷണല്‍ പാര്‍ക്ക് തുടങ്ങിയ സംരക്ഷിത വനമേഖലയിലും കഞ്ചാവ് കൃഷിയുണ്ടെന്നാണ് വിവരം.

അതോടൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് ഇടുക്കിയിലേക്ക് ഇറക്കുമതിയും ചെയ്യുന്നുണ്ട്. ലോകവിപണിയില്‍ ഇടുക്കി കഞ്ചാവി​​ന്റെ ഡിമാൻറ്​ ഉയര്‍ന്ന് നില്‍ക്കുന്നതാണ് ഇതിന് കാരണം. യുവാക്കളും വിദ്യാർഥികളുമാണ് കഞ്ചാവ് കടത്തുന്നത്. ഈ സാഹചര്യത്തില്‍ ചെക്കുപോസ്റ്റുകളിലും മറ്റും പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമാണ്.\


LATEST NEWS