പ്രളയം: തകർന്ന 69 സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോഴിക്കോട് കളക്ടർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയം: തകർന്ന 69 സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോഴിക്കോട് കളക്ടർ

കോഴിക്കോട്: പ്രളയക്കെടുതിയില്‍ തകര്‍ന്ന 69 സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോഴിക്കോട് ജില്ലാകലക്ടര്‍. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായ ശേഷം മാത്രമേ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. 

കോഴിക്കോട് കോര്‍പ്പറേഷന്‍, കുരുവട്ടൂര്‍, ഒളവണ്ണ, കടലുണ്ടി, നന്മണ്ട, തലക്കുളത്തൂര്‍, കാക്കൂര്‍, കായക്കൊടി, വേളം, ചങ്ങരോത്ത്, ചോറോട്, അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, തിരുവള്ളൂര്‍, കാരശ്ശേരി, മാവൂര്‍, കൂരാച്ചുണ്ട്, ഉള്ള്യേരി, ബാലുശ്ശേരി, വില്യാപള്ളി, എടച്ചേരി, നടുവണ്ണൂര്‍, പനങ്ങാട്, ഓമശ്ശേരി, ചക്കിട്ടപ്പാറ എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് 69 സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കി കളക്ടര്‍ ഉത്തരവ്  പുറപ്പെടുവിച്ചത്. എയ്ഡഡ് സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അതത് സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. പ്രത്യക്ഷത്തില്‍ കേടുപാടുകള്‍ കാണുന്നില്ലെങ്കിലും ഭാവിയില്‍ വിള്ളല്‍ വീഴാന്‍ സാധ്യതയുള്ള സ്‌കൂളുകളും പരിശോധിച്ച്  പ്രവൃത്തി നടത്തണം. 
നേരത്തെ എല്ലാ സ്‌കൂളുകളുടെയും ഫിറ്റിനസ് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി എല്‍എസ്‌ജിഡി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയിരുന്നു. 

രണ്ടു ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ദുരന്തനിവാരണ നിയമം സെക്ഷന്‍ 56 പ്രകാരം നടപടിയെടുക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.  സ്വകാര്യ വ്യക്തികളുടെ മരങ്ങളോ കെട്ടിടമോ വസ്തുക്കളോ സ്‌കൂളിന് അപകടഭീഷണിയുയര്‍ത്തുന്നുണ്ടെങ്കില്‍ അവ ഒഴിവാക്കേണ്ട ഉത്തരവാദിത്തം അതത് സ്വകാര്യവ്യക്തികള്‍ക്കാണ്. ഇതു സംബന്ധിച്ച പ്രവൃത്തികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയായില്ലെങ്കില്‍ അവര്‍ക്കെതിരെയും ദുരന്തനിവാരണ വകുപ്പുപ്രകാരം നടപടിയെടുക്കും.
 


LATEST NEWS