കന്യാസ്ത്രീകളുടെ സമരം: സഭയേയും ബിഷപ്പുമാരേയും അധിക്ഷേപിക്കാന്‍ നീക്കം നടക്കുന്നു; സമരം അതിരുകടന്നുവെന്ന്‍ കെസിബിസി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കന്യാസ്ത്രീകളുടെ സമരം: സഭയേയും ബിഷപ്പുമാരേയും അധിക്ഷേപിക്കാന്‍ നീക്കം നടക്കുന്നു; സമരം അതിരുകടന്നുവെന്ന്‍ കെസിബിസി

കൊച്ചി: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ കെസിബിസി. സമരം അതിരുകടന്നുവെന്നും കത്തോലിക്കാ സഭയേയും ബിഷപ്പുമാരേയും അധിക്ഷേപിക്കാന്‍ നീക്കം നടക്കുന്നു. സമ്മര്‍ദത്തിന് വഴങ്ങാതെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കെസിബിസി( കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍) വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. 

കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കെസിബിസി കുറ്റപ്പെടുത്തി. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി നീതി നടപ്പാക്കണമെന്നും, കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് സഭയുടെ നിലപാടെന്നും കെസിബിസി വ്യക്തമാക്കി. 

നിയമവാഴ്ച നടക്കണം, മാധ്യമങ്ങളുടെ സമാന്തര അന്വേഷണവും വിചാരണയുമല്ല വേണ്ടത്. സഭ ആരെയും വിധിക്കുന്നില്ല, നീതീകരിക്കുന്നുമില്ലെന്നും ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു

പീഡനത്തിനിരയായ കന്യാസ്ത്രീയുടെയും ആരോപണ വിധേയനായ ബിഷപ്പിന്റെയും വേദന ഒരുപോലെ ആണ് കാണുന്നതെന്നാണ് കെസിബിസിയുടെ നിലപാട്. അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ഏതെങ്കിലും ഒരു പക്ഷത്തിന്റെ ഒപ്പം നില്‍ക്കാന്‍ സാധ്യമല്ലെന്നും കെസിബിസി വ്യക്തമാക്കി.

അതേസമയം, ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡനപരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. എഴുപത്തേഴ് ദിവസം പൊലീസ് അന്വേഷിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. നിലവിലെ അന്വേഷണം പ്രഹസനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴ ചാരുംമൂട് സ്വദേശി വി.രാജേന്ദ്രന്‍ ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
 


LATEST NEWS