നിയമ പരിരക്ഷ ഉറപ്പാക്കി ശരണബാല്യം പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിയമ പരിരക്ഷ ഉറപ്പാക്കി ശരണബാല്യം പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ബാലവേല-ബാലഭിക്ഷാടന-തെരുവു ബാല്യ വിമുക്ത കേരളത്തിനും കുട്ടികള്‍ക്കെതിരായ എല്ലാവിധ ചൂഷണങ്ങളും അവസാനിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ശരണ ബാല്യം പദ്ധതി നിയമ പരിരക്ഷ ഉറപ്പുവരുത്തി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തിലുണ്ടായ നിയമപരമായ അപാകതകള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് സാമൂഹ്യനീതി വകുപ്പ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രാരംഭ പദ്ധതിയായതിനാല്‍ നിലവിലുണ്ടായ ഫണ്ടിന്റെ അപര്യാപ്തത ഉടന്‍ പരിഹരിക്കുന്നതാണ്. മൂന്ന് വര്‍ഷത്തിനകം തെരുവിലലയുന്ന ബാല്യം ഉണ്ടാകാത്ത സാഹചര്യമൊരുക്കുന്ന കര്‍മ്മ പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഈ കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും കൊണ്ടു വന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കാന്‍ കഴിയാതെ വന്നു. ഡി.എന്‍.എ. ടെസ്റ്റിലൂടെ മാത്രമേ കുട്ടികളുടെ യഥാര്‍ത്ഥ രക്ഷകര്‍ത്താക്കളെ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. ബാലാവകാശ നിയമമനുസരിച്ച് കുട്ടികളെ കടത്തി കൊണ്ടുവരുന്നവര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കൂടാതെ കുട്ടികളുടെ ആധാറും എടുത്തിട്ടില്ല. അവരുടെ ആധാര്‍ എടുത്താല്‍ മാത്രമേ മുമ്പ് എവിടെയെങ്കിലും ആധാര്‍ എടുത്തിട്ടുണ്ടോ എന്നും ഭാവിയില്‍ വേറെയെവിടെയെങ്കിലും കണ്ടെത്തിയാല്‍ തിരിച്ചറിയാനും സാധിക്കൂ. ഈ പോരായ്മകള്‍ പരിഹരിച്ചു കൊണ്ട് ശരണബാല്യം പദ്ധതി ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

2016 നവംബര്‍ മാസത്തില്‍ പത്തനംതിട്ട ജില്ലയിലാണ് ഈ പദ്ധതി പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്. 2017 ഡിസംബര്‍ മാസത്തില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം തുടങ്ങിയ 4 ജില്ലകളില്‍ ഈ പദ്ധതി വ്യാപിപ്പിച്ചു. വനിതാശിശുവികസന വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഒരു ജില്ലയില്‍ 6 റെസ്‌ക്യൂ ഓഫീസര്‍മാര്‍ വീതം 4 ജില്ലകളിലായി 24 റെസ്‌ക്യൂ ഓഫീസര്‍മാരാണുള്ളത്. ഈ പദ്ധതി പ്രകാരം 38 കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. രക്ഷപ്പെടുത്തിയ കുട്ടികളെ സംബന്ധിച്ചുള്ള നിയമ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്.