വെള്ളക്കെട്ട്; ആലപ്പുഴ- ചങ്ങനാശേരി റോഡിൽ മൂന്നാം ദിവസവും ഗതാഗതം തടസ്സപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെള്ളക്കെട്ട്; ആലപ്പുഴ- ചങ്ങനാശേരി റോഡിൽ മൂന്നാം ദിവസവും ഗതാഗതം തടസ്സപ്പെട്ടു

ആലപ്പുഴ: വെള്ളക്കെട്ടിനെ തുടർന്ന് ആലപ്പുഴ- ചങ്ങനാശേരി റോഡിൽ മൂന്നാം ദിവസവും ഗതാഗതം തടസ്സപ്പെട്ടു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും റോഡിലെ വെള്ളക്കെട്ട് പലയിടത്തും തുടരുകയാണ്. പ്രദേശത്ത് കെഎസ്ആർടിസി ബസ് ഉൾപ്പെടെ സർവ്വീസ് ഭാ​ഗീകമായി നിർത്തിവച്ചിരിക്കുകയാണ്.

കോട്ടയത്തിന്‍റെ കിഴക്കൻ മേഖലകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് എസി കനാൽ കവിഞ്ഞ് റോഡിലൂടെ ഒഴുകുന്നത്. ഒന്നാം കര, കിടങ്ങറ, രണ്ടാംപാലം എന്നിവിടങ്ങളിൽ റോഡിലെ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. വെള്ളം കയറിയതോടെ എസി കോളനിയിലെ പലരും ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും താമസം മാറ്റി. മറ്റു ചിലർ ഇപ്പോഴും വെള്ളത്തിൽ തന്നെ കഴിയുകയാണ്. ആലപ്പുഴയിൽ നിന്ന് കെഎസ്ആർടിസി മങ്കൊമ്പ് വരെ സർവ്വീസ് നടത്തുന്നുണ്ട്. കുമരകം വഴി കോട്ടയത്തേക്കുള്ള സർവ്വീസുകളും കെഎസ്ആർടിസി പുനരാരംഭിച്ചു.

അപ്പർകുട്ടനാട്ടിലെ സ്ഥിതിയും മോശമാണ്. വെള്ളക്കെട്ട് മൂലം അപ്പർകുട്ടനാട്ടിലെ വിവിധയിടങ്ങളിലെ വീടുകൾ വെള്ളത്തിലാണ്. എടത്വ, നിരണം, തലവടി തുടങ്ങിയ പഞ്ചായത്തുകളിലെ വീടുകളാണ് വെള്ളത്തിലായിരിക്കുന്നത്. പമ്പ, അച്ചൻകോവിൽ, മണിമലയാറുകളിൽ ജലനിരപ്പ് താഴ്ന്നാൽ മാത്രമേ അപ്പർകുട്ടനാട്ടിൽ നിന്ന് വെള്ളമിറങ്ങുകയുള്ളു. ഇടവിട്ട് പെയ്യുന്ന മഴയും വെള്ളക്കെട്ട് തുടരാൻ കാരണമാകുന്നുണ്ട്. വെള്ളമിറങ്ങി എപ്പോൾ വീടുകളിലേക്ക് മടങ്ങാനാകുമെന്ന ആശങ്കയോടെ ക്യാമ്പുകളിൽ കഴിയുകയാണ് മിക്കവരും.