പത്ത് ലക്ഷം രൂപ മുതല്‍ മുടക്കുള്ള കമ്പനിക്ക് 2500 കോടിയുടെ ശബരി വിമാനത്താവള പദ്ധതി ; പിന്തുണയുമായി ഇടതു സര്‍ക്കാര്‍ ; കളമൊരുങ്ങുന്നത് കോടികളുടെ അഴിമതിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പത്ത് ലക്ഷം രൂപ മുതല്‍ മുടക്കുള്ള കമ്പനിക്ക് 2500 കോടിയുടെ ശബരി വിമാനത്താവള പദ്ധതി ; പിന്തുണയുമായി ഇടതു സര്‍ക്കാര്‍ ; കളമൊരുങ്ങുന്നത് കോടികളുടെ അഴിമതിക്ക്

തിരുവനന്തപുരം :  ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് മധ്യകേരളത്തില്‍ ആരംഭിക്കുന്ന ശബരി വിമാനത്താവള പദ്ധതിക്കായി രംഗത്തെത്തിയിരിക്കുന്നത് തട്ടിക്കൂട്ട് കമ്പനി. വെറും പത്തു ലക്ഷം രൂപ മാത്രം മുതല്‍മുടക്ക് കാണിച്ചിരിക്കുന്ന കമ്പനിയാണ് 2500 കോടിയുടെ വിമാനത്താവള പദ്ധതിക്കായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിന് ഇടതു സര്‍ക്കാരും പിന്തുണയുമായി എത്തിയതോടെ കോടികളുടെ അഴിമതിക്കാണ് കളമൊരുങ്ങുന്നത് എന്നുറപ്പായി.

ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസോസ്സിയേഷന്റെ 'ഇന്‍ഡോ ഹെറിട്ടേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ്' ആണ് വിമാനത്താവളത്തിനായി സാധ്യത പഠനം പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ച് കാത്തിരിക്കുന്നത്. മാധ്യമങ്ങളിലും വന്‍ വാര്‍ത്ത നല്‍കി നിക്ഷേപകരെ ആകര്‍ഷിക്കുന്നത് വന്‍ തട്ടിപ്പു ലക്ഷ്യമിട്ടു തന്നെയാണ്. 

സംസ്ഥാനത്തെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ വന്‍ വാര്‍ത്താ പ്രാധാന്യത്തോടെയാണ് ഇതു സംബന്ധിച്ച വാര്‍ത്ത നല്‍കിയത്. ഇതു കാട്ടി കമ്പനിയുടെ മാനേജിങ് ഡയറക്ട്ടര്‍ രാജീവ് ജോസഫ് നിക്ഷേപകരില്‍ നിന്ന് പണം പിരിക്കലും ആരംഭിച്ചതായാണ് വിവരം. ഇതിനായി 'ഇന്‍ഡോ ഹെറിട്ടേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരില്‍ തട്ടിക്കൂട്ട് കമ്പനിയും രൂപീകരിച്ചു.

2500 കോടിയുടെ വിമാനത്താവള പദ്ധതിയ്ക്ക് വേണ്ടി രംഗത്തുള്ള 'ഇന്‍ഡോ ഹെറിട്ടേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂലധന ആസ്തി വെറും 10 ലക്ഷം മാത്രമാണെന്ന് വ്യക്തമാകുമ്പോഴാണ് തട്ടിപ്പിന്റെ മുന്നൊരുക്കങ്ങള്‍ വ്യക്തമാകുന്നത്. ഇതിനായി വിവിധയിടങ്ങളില്‍ ഓഫീസും തുറന്നു. ഡല്‍ഹിയിലെയും, കൊച്ചിയിലെയും മറ്റും അഡ്രസ്സുകളാണ് ഇതിനായി നല്‍കിയിരിക്കുന്നത്.

കമ്പനിയുടെ മാനേജിങ് ഡയറക്ടറായ രാജീവിന്റെ പ്രവര്‍ത്തനങ്ങളിലും ഏറെ ദുരൂഹതയുണ്ട്. ഇന്റര്‍ നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് ഗവണ്‍മെന്റിന്റെ ഗ്‌ളോബല്‍ ചെയര്‍മാന്‍, ഗ്‌ളോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്, ഡല്‍ഹി മലയാള സമാജത്തിന്റെ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നതുമായാണ് രാജീവ് ജോസഫ് അവകാശപ്പെടുന്നത്.

സ്വന്തമായി ഒരു ഫേസ്ബുക്ക് പേജു വെച്ചു മാത്രമാണ് രാജീവ് ജോസഫ് വിമാനത്താവളം സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമുണ്ടെന്നും രാജീവ് ജോസഫ് അവകാശപ്പെടുന്നു. ഇടയ്ക്ക് സുഭാഷ് ചന്ദ്രബോസിന്റെ പിന്‍ഗാമിയാണെന്ന അവകാശവാദവുമായും ഇയാള്‍ രംഗത്തെത്തിയിരുന്നു.

ഇതിനുടെ മാധ്യമരംഗത്ത് സജീവമാകാന്‍ കേരള എക്‌സ്പ്രസ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമവും, രാജീവ് ജോസഫ് ആരംഭിച്ചു. ഇതിലൂടെയും വിമാനത്താവളം സംബന്ധിച്ച് വാര്‍ത്തകള്‍ പരമാവധി പ്രചരിപ്പിക്കുകയാണ് രാജീവ് ജോസഫ്. ഇതിന് ബലം നല്‍കാനായി സംസ്ഥാന മന്ത്രിമാരുടെയും, ഉന്നത രാഷ്ട്രീയ നേതാക്കളുടെയും, ഉദ്യോഗസ്ഥരുടെയും ഒപ്പമുള്ള ചിത്രങ്ങളും ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ട്.

 


വിമാനത്താവളവുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍
 

 

 

 


LATEST NEWS