പെരുമഴയില്‍ പൊതുമരാമത്തു വകുപ്പിനുണ്ടായത് 2611 കോടിരൂപയുടെ നഷ്ടം; മന്ത്രി ജി സുധാകരൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പെരുമഴയില്‍ പൊതുമരാമത്തു വകുപ്പിനുണ്ടായത് 2611 കോടിരൂപയുടെ നഷ്ടം; മന്ത്രി ജി സുധാകരൻ

തിരുവനന്തപുരം: പെരുമഴയില്‍ പൊതുമരാമത്തു വകുപ്പിനുണ്ടായത് 2611 കോടിരൂപയുടെ നഷ്ടം. റോഡുകള്‍ തകര്‍ന്ന് 2000 കോടിയുടെ നഷ്ടമാണുണ്ടായത്. ടാറിങ് ജോലികള്‍ ഒഴികെയുള്ള അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞതായി റിപ്പോർട്ട്. പാടം തരിശിട്ടതാണ് എ.സി റോഡ് വെള്ളത്തിലാകാന്‍ കാരണമെന്നുപറഞ്ഞ മന്ത്രി പാടശേഖരസമിതികളെ രൂക്ഷമായി വിമര്‍ശിച്ചു.

ആകെ പൊതുമരാമത്തു വകുപ്പിനുണ്ടായ നഷ്ടം 2611 കോടി. 1600 കിലോമീറ്റര്‍ റോഡ് തകര്‍ന്ന് 2000 കോടിയും 308 കിലോമീറ്റര്‍ ദേശീയപാത തകര്‍ന്ന് 450 കോടിയും നഷ്ടമായി. 80 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കുണ്ടായ നാശനഷ്ടം പരിഹരിക്കാന്‍ 2 കോടിവേണം. 88 പാലങ്ങള്‍ക്ക് തകരാറുണ്ടായി. അറ്റകുറ്റപ്പണിക്ക് 159 കോടിവേണം. രണ്ട് പാലങ്ങള്‍ ഒലിച്ചുപോയി. മലപ്പുറം പാലാങ്കരയില്‍ രണ്ടായി പിളര്‍ന്നുമാറിയ പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കേണ്ടിവരും. ദേശീയപാതയില്‍ മാത്രമാണ് ഗതാഗതനിരോധനം നിലവിലുള്ളത്. ദേശീയപാതയിലുണ്ടായ നാശനഷ്ടങ്ങളില്‍ 90 ശതമാനവും ഇടുക്കി, വയനാട് ജില്ലകളിലാണെന്നും മന്ത്രി.

ടാറിങ്, കോണ്‍ക്രീറ്റിങ് ജോലികള്‍ മഴമാറാതെ തുടങ്ങാനാവില്ല. കൈവരികള്‍ നന്നാക്കുന്നതടക്കമുള്ള മറ്റ് അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തും. പാല പാലങ്ങളുടെയും തകരാര്‍ പരിഹരിച്ചുകഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. എ.സി റോഡില്‍ വെള്ളംകയറാന്‍ കാരണം രണ്ടാം കൃഷി ചെയ്യാതെ പാടശേഖരം തരിശിട്ടതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.