ന്യൂനമര്‍ദ്ദം ശക്തമാകുന്നു; കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യത

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ന്യൂനമര്‍ദ്ദം ശക്തമാകുന്നു; കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിയ്ക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം ശക്തമായി നിലനില്‍ക്കുന്നുവെന്നും തീരത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മൂന്നു മീറ്റര്‍ ഉയരത്തില്‍ തിരമാല ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പും കൂടാതെ അടുത്ത 48 മണിക്കൂറില്‍ കേരളാ തീരത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നു.ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്നു.

തിരുവനന്തപുരത്തുനിന്ന് 390 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറന്‍ മേഖലയിലാണ് തീവ്ര ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. ഇപ്പോഴത്തെ സാഹചര്യം അടിയന്തിരമായി വിലയിരുത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

കടല്‍ പ്രക്ഷുബ്ധമാണെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്.